മാക്കൂട്ടം ചുരം പാതയിൽ ട്രാവലർ മറിഞ്ഞ് നാല് പേർക്ക് പരിക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 26 February 2022

മാക്കൂട്ടം ചുരം പാതയിൽ ട്രാവലർ മറിഞ്ഞ് നാല് പേർക്ക് പരിക്ക്
ഇരിട്ടി : മാക്കൂട്ടം ചുരം പാതയിൽ കർണ്ണാടക സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ ആയിരുന്നു അപകടം. മൈസൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ സഞ്ചരിച്ച വാഹനം മാക്കൂട്ടം ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് ഒരു കിലോമീറ്റർ അകലെ കൊടും വളവിലെ ഇറക്കത്തിൽ പത്ത് മീറ്ററിലധികം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വണ്ടി മറിയുന്ന സമയത്ത് ഒരു സ്ത്രീ അടക്കം നാലുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ വൻ അത്യാഹിതം ഒഴിവായി. വണ്ടിയിൽ യാത്രചെയ്തിരുന്ന ചിലർക്ക് ക്ഷീണവും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഒമ്പതോളം പേർ പുറത്തിറങ്ങി വെള്ളവും മറ്റും കുടിച്ച ശേഷം അൽപ്പം മുന്നോട്ട് നടക്കാമെന്ന് പറഞ്ഞ് റോഡരികിലൂടെ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മുന്നിലേക്ക് നടന്നുവരുന്നവരുടെ പിന്നാലെ നാലുപേരെ മാത്രം കയറ്റി ഓടിച്ചു വന്ന ട്രാവലർ വളവിലെ ഇറക്കത്തിൽ റോഡരികിലെ കൈവരിയും തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ ഒരു മരത്തിൽ തട്ടിയാണ് വാഹനം നിന്നത്. ഇതുവഴി മറ്റ് വാഹനങ്ങളിൽ എത്തിയ യാത്രക്കാരാണ് തകർന്ന വാഹനത്തിൽ നിന്നും അതിൽ ഉണ്ടായിരുന്നവരെ രക്ഷിച്ച് മുകളിലെത്തിച്ചതും തൊട്ടിപ്പാലത്തുനിന്നും ആംബുലന്സ് എത്തിച്ച് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും. പരിക്കേറ്റവരെല്ലാം മൈസൂർ സ്വദേശികളാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog