ഇരിട്ടി താലൂക്കാശുപത്രിയിൽ ഗൈനക്കോളജിസ്റ്റിനെ നിയമിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 27 February 2022

ഇരിട്ടി താലൂക്കാശുപത്രിയിൽ ഗൈനക്കോളജിസ്റ്റിനെ നിയമിച്ചു

ഇരിട്ടി: വർഷങ്ങൾക്ക് ശേഷം ഇരിട്ടി താലൂക്കാശുപത്രിയില്‍ ഒരു ഗൈനക്കോളജിസ്റ്റിനെ നിയമിച്ചു. ഡോ. എം. വി. ജ്യോതിയാണ് ചാര്‍ജെടുത്തത്. ഇതോടെ തിങ്കള്‍ ,ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഗൈനക്കോളജി വിഭാഗം ഒ പി പ്രവര്‍ത്തിക്കും. 
ഒരുകാലത്ത് പ്രസവ ശുശ്രൂഷകളും നിരവധി പ്രസവങ്ങളും നടന്ന ഒരു ആശുപത്രിയായിരുന്നു ഇത്. എന്നാൽ വർഷങ്ങളായി ഇതുമായി ബന്ധപ്പെട്ടതെല്ലാം മുടങ്ങിക്കിടക്കുന്ന അവസ്ഥയായിരുന്നു. പി എച്ച് സി, സി എച്ച് സി യും താലൂക്ക് ആശുപത്രിയുമായി വളർന്നതോടെയാണ് ഈ ആശുപത്രി ഗർഭിണികളെ മറന്നത്. 2017 ൽ താലൂക്ക് ആശുപത്രിക്കായി പുതുതായി മാതൃ ശിശുവാർഡ് പണിയുകയും അന്നത്തെ ആരോഗ്യമന്ത്രി ഇത് ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു. രണ്ടാഴ്ചക്കുള്ളിൽ ഇവിടെ ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫിനെയും നിയമിക്കുമെന്നും പ്രസവ സംബന്ധമായ എല്ലാ ചികിത്സകളും നൽകുമെന്നും അന്ന് മന്ത്രി പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഈ കെട്ടിടം പിന്നീട് ഒ പി യും , ഫാർമസിയും, ഒരുഭാഗം ഡയാലിസിസ് സെന്ററുമായി മാറ്റപ്പെട്ടു. 
തുടർന്ന് ഇതിന്റെ മുകളിലത്തെ നില ഉപയോഗപ്പെടുത്തി ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടി 19 ലക്ഷം രൂപ വിനിയോഗിച്ച് മാതൃ ശിശു ബ്ലോക്ക് പണിതു. നാഷണൽ ഹെൽത്ത് മിഷന്റെ ലേബർ റൂം ആൻറ് ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് ഇനിഷ്യേറ്റിവ് (ലക്ഷ്യ ) പദ്ധതിയുടെ ഭാഗമായായിരുന്നു ഇത്. 
കഴിഞ്ഞ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപ് 2021 ഫിബ്രവരി 22 ന് അന്നത്തെ അതേ മന്ത്രി ഇതും ഉദ്‌ഘാടനം ചെയ്തു. മുൻപ് പറഞ്ഞ അതേ വാക്ക് വീണ്ടും ഈ ഉദ്‌ഘാടന വേളയിലും കേട്ടു. രണ്ടാഴ്ചക്കുള്ളിൽ എല്ലാ സംവിധാനങ്ങളോടെയും വാർഡ് പൂർണ്ണമായും പ്രവർത്തിപ്പിക്കുമെന്നു പറഞ്ഞെങ്കിലും ഒരു വര്ഷം തികഞ്ഞിട്ടും ഇതുവരെ അത് പ്രവർത്തികമാക്കിയില്ല. ഇതിനെതിരേ പലരും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് വന്നെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ഇതിനിടയിലാണ് ഇപ്പോൾ ഒരു സ്ത്രീ രോഗ വിദഗ്ധയെ നിയമിച്ചുകൊണ്ട് ഗൈനക്കോളജി വിഭാഗം പുനരുധ്ജ്ജീവിപ്പിക്കാൻ അധികൃതർ ശ്രമം ആരംഭിച്ചിരിക്കുന്നത്. ആഴ്ചയിൽ തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിൽ ഗൈനക്കോളജി ഒ പി പ്രവർത്തിപ്പിക്കാനാണ് തീരുമാനം. എന്നാൽ ഓപ്പറേഷൻ അടക്കമുള്ള മറ്റു സേവങ്ങൾ ലഭിക്കണമെങ്കിൽ കൂടുതലായി രണ്ട് ഗൈനക്കോളജിസ്റ്റുകളും കൂടുതൽ ജീവനക്കാരും വേണം. ഇരിട്ടി നഗരസഭയും താലൂക്ക് ആശുപത്രി സൂപ്രണ്ടും അടക്കമുള്ളവർ ഇതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ഗൈനക്കോളജിസ്റ്റിനെ നിയമിക്കുകയും അനുബന്ധ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് മാതൃശിശു വാർഡ് ഉടൻ പൂർണതോതിൽ പ്രവർത്തിപ്പിക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭയും .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog