കണ്ണൂർ സർവ്വകലാശാല വിസി നിയമനം: മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടി. കണ്ണൂർ മമ്പറത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി കണ്ണൂർ എയർപോർട്ടിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം.

വിസിയുടെ നിയമനം ചട്ടം ലംഘിച്ചുള്ളതാണെന്ന് ചാൻസലർ പദവി ഉപേക്ഷിക്കാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് ഗവർണർ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ഗവർണറുടെ നിലപാട് സർക്കാരിന് വലിയ വിനയാവും. സർവകലാശാലകളിലെ രാഷ്ട്രീയകളിക്ക് കൂട്ടു നിൽക്കില്ലെന്നും മുഖ്യമന്ത്രിക്ക് തന്നെ ചാൻസ്‌ലർ പദവി ഏറ്റെടുക്കാമെന്നുമുള്ള ഗവർണ്ണറുടെ കത്ത് സർക്കാരിനെ കടുത്ത സമ്മർദ്ദത്തിൽ ആക്കുന്നതാണ്.

കേരളത്തിലെ സർവകലാശാല ചട്ടങ്ങൾ അനുസരിച്ചു ഗവർണറാണ് ചാൻസ്‌ലർ. ഗവർണ്ണർ നിസ്സഹകരണം തുടർന്നാൽ സർക്കാരിന് വലിയ തിരിച്ചടി ഉണ്ടാക്കും. ഗവർണറുടെ കത്ത് സർക്കാരിനെതിരെ ശക്തമായ ആയുധമാക്കുകയാണ് പ്രതിപക്ഷം. വിസി നിയമനം കക്ഷി രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന ഗവർണറുടെ പ്രസ്താവന ഒട്ടും ശരിയല്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യാൻ ഗവർണറോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പ്രധാന തസ്തികകള്‍ പാര്‍ട്ടിക്കാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നു’; വിമർശനവുമായി പ്രതിപക്ഷം

ചട്ടങ്ങളും കീഴ്വയക്കങ്ങളും ലംഘിച്ചും യുജിസി മാനദണ്ഡങ്ങള്‍ മറികടന്നുമുള്ള വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കണം. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടികാട്ടിയതാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം അംഗീകരിച്ച ഗവര്‍ണറുടെ നടപടിയും നിയമ വിരുദ്ധമാണ്. ഗവര്‍ണര്‍ ഇപ്പോഴെങ്കിലും തെറ്റ് മനസിലാക്കിയതില്‍ സന്തോഷമുണ്ട്. കാലടി വിസി നിയമനത്തിന് പാനലിന് പകരം ഒറ്റപേര് നല്‍കിയ സെര്‍ച്ച് കമ്മിറ്റി നടപടി പൂര്‍ണമായും തെറ്റാണ്. ഒറ്റ പേര് മതിയെന്ന് ഗവര്‍ണര്‍ സമ്മതിച്ചുവെങ്കില്‍ അതിനും ന്യായീകരണമില്ല.

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം പ്രതിപക്ഷത്തിന്റെ വിഷയമല്ല. ഈ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ദില്ലിയിൽ പ്രത്യേകം ആളുകളുണ്ട്. നേരത്തെയും ഇത്തരം ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, സര്‍വകലാശാലകളുടെ സ്വയംഭരണാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതും പ്രതിപക്ഷം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാന തസ്തികകള്‍ പാര്‍ട്ടിക്കാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷം നിയമ നടപടികള്‍ സ്വീകരിക്കും.

ഇവിടെ ഒന്നും നടക്കരുതെന്ന് വിചാരിക്കുന്നവരെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ആരെ കുറിച്ചാണെന്ന് വ്യക്തമല്ല. ഒരു വിമര്‍ശനം പോലും മുഖ്യമന്ത്രി സഹിക്കില്ല. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന നരേന്ദ്ര മോദിയുടെ മാതൃകയാണ് പിണറായി വിജയനും പിന്തുടരുന്നത്. ഇത് ഏകാധിപധികളുടെ പൊതുസ്വഭാവമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, ചാൻസലർ സ്ഥാനത്ത് നിന്നൊഴിയാമെന്ന് കത്ത് നൽകി ഗവ‍ർണർ തുടങ്ങിവച്ച പരസ്യ പോരാട്ടത്തിന് മുഖ്യമന്ത്രി പരസ്യമായി തന്നെ മറുപടിയുമായി രംഗത്തെത്തിയതോടെ ഭരണത്തലവൻമാർ നേർക്കുനേർ എത്തിയ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഗവ‍ർണർ എടുത്ത തീരുമാനങ്ങൾ തള്ളിപ്പറയുന്നതിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന ഗുരുതര ആക്ഷേപം ഉന്നയിച്ച് മുഖ്യമന്ത്രി ഇന്നലെ ഉച്ചയ്ക്ക് ശേഷം രംഗത്തെത്തിയതോടെയാണ് പോര് അസാധാരണ നിലയിലേക്ക് കടന്നത്. ബാഹ്യ ഇടപെടൽ സംശയത്തിലൂടെ മുഖ്യമന്ത്രി പിണറായി ചോദ്യം ചെയ്യുന്നത് ഗവർണ്ണറുടെ വിശ്വാസ്യത തന്നെയാണ്. ബാഹ്യ ഇടപെടൽ ആരോപണം മറുപടി പറയാതെ തള്ളിയ ഗവർണ്ണർ ആരിഫ് ഖാൻ സർക്കാരിനെതിരായ വിമർശനങ്ങളുടെ മൂർച്ച കൂട്ടി പിന്നാലെ രംഗത്തെത്തി. സർക്കാരിന്‍റെ തലവനും ഭരണത്തലവനും തമ്മിൽ പരസ്യമായി ഏറ്റുമുട്ടുന്ന അസാധാരണ സാഹചര്യത്തിന് എങ്ങനെ അവസാനമാകും എന്ന ചോദ്യമാണ് ഇപ്പോൾ പൊതുസമൂഹത്തിലുയരുന്നത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha