തളിപ്പറമ്പിനെ മലബാറിന്റെ പ്രധാന ടൂറിസം കേന്ദ്രമാക്കും :മന്ത്രി മുഹമ്മദ് റിയാസ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 7 December 2021

തളിപ്പറമ്പിനെ മലബാറിന്റെ പ്രധാന ടൂറിസം കേന്ദ്രമാക്കും :മന്ത്രി മുഹമ്മദ് റിയാസ്തളിപ്പറമ്പ് മണ്ഡലം ടൂറിസം  അവലോകന യോഗം ചേര്‍ന്നു

തളിപറമ്പിനെ മലബാര്‍ ടൂറിസം സര്‍ക്യൂട്ടിലെ മുഖ്യ കേന്ദ്രമാക്കി മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ   ടൂറിസം സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തളിപറമ്പിന്റെ ടൂറിസം വികസനം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി ടൂറിസം വകുപ്പിന് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി.
അഞ്ച് കൊല്ലം കൊണ്ട് സംസ്ഥാനത്ത് അഞ്ഞൂറോളം പുതിയ വിനോദസഞ്ചാര മേഖലകള്‍ കണ്ടെത്തി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഒരു പഞ്ചായത്തില്‍ ഒരു ടൂറിസം കേന്ദ്രം എന്നതാണ് ലക്ഷ്യം. ത്രിതല പഞ്ചായത്തുകള്‍ക്ക് ടൂറിസം മേഖലയില്‍ ഫണ്ട് വിനിയോഗിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട് ഇത് പരിഹരിക്കും. ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രം വരുന്നതോടെ പഞ്ചായത്തുകള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങള്‍ ഉണ്ടാവും. പുതുവര്‍ഷത്തോടെ ഇത് സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

തളിപ്പറമ്പിന്റെ ചരിത്ര,സാംസ്‌കാരിക, കാര്‍ഷിക സാധ്യതകളും, പ്രകൃതി സൗന്ദര്യവും തീര്‍ഥാടന സാധ്യതകളും കണക്കിലെടുത്ത് വിശാലമായ ടൂറിസം പദ്ധതികള്‍ക്ക് സാധ്യതയുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. 1910 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച തളിപ്പറമ്പ് താലൂക്ക് ഓഫീസിനെ ചരിത്ര മ്യൂസിയമാക്കി മാറ്റുക, പറശിനിക്കടവ് കേന്ദ്രമാക്കി ആധുനിക സജ്ജീകരണങ്ങളോടെ മാള്‍ ഓഫ് മലബാര്‍ എന്ന പേരില്‍  ബഹുനില പാര്‍ക്കിംഗ് സൗകര്യത്തോടെ കെട്ടിട സമുച്ചയ നിര്‍മ്മാണം. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, തളിയില്‍ ക്ഷേത്രം, തുടങ്ങിയവയുമായി ബന്ധപ്പെടുത്തി തീര്‍ഥാടന ടൂറിസത്തിന്റെ സാധ്യതകള്‍ എന്നിവ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വിവരിച്ചു. കണ്ടല്‍ച്ചെടികളുടെ വൈവിധ്യങ്ങളെ നിലനിര്‍ത്തിക്കൊണ്ട് പ്രകൃതിക്കിണങ്ങുന്ന വികസന സാധ്യതകള്‍ ഉപയോഗിച്ച് വെള്ളിക്കീല്‍ ഇക്കോ പാര്‍ക്കിനെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്നും മന്ത്രി പറഞ്ഞു.6 കി.മീ ദൂരത്തില്‍ നടപ്പാത, സൈക്കിള്‍ ട്രാക്ക്, ഇരിപ്പിട സൗകര്യങ്ങള്‍, മഡ്ഫുട്‌ബോള്‍ കളിസ്ഥലങ്ങള്‍, തടങ്ങിയവയാണ് വെള്ളിക്കീല്‍ ഫാം ടൂറിസം  പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമായി തളിപ്പറമ്പിനെ ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍ നടന്ന അവലോകന യോഗത്തില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷന്‍ പി മുകുന്ദന്‍, തളിപ്പറമ്പ് നഗരസഭാധ്യക്ഷ മുര്‍ഷിദ കൊങ്ങായി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്സി, ടൂറിസം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
യോഗശേഷം പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, മലബാര്‍ റിവര്‍ ക്രൂയീസ് ടൂറിസം പദ്ധതിയുടെ ഭാഗമായ പറശിനിക്കടവ് ബോട്ട് ജെട്ടി, ബാവോട്ട് പാറ, വെള്ളിക്കീല്‍ കണ്ടല്‍ പാര്‍ക്ക് എന്നിവിടങ്ങള്‍ മന്ത്രിമാരായ എം വി ഗോവിന്ദന്‍ മാസ്റ്ററും പി എ മുഹമ്മദ് റിയാസും സന്ദര്‍ശിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog