കേരളത്തിന്റെ റവന്യൂ ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കം ചെറുക്കണം - താലൂക്ക് വികസന സമിതി യോഗം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 5 December 2021

കേരളത്തിന്റെ റവന്യൂ ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കം ചെറുക്കണം - താലൂക്ക് വികസന സമിതി യോഗം


ഇരിട്ടി: കേരളത്തിന്റെ അധീനതയിലുള്ള  പുഴ പുറമ്പോക്ക് ഭൂമിയിൽ കഴിയുന്ന കുടുംബങ്ങളെ കുടിയിറക്കാനും  റവന്യു ഭൂമി കയ്യേറാനും വര്ഷങ്ങളായി  കർണ്ണാടകവനം വകുപ്പ് അധികൃതർ നടത്തുന്ന  നീക്കം ചെറുക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു.  പ്രശ്‌നത്തിന്റെ ഗൗരവം സർക്കാറിന്റെ ശ്രദ്ധയിൽകൊണ്ടുവന്ന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രശ്‌നം ഉന്നയിച്ച സി പി ഐ അംഗം പായം ബാബുരാജ് ആവശ്യപ്പെട്ടു. പ്രശ്‌നം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും തിങ്കളാഴ്ച്ച് അതിർത്തിയിൽ സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും തഹസിൽദാർ സി.വി.  പ്രകാശൻ യോഗത്തെ അറിയിച്ചു.
തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയുടെ വികസനത്തിനായി ഇരിട്ടി പാലത്തിന് സമീപത്തെ കുന്ന് ചെത്തിയിറക്കി വീതികൂട്ടിയതുമൂലം ഉണ്ടായ മണ്ണിടിച്ചൽ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രജനി ആവശ്യപ്പെട്ടു. ലോക ബാങ്ക് സഹായത്തോടെ നടക്കുന്ന നവീകരണ പ്രവർത്തിയായതിനാൽ വിദഗ്ധ  സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമേ  ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ എന്ന്  കെ എസ് ടി പി അസിസ്റ്റന്റ് എഞ്ചിനീയർ കെ.വി. സതീശൻ യോഗത്തെ അറിയിച്ചു. വന്യമൃഗശല്യം നേരിടുന്നതിൽ നടപടിയുണ്ടാക്കണമെന്നും കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ആവശ്യപ്പെട്ടു. ബാരാപോൾ പദ്ധതിയോട് ചേർന്ന് നടപ്പിലാക്കുന്ന സൗരോർജ്ജ പദ്ധതി കാടുകയറി കിടക്കുകയാണെന്നും കാടുവെട്ടിതെളിച്ച് പ്രവർത്തനക്ഷമമാക്കാൻ നടപടിയുണ്ടാക്കണമെന്നും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ്  കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേൽ ആവശ്യപ്പെട്ടു. തലശേരി - വളവുപാറ അന്തർ സംസ്ഥാന പാതയിൽ 19-ാം മൈൽ മുതൽ ഇരിട്ടി ടൗൺ വരെ കരാർ വ്യവസ്ഥയിൽ പറഞ്ഞ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നും ഓവുചാലുകൾക്ക് മുകളിൽ സ്ഥാപിക്കേണ്ട സ്ലാബുകൾ ഉടൻ സ്ഥാപിക്കണമെന്നും ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ആവശ്യപ്പെട്ടു. കേളകം പഞ്ചായത്തിലെ ശാന്തിഗരിയിൽ ഭൂമിയിൽ ഉണ്ടാകുന്ന വിള്ളലുകളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും ഇതുമൂലം പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കണമെന്നും കോൺഗ്രസ് അംഗം പി.സി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. യോഗത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് മേധാവികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog