ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; സുധാകരനെതിരേ മമ്പറം ദിവാകരന്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 5 December 2021

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; സുധാകരനെതിരേ മമ്പറം ദിവാകരന്‍


കണ്ണൂര്‍: തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഭരണസമിതി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കെ സുധാകരന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍. 

കള്ളവോട്ടും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ പരീക്ഷിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ കെ സുധാകരന്‍ ശ്രമിക്കുന്നത്. വോട്ടര്‍മാരെ തടയുകയാണ് സുധാകരന്റെ സംഘത്തിന്റെ ലക്ഷ്യം. ജീവന്‍ കൊടുത്തും ഇത് തടയുമെന്നും അദ്ദേഹം പ്രതികരിച്ചു. 

കഴിഞ്ഞ മുപ്പത് വര്‍ഷമായി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയുടെ ഭരണസാരഥ്യം തനിക്കാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന് താനുമായി വ്യക്തിപരവും രാഷ്ട്രീയപരവുമായ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരന്‍ തന്നെ ദ്രോഹിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി. 2011ലെ തിരഞ്ഞെടുപ്പ് മുതലുള്ള പ്രശ്‌നങ്ങളാണിത്. 

തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നോ മത്സരിക്കണമെന്നോ ഡിസിസി തന്നോട് പറഞ്ഞിട്ടില്ല. തനിക്ക് സിപിഎം പിന്തുണ ഉണ്ടെന്ന അഭ്യൂഹം ശുദ്ധ അസംബന്ധമാണെന്നും മമ്പറം ദിവാകരന്‍ പ്രതികരിച്ചു.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കാണിച്ച് അടുത്തിടെയാണ് മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. സഹകരാണാശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പാനലിനെതിരേ ബദല്‍ പാനലുണ്ടാക്കിയെന്നായിരുന്നു മമ്പറത്തിനെതിരേയുള്ള ആരോപണം. 

സഹകരണാശുപത്രി ഭരണം പിടിക്കാന്‍ യു.ഡി.എഫും നിലവിലുള്ള പ്രസിഡന്റ് മമ്പറം ദിവാകരനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണ ആസ്പത്രിയുടെ ദീര്‍ഘകാല പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനും ഡി.സി.സി. നേതൃത്വവും തമ്മിലുള്ള അകല്‍ച്ചയെ തുടര്‍ന്നാണ് ഭരണസമിതിയിലേക്ക് വോട്ടെടുപ്പ് വേണ്ടിവന്നത്. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളില്‍ ഞായറാഴ്ച രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം നാലുവരെയാണ് തിരഞ്ഞെടുപ്പ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog