തലശ്ശേരി നഗരത്തിൽ അനധികൃത ക്യാമറ കണ്ണുകൾ, പിന്നിൽ ഗൂഢസംഘം , പോലീസ് അന്വേഷണം ആരംഭിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 1 February 2022

തലശ്ശേരി നഗരത്തിൽ അനധികൃത ക്യാമറ കണ്ണുകൾ, പിന്നിൽ ഗൂഢസംഘം , പോലീസ് അന്വേഷണം ആരംഭിച്ചു

തലശ്ശേരി നഗരത്തിലേക്ക് എത്തുന്നതും തിരികെ പോകേണ്ടതുമായ പ്രധാന ഹൈവേ റോഡിൽ അതീവ രഹസ്യമായി ഒളിക്യാമറകൾ സ്ഥാപിച്ച് അജ്ഞാത സംഘം  ദൃശ്യങ്ങൾ പകർത്തുന്നു. അധോലോക സംഘത്തിൻ്റെതെന്നും സംശയിക്കാവുന്ന ഏറെ ദുരൂഹതയുള്ള ക്യാമറകൾ കണ്ടെത്തിയത് തലശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിലെ ട്രാഫിക് പോലീസ് സ്റ്റേഷന് മുന്നിലും, തൊട്ടപ്പുറം മെയിൻ റോഡിലെ ഒരു ആയുർവ്വേദ സ്ഥാപന പരിസരത്തുമാണ്. ഇതിൽ ഒന്ന് നേരത്തെ തലശ്ശേരി പോലീസിൻ്റെ സി.സി.ടി.വി. ക്യാമറ സ്ഥാപിച്ച തൂണിലും മറ്റൊന്ന് മെയ്ൻ റോഡിലെ ഇലക്ട്രിക് പോസ്റ്റിലുമാണുണ്ടായത്. സ്വകാര്യ വ്യക്തികൾക്ക് അവരുടെ സ്ഥാപനത്തിനകത്തും സ്വന്തം വസ്തുവകകളിലും ക്യാമറകൾ വയ്ക്കാമെങ്കിലും പൊതു സ്ഥലത്ത് പോലീസിൻ്റെ അറിവില്ലാതെ ഇത്തരത്തിൽ ക്യാമറകൾ വച്ച് അന്യരുടെ ദൃശ്യങ്ങളും നീക്കങ്ങളും ശേഖരിക്കാനാവില്ല. തലശ്ശേരിയിൽ സ്ഥാപിച്ച ക്യാമറകളിൽ ഒന്നിൻ്റെ ഫോക്കസ് ലെൻസിൽ ലോഗൻസ് റോഡ് ഭാഗത്തെ ദ്യശ്യങ്ങളും , കോഴിക്കോട് ഭാഗത്തേക്കുള്ള റോഡിന്റെ ദ്യശ്യങ്ങളും ,തലശ്ശേരി ഗവൺമെന്റ് ആശുപത്രി ഭാഗത്തേക്ക് നീളുന്ന റോഡിലെ  ദ്യശ്യങ്ങളും പതിയുന്ന തരത്തിലായിരുന്നു. ഹൈ ഫോക്കസ് കമ്പനിയുടെ സിംഗിൾ ക്യാമറയാണ് ഇതിൽ പ്രവർത്തിക്കുന്നത്. പ്രത്യേക വയറിംഗ് വേണ്ടാത്ത പവർ ബാങ്കും മെമ്മറി കാർഡ് സംവിധാനവുമാണുള്ളത്. വൈഫേയിലൂടെയാണ് ദൃശ്യ ശേഖരണം. ബേക്കപ്പ് മെമ്മറി കുറയുമെങ്കിലും കുറച്ച് ദിവസങ്ങളിലെ നിരന്തര നിരീക്ഷണത്തിന് ഉപകരിക്കും.  പകൽ സമയം ആളുകൾ കാൺകെയല്ല ഇത് സ്ഥാപിച്ചതെന്നതിൽ  തന്നെ ദുരുദ്ദേശം വ്യക്തമാണ്.

തലശ്ശേരി നഗര സഭയുമായും, വ്യാപാരി വ്യവസായികളുമായി ബന്ധപ്പെട്ടതിൽ അവരാരും ക്യാമറാ സംവിധാനം ഒരുക്കിയിട്ടില്ലെന്ന് വ്യക്തമായി. ആരുമറിയാതെ സ്വർണ്ണക്കടത്ത് സംഘങ്ങളുടെ തേർവാഴ്ച നടക്കുന്ന നഗരത്തിലെ ഹൈവേയിൽ ഒരിടത്ത് ഇത്തരം നിരീക്ഷണ ക്യാമറകൾ കാണപ്പെട്ടതിൽ തൽപരകക്ഷികളുടെ സാന്നിധ്യവും ദുരുദ്ദേശവും സംശയിക്കാവുന്നതാണ്. മട്ടന്നൂർ വിമാനത്താവളം വഴി സ്വർണ്ണക്കടത്തും ഇത് തട്ടിയെടുക്കുന്ന ഗുണ്ടാസംഘങളും വിഹരിച്ചോടുന്നത് തലശ്ശേരി വഴിയാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.- ഇവരെ നിരീക്ഷിക്കുന്ന എതിർ സംഘത്തിൻ്റെ ചെയ്തികൾക്കും ചില നേരങ്ങളിൽ തലശ്ശേരി പട്ടണം വേദിയാവാറുണ്ട്.ഇതും അന്വേഷണ വിധേയമാക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ചില സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പോലിസ് നഗരത്തിലെങ്ങും 40 ഓളം സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ ഒന്നു പോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. രാത്രിയിൽ ആരുടെയും കണ്ണിൽ പെടാതെ പൊതു സ്ഥലത്ത് പ്രത്യേക ക്യാമറകൾ സ്ഥാപിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടെത്താൻ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.-No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog