രണ്ടാം പിണറായി മന്ത്രിസഭ : ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ഏപ്രിൽ മൂന്നിന് കണ്ണൂരിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 27 March 2022

രണ്ടാം പിണറായി മന്ത്രിസഭ : ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ഏപ്രിൽ മൂന്നിന് കണ്ണൂരിൽ

സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷം 
ഉദ്ഘാടനം ഏപ്രിൽ മൂന്നിന് കണ്ണൂരിൽ

സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ മൂന്ന് ഞായറാഴ്ച കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കണ്ണൂർ പോലീസ് മൈതാനിയിൽ ഏപ്രിൽ മൂന്ന് മുതൽ 14 വരെ നടക്കുന്ന 'എന്റെ കേരളം' മെഗാ എക്‌സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷനാവും. മറ്റ് മന്ത്രിമാരും എംപിമാരും എംഎൽഎമാരും ജനപ്രതിനിധികളും സംബന്ധിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടക്കുന്ന പ്രദർശന വിപണന മേളകൾക്കാണ് കണ്ണൂരിൽ തുടക്കമാവുക. ഇരുനൂറോളം സ്റ്റാളുകളിലായി വിവിധ സർക്കാർ വകുപ്പുകൾ, ബോർഡുകൾ, കോർപറേഷനുകൾ, സർക്കാർ ഫാമുകൾ, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ യൂനിറ്റുകൾ, കൈത്തറി സംഘങ്ങൾ എന്നിവ മേളയുടെ ഭാഗമാവും. സർക്കാറിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്കായി ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനൊപ്പം ഉത്പന്നങ്ങളെ പരിചയപ്പെടുത്തുകയും വിപണനം നടത്തുകയും ചെയ്യും. 
കേരളത്തിന്റെ തനത് കാഴ്ചകൾ ആവിഷ്‌ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ 'കേരളത്തെ അറിയാം' തീം പവലിയൻ, വ്യവസായ വകുപ്പിന്റെ വിപണന മേളകൾ, കേരളത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയുടെ സ്വപ്‌നസാധ്യതകളും അണിനിരത്തുന്ന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ 'എന്റെ കേരളം' തീം പവലിയൻ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെയും സ്റ്റാളുകൾ അടങ്ങിയ ടെക്‌നോളജി പവലിയൻ, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ തുറന്ന പവലിയൻ എന്നിവ മേളയുടെ സവിശേഷതകളാണ്. കൈത്തറി ഉൽപ്പന്നങ്ങളുമായി കൈത്തറി സംഘങ്ങളും മേളയിൽ അണിനിരക്കും. കുടുംബശ്രീ മിഷൻ, കെടിഡിസി, കണ്ണൂർ സെൻട്രൽ ജയിൽ, സാഫ്, മിൽമ, ദിനേശ് ഫുഡ്‌സ്, ഇന്ത്യൻ കോഫി ഹൗസ് എന്നിവയുടെ ഫുഡ് കോർട്ടുകളുണ്ടാവും. എല്ലാ ദിവസവും കലാ സാംസ്‌കാരിക സന്ധ്യയും അരങ്ങേറും.
തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചെയർമാനും ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog