കൃഷി, പരിസ്ഥിതി, വിനോദ സഞ്ചാരം, സ്ത്രീ സംരക്ഷണം എന്നിവക്ക് ഊന്നൽ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അവതരിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 26 March 2022

കൃഷി, പരിസ്ഥിതി, വിനോദ സഞ്ചാരം, സ്ത്രീ സംരക്ഷണം എന്നിവക്ക് ഊന്നൽ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അവതരിപ്പിച്ചു

കണ്ണൂർ: കൃഷി, പരിസ്ഥിതി, വിനോദ സഞ്ചാരം, സ്ത്രീ സംരക്ഷണം എന്നിവക്ക് ഊന്നൽ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അവതരിപ്പിച്ചു. ആകെ 1558943604 രൂപ ചെലവും 37935072 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 2022-23 വാർഷിക പദ്ധതി ചെലവുകൾക്ക് എട്ട് കോടി രൂപ തനത് ഫണ്ടും എസ്റ്റാബ്ലിഷ്മെന്റ് ചെലവുകൾക്ക് 57750000 രൂപയും മറ്റ് ഭരണ ചെലവുകൾക്ക് 7850000 രൂപയും സംരക്ഷണവും നടത്തിപ്പു ചെലവുകൾക്ക് 5150000 രൂപയും ബജറ്റിൽ വകയിരുത്തി. പ്രതിസന്ധികൾക്കിടയിൽ കാർഷിക മേഖലക്ക് പ്രതീക്ഷ നൽകിക്കൊണ്ടുള്ള പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ സർക്കാറിന്റെയും നബാർഡിന്റെയും സഹായത്തോടെ ആധുനിക സംഭരണ ശാലയും മൂല്യവർധിത ഉല്പന്ന നിർമ്മാണ പ്ലാന്റും സ്ഥാപിക്കുന്നതിന് അഞ്ച് കോടി രൂപ.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ കൃഷിത്തോട്ടം തളിപ്പറമ്പ്, സ്റ്റേറ്റ് സീഡ് ഫാം കാങ്കോൽ, വേങ്ങാട്, കോക്കനട്ട് നഴ്സറി പാലയാട്, കൊമ്മേരി ഗോട്ട് ഫാം എന്നിവിടങ്ങളിൽ, ആധുനിക കാർഷിക യന്ത്രങ്ങൾ, നടീൽ വസ്തുകൾ, വിത്ത്, വളം, ജൈവ കീടനാശിനികൾ എന്നിവ കർഷകർക്ക് ന്യായ വിലക്ക് ലഭ്യമാക്കുന്ന ആഗ്രോ ടെക് ഷോപ്പി സെന്റർ സ്ഥാപിക്കുന്നതിന് ഒന്നര കോടി രൂപ. കാർഷിക ഉല്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താവിലേക്ക് എത്തിക്കുന്നതിന് ഓൺലൈൻ വിതരണ ശൃംഖല ഒരുക്കാൻ 15 ലക്ഷം രൂപ. പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി-ചിറ്റാരി.
തെങ്ങ്, റബ്ബർ തുടങ്ങിയ നാണ്യവിളകളുടെ ഉല്പാദന ക്ഷമത വർധിപ്പിക്കുന്നതിനും ലാഭകരമാക്കുന്നതിനും നൂതന കാർഷിക യന്ത്രോപകരണങ്ങളുടെ-മെക്കനൈസ്ഡ് റബ്ബർ റോളർ, സ്പ്രേയർ, കൊയ്ത്തു യന്ത്രങ്ങൾ, ബ്രഷ് കട്ടർ, മിനി ടില്ലർ, ഗാർഡൻ ടിച്ചർ, തെങ്ങ്കയറ്റ് യന്ത്രം- വിതരണത്തിനും പരിശീലനത്തിനുമായി ഒരു കോടി രൂപ.

തേൻ ഗ്രാമങ്ങളുടെ വ്യാപനം, തേൻ സംസ്‌കരണം എന്നിവക്ക് ഹോർട്ടി കോർപ്പ് സഹായത്തോടെ 25 ലക്ഷം രൂപയുടെ പദ്ധതി.

പൂന്തോട്ട നഴ്സറി യൂനിറ്റുകൾക്കും പുഷ്പകൃഷിക്കുമായി കുടുംബശ്രീ ഗ്രൂപ്പുകൾക്ക് സഹായം. ചെണ്ടുമല്ലി, വാടാർമല്ലി , സൂര്യകാന്തി, കുറ്റിമുല്ല, അലങ്കാര ചെടികൾ തുടങ്ങി കൃഷി പ്രോത്സാഹനത്തിന് 20 ലക്ഷം രൂപ.

കരിമ്പം ജില്ലാകൃഷിത്തോട്ടത്തെ ഫാം ടൂറിസം ഹബ്ബാക്കാൻ 10 കോടി രൂപ.
ഫ്ളവർ ഷോ, മാങ്കോ മ്യൂസിയം, വാക്കിംഗ് വേ, ഫുഡ് കോർട്ട്, ആംഫി തിയേറ്റർ തുടങ്ങിയവ ഒരുക്കും.

സംയോജിത കൃഷി പ്രോത്സാഹിപ്പിക്കാൻ യുവാക്കളും പ്രവാസികളുമായ സംരംഭകർക്ക് ഇന്റൻസീവ് ഫാമിംഗ് പദ്ധതി നടപ്പാക്കുന്നതിന് 20 ലക്ഷം രൂപ.

മണ്ണ് ജല സംരക്ഷണത്തിനും തോടുകളുടെ വീണ്ടെടുപ്പിനുമായി ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുമായി സഹകരിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളുടെ സാദ്ധ്യതകൾ ഉപയോഗിച്ച് വാട്ടർ ഷെഡ് പദ്ധതികൾ. രാമപുരം പുഴയുടെ ഡിപിആർ തയ്യാറാക്കും

കാർബൺ ന്യൂട്രൽ ജില്ല പദ്ധതിയുടെ ഭാഗമായി ലിറ്റിൽ ഫോറസ്റ്റ് ചലഞ്ച് തുടരും. സൈക്കിൾ ഉപയോഗം വർദ്ധിപ്പിക്കാൻ സഹകരണ ബാങ്കുകളുമായി ചേർന്ന് കുറഞ്ഞ പലിശ നിരക്കിൽ സൈക്കിൾ വാങ്ങുന്നതിന് വായ്പ.

വന്യമൃഗ സംഘർഷ മേഖലകളിൽ സോളാർ ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നതിന് ഗ്രാമ പഞ്ചായത്തുകൾക്ക് ധനസഹായം നൽകുന്നതിന് 50 ലക്ഷം രൂപ. വിധവ/ഭിന്ന ശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് മുൻഗണന.

കേടുവന്ന തെങ്ങുകൾ മുറിച്ച് മാറ്റി പുതിയ തെങ്ങിൻ തൈകൾ വിതരണം ചെയ്ത് തെങ്ങിൻകൃഷി വ്യാപിപ്പിക്കുന്നതിന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുമായി സഹകരിച്ച് കേരരക്ഷ പദ്ധതിക്കായി 20 ലക്ഷം രൂപ.

പാലിൽ നിന്നും മൂല്യവർധിത ഉല്പന്ന നിർമാണ യൂനിറ്റ് ആരംഭിക്കാൻ ക്ഷീര സംഘങ്ങൾക്ക് സഹായമായി 50 ലക്ഷം രൂപ

മാംസോത്പാദനത്തിൽ ജില്ലയെ സ്വയംപര്യാപ്തതമാക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ബ്രഹ്മഗിരി സൊസൈറ്റിയുമായി ചേർന്ന് സംരംഭങ്ങൾ ആരംഭിക്കുന്നതിന് 20 ലക്ഷം രൂപ. വിധവ/ഭിന്ന ശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് മുൻഗണന.

പാലക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിൽ ആധുനിക മത്സ്യമാർക്കറ്റിന് 50 ലക്ഷം രൂപ.

ഉൾനാടൻ മത്സ്യകൃഷി വ്യാപിക്കുന്നതിനും പരമ്പരാഗത മത്സ്യങ്ങളെ സംരക്ഷിക്കുന്നതിനും പുഴയുടെ ജൈവ ഘടന വീണ്ടെടുക്കുന്നതിനും ഒരു ലക്ഷം മത്സ്യകുഞ്ഞുങ്ങളെ പുഴയിൽ നിക്ഷേപിക്കുന്നതിനുമായി 10 ലക്ഷം രൂപ.

മത്സ്യസംസ്‌കരണത്തിനും മൂല്യവർധിത ഉല്പന്ന നിർമ്മാണത്തിനും മത്സ്യഫെഡുമായി ചേർന്ന് 30 ലക്ഷം രൂപയുടെ പദ്ധതി.

വിദ്യാർഥികളിൽ ബഹുഭാഷ പ്രാവീണ്യം, നിയമ പരിജ്ഞാനം, നൈപുണ്യ പരിശീലനം, പരിസ്ഥിതി പഠനം , സാമൂഹിക പ്രതിബദ്ധത, കായിക ശേഷി തുടങ്ങിയവ വികസിപ്പിക്കുന്നതിന് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഊന്നൽ. എസ് എസ് എൽ സി, പ്ലസ് ടു, വിഎച്ച് എസ് ഇ പരീക്ഷകളിൽ ഗുണമേൻമയുള്ള സമ്പൂർണ വിജയം ലക്ഷ്യമിട്ട് പദ്ധതി.

സർക്കാർ സ്‌കൂളുകളിൽ മികച്ച ലാബ്, ലൈബ്രറി, ഡൈനിംഗ് ഹാളുകൾ, ആധുനിക ഫർണ്ണിച്ചറുകൾ, ക്ലാസ് മുറികൾ തുടങ്ങിയവ നിർമിക്കുന്നതിന് നബാർഡ് സഹായത്തോടെ പത്ത് കോടി രൂപയുടെ പദ്ധതികൾ.
 
കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും ആധുനിക രീതിയിൽ പരിശീലിപ്പിക്കുന്നതിനും വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ പേരിൽ പായം ഗ്രാമ പഞ്ചായത്തിൽ സ്പോർട്സ് വില്ലേജ് സ്ഥാപിക്കാൻ അഞ്ച് കോടി രൂപ.

വിദ്യാർഥികളുടെയും യുവതീ യുവാക്കളുടെയും കായിക ശേഷി വർധിപ്പിക്കുന്നതിന് സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് വോളിബോൾ, ഫുട്ബോൾ, കബഡി, ബാസ്‌കറ്റ്ബോൾ, ഹാന്റ് ബോൾ തുടങ്ങിയ കായിക ഇനങ്ങളിൽ പരിശീലന പരിപാടി, ജെന്റർ ന്യൂട്രൽ കായിക മേള - 25 ലക്ഷം രൂപ. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗ്രൗണ്ടുകളെ ആധുനികവൽകരിച്ച് പൊതു കളിയിടങ്ങളാക്കി മാറ്റും.

കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പ്, സ്റ്റുഡന്റ് പോലീസ്, എൻ എസ് എസ്, എൻ സി സി, എന്നിവയുമായി ചേർന്ന് ലഹരി വിരുദ്ധ കാമ്പയിൻ. കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പുമായി ചേർന്ന് ശാസ്ത്രീയ വ്യായാമ പരിശീലനം -സ്റ്റാമിന. വാർഡുതലത്തിൽ ഹെൽത്ത് ക്ലബുകൾ.

കേരള ഫോക്ലോർ അക്കാദമി വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയ കലാകാരൻമാരുടെയും കേരള സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമിയുമായി ചേർന്ന് ജില്ലയിൽ 24 ജില്ലാ പഞ്ചായത്ത് ഡിവിഷൻ കേന്ദ്രങ്ങളിൽ സർഗാലയം കലാപരിശീലന കേന്ദ്രങ്ങൾ.

കുട്ടികൾക്കും സ്ത്രീകൾക്കും നീന്തൽ പരിശീലനം

ജില്ലയെ സമ്പൂർണ്ണ സെക്കന്ററി വിദ്യാഭ്യാസ ജില്ലയാക്കാൻ പത്ത് ലക്ഷം രൂപ.

വിദ്യാർഥികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി 1500 പുസ്തകങ്ങൾ ഒരേ ദിവസം പ്രകാശനം ചെയ്യും.

സയൻസ് പാർക്കിന്റെ എക്സ്റ്റെൻഷൻ സെന്റർ ചട്ടുകപ്പാറ ആരൂഡത്തിൽ സ്ഥാപിക്കും. സയൻസ് പാർക്കിൽ ആർട്ട് ഗാലറി ഒരുക്കാൻ ഇരുപത് ലക്ഷം രൂപ.

ജില്ലാ ആശുപത്രിയിൽ മുഴുവൻ സമയ ഹെൽപ്പ് ഡെസ്‌ക്, ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ എം ആർ ഐ സ്‌കാനിംഗ് മെഷീൻ.

ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രി വരെയുള്ള ആരോഗ്യ കേന്ദ്രങ്ങൾ രോഗീ സൗഹൃദമാക്കുന്നതിനും, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന തിനുമായി കേന്ദ്ര ഹെൽത്ത് ഗ്രാന്റ് മുഖേന പത്ത് കോടി രൂപ വകയിരുത്തി വിവിധ പദ്ധതികൾ

ജില്ലാ ആശുപത്രിയിലെ ജീവനക്കാർക്ക് അപ്പാർട്ടമെന്റ് ക്വട്ടേർസ് നിർമ്മിക്കുന്നതിനായി രണ്ട് കോടി രൂപ

സ്നേഹജ്യോതി കിഡ്നി സൊസൈറ്റിയുടെ പ്രവർത്തനം വിപുലീകരിക്കും. കരൾ മാറ്റി വെച്ചവരെ ഉൾപ്പെടുത്തും. ജില്ലയിലെ മുഴുവൻ വൃക്ക കരൾ രോഗികൾക്കും ഗ്രാമ ബ്ലോക്ക് മുൻസിപ്പൽ കോർപ്പറേഷൻ സഹായത്തോടെ സൗജന്യമായി മരുന്ന് വിതരണത്തിന് ഒരു കോടി രൂപ.

എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും മലബാർ കാൻസർ സെന്ററുമായി ചേർന്ന് കാൻസർ പ്രതിരോധ സ്‌ക്രീനീംഗ് ക്യാമ്പുകൾ നടത്താൻ 20 ലക്ഷം രൂപ

 ഭിന്നശേഷിക്കാരുടെ ബ്ലോക്ക് തല സംഗമങ്ങളും രക്ഷിതാക്കൾക്കുള്ള തൊഴിൽ പരിശീലനവും സംഘ ടിപ്പിക്കുന്നതിന് ഇരുപത്തി അഞ്ച് ലക്ഷം രൂപ

കാഴ്ച ശക്തി ഇല്ലാത്തവർക്ക് കൈത്തൊഴിൽ-കരകൗശല പരിശീലനത്തിനായി പത്ത് ലക്ഷം രൂപ.

ട്രാൻസ്ജെന്ററുകൾക്ക് ഫാഷൻ ഡിസൈനിംഗിനും ബ്യൂട്ടിഷൻ കോഴ്സിനും പരിശീലനം നൽകുന്നതിന്പത്ത് ലക്ഷം രൂപ.

 തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സ്ത്രീ പദവി പഠന റിപ്പോർട്ട്. നഗരത്തിൽ നൂറ് സ്ത്രീകൾക്ക് താമസിക്കാൻ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിർമിക്കാൻ രണ്ടരകോടി രൂപ.

ചട്ടുകപ്പാറയിലെ ജെന്റർ കൺവെൻഷൻ സെന്ററിൽ ആധുനിക തൊഴിലിടങ്ങൾ ഒരുക്കുന്നതിന് വർക്ക് അറ്റ് സ്റ്റേഷൻ പദ്ധതിക്ക് പത്ത് ലക്ഷം രൂപ.

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പംഗങ്ങൾക്ക് പുതു സംരംഭങ്ങൾക്കായി പത്ത് ലക്ഷം രൂപ

ജില്ലാ പോലീസുമായി ചേർന്ന് സ്ത്രീകൾക്ക് സെൽഫ് ഡിഫൻസ് പരിശീലന ക്യാമ്പുകൾ, ജെന്റിൽ വുമൺ പദ്ധതി - പത്ത് ലക്ഷം രൂപ

തൊഴിലെടുക്കുന്ന സ്ത്രീകളുടെ വീടുകളിലെ ജോലിഭാരം കുറക്കുന്നതിനും സാമൂഹിക ഇടപെടൽ വർദ്ധിപ്പിക്കുന്നതിനുമായി പത്ത് കേന്ദ്രങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺപദ്ധതിക്ക് മുപ്പത് ലക്ഷം രൂപ

സംരംഭകത്വ പ്രോത്സാഹനത്തിന് 50 ലക്ഷം.

വയോജനങ്ങൾക്ക് ഒത്തു ചേരാൻ എൽഡേഴ്‌സ് കോർണറുകൾക്കായി 25 ലക്ഷം രൂപ. വയോജന കലാമേളക്ക് 10 ലക്ഷം.

പട്ടികജാതി വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് 25 ലക്ഷം രൂപ .

പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽ അണിയല നിർമ്മാണ കേന്ദ്രങ്ങൾ. വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്താൻ ആരംഭിച്ച ഗോത്ര വെളിച്ചം പദ്ധതിക്ക് 20 ലക്ഷം രൂപ. സാമൂഹിക പഠന വീട് നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ.

പട്ടിക വർഗ്ഗ യുവതീ യുവാക്കൾക്കായി ആരംഭിച്ച യൂണിഫോം സേനയിലെ പരിശീലനം തുടരുന്നതിനായി 15 ലക്ഷം രൂപ. പട്ടിക വർഗ ഗ്രൂപ്പുകൾക്കായുള്ള ബാൻഡ് സെറ്റ് വിതരണത്തിനും ബാൻഡ് പരിശീലനത്തിനുമായി 15 ലക്ഷം

ജില്ലയിലെ പൊതു സ്ഥിതി വിവര കണക്ക് ലഭ്യമാക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ

മലയോര തീരദേശ ഗ്രാമസഭകൾ വിളിച്ച് ചേർത്ത് പ്രത്യേക വികസന പദ്ധതികൾ

ജില്ലാ പഞ്ചായത്ത് ആസ്തിയിൽ 432.5 കിലോമീറ്റർ ദൂരത്തിലായുള്ള 142 റോഡുകളെ ഘട്ടം ഘട്ടമായി മെക്കാഡം ടാറിംഗ് നടത്തുന്നതിന് 30 കോടി രൂപ. ജില്ലാ പഞ്ചായത്ത് റോഡുകളിലുള്ള ചെറു പാലങ്ങളും കൾവർട്ടുകളും പുതുക്കി പണിയുന്നതിന് അഞ്ച് കോടി രൂപ. ജില്ലാ പഞ്ചായത്ത് റോഡുകളിൽ കരാറുകാരുടെ പേരുകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഡി എൽ പി ബോർഡുകൾ

കക്കുസ് മാലിന്യസംസ്‌കരണത്തിനായി സെപ്റ്റേജ് ട്രീറ്റ് മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ ഒരു കോടി രൂപ

ജനകീയാസൂത്രണത്തിന്റെ ജില്ലയിലെ മുന്നേറ്റങ്ങൾ പുതിയ തലമുറക്ക് അനുഭവവേദ്യമാക്കുന്നതിനായി സിനിമ. കല്ല്യാശ്ശേരിയിൽ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി മന്ദിരവും ഇ കെ നായനാരുടെ പ്രതിമയും സ്ഥാപിക്കുന്നതിന് മുപ്പത് ലക്ഷം രൂപ.

പതിനൊന്ന് ബ്ലോക്കുകളിൽ ഒന്ന് വീതം ടൂറിസം കേന്ദ്രം കണ്ടെത്തി വികസിപ്പിക്കുന്നതിന് ടൂറിസം വകുപ്പുമായി ചേർന്ന് 1.10 കോടി രൂപ വകയിരുത്തി ഗ്രാമപഞ്ചായത്തുകൾക്ക് ധനസഹായ പദ്ധതി

ജില്ലയിലെ പുഴകളും കായലുകളും കടലും കണ്ടറിഞ്ഞ് യാത്ര ചെയ്യാൻ ഉരു നിർമ്മിക്കുന്നതിന് ഒരു കോടി രൂപ.

ജില്ലയിലെ തെരെഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകളിൽ ലൈബ്രറികൾ

പ്ലാസ്റ്റിക്ക് സംസ്‌കരണത്തിന് ക്ലീൻ കേരള കമ്പനിയുമായി ചേർന്ന് ആധുനിക രീതിയിലുള്ള റീ സൈക്ലിംഗ് പ്ലാന്റ്

മെച്ചപ്പെട്ട കുടിവെള്ള പദ്ധതികൾ

ഗ്രാമപഞ്ചായത്തുകളിൽ സീറോ വേസ്റ്റ് ചലഞ്ച് നടപ്പിലാക്കും. ചലഞ്ചിൽ വിജയിക്കുന്ന ഗ്രാമ പഞ്ചായത്തിന് പത്ത് ലക്ഷം രൂപയുടെ പ്രോത്സാഹന പദ്ധതികൾ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog