പുഴയില്‍ കുതിച്ച് മുന്നേറാം; കണ്ണൂരിന്റെ വിനോദസഞ്ചാരമേഖലക്ക് പുതിയ അനുഭവങ്ങള്‍ പകരാന്‍ കണ്ണൂരില്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ 24ന് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 21 April 2022

പുഴയില്‍ കുതിച്ച് മുന്നേറാം; കണ്ണൂരിന്റെ വിനോദസഞ്ചാരമേഖലക്ക് പുതിയ അനുഭവങ്ങള്‍ പകരാന്‍ കണ്ണൂരില്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ 24ന്


കണ്ണൂരിന്റെ വിനോദസഞ്ചാരമേഖലക്ക് പുതിയ അനുഭവങ്ങള്‍ പകരാന്‍ കണ്ണൂരില്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 24 ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കയാക്കത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് കെ വി സുമേഷ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പറശ്ശിനിക്കടവ് മുതല്‍ അഴീക്കല്‍ പോര്‍ട്ട് വരെ 11 കി.മീ നീളത്തിലാണ് കയാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.
സിംഗിള്‍ കയാക്കിംഗ്, ഡബിള്‍ കയാക്കിങ്, എന്നീ വിഭാഗങ്ങളിലാണ് മത്സരം. സിംഗിള്‍ കയാക്കുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം മത്സരം ഉണ്ടാകും. ഡബിള്‍ കയാക്കുകളില്‍ പുരുഷന്മാര്‍, സ്ത്രീകള്‍ എന്നീ വിഭാഗത്തിലും പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന മിക്സഡ് വിഭാഗത്തിലും പ്രത്യേകം മത്സരം ഉണ്ടാകും. ഒന്നാമതെത്തുന്ന ടീമിന് 50,000 രൂപയും രണ്ടാമതെത്തുന്ന ടീമിന് 30,000 രൂപയും സമ്മാനമായി ലഭിക്കും. വ്യക്തിഗത മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് 25000രൂപയും രണ്ടാം സ്ഥാനത്തിന് 15000 രൂപയുമാണ് സമ്മാനത്തുക. സമ്മാനദാനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ നിര്‍വഹിക്കും.
ഗ്രാമസൗന്ദര്യം ആസ്വദിക്കാനും കണ്ടല്‍ സമൃദ്ധി കണ്ടറിയാനും കയാക്കിംഗിലൂടെ സാധിക്കും. വളപട്ടണം റയില്‍വേ പാലത്തിനു കീഴിലൂടെയുള്ള യാത്ര, ചെറുതോണികളിലൂടെയുള്ള മീന്‍ പിടുത്തം, തുരുത്തുകള്‍ തുടങ്ങി വ്യത്യസ്തമായ കാഴ്ചാനുഭവങ്ങളാണ് കയാക്കത്തോണ്‍ സമ്മാനിക്കുക. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്നാട്,ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളും ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകും. മത്സരാര്‍ഥികളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി കോസ്റ്റല്‍ പൊലീസ്, വിവിധ കരകളില്‍ ആംബുലന്‍സ് സൗകര്യം, ബോട്ടുകളില്‍ മെഡിക്കല്‍ സംഘം, കുടിവെള്ളം, ഫയര്‍ ഫോഴ്‌സിന്റെ സ്‌ക്യൂബാ ടീം, ആവശ്യമായ കുടിവെള്ളം, റിഫ്രഷ്മെന്റുകള്‍ എന്നിവയും ഉറപ്പാക്കും. ജനപ്രതിനിധികളുടെയും ഡിടിപിസി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കയാക്കത്തോണിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. കെ വി സുമേഷ് എം എല്‍ എ ചെയര്‍മാനും ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ജനറല്‍ കണ്‍വീനറുമായ സംഘാടകസമിതിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ടൂറിസം കലണ്ടറിന്റെ ഭാഗമായി എല്ലാ മാസവും പുതുമയാര്‍ന്ന കലാ-കായികവിനോദ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും. മെയ് ആദ്യവാരം ദേശീയ ചൂണ്ടയിടല്‍ മത്സരം കോട്ടക്കീല്‍ പുഴയോരത്ത് നടത്തും. പി ആര്‍ ഡി ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെ വി സുമേഷ് എം എല്‍ എ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog