ഡേറ്റാ സംരക്ഷണം: സാമൂഹിക മാധ്യമങ്ങൾക്ക്‌ പൂർണഉത്തരവാദിത്വമെന്ന് പാർലമെൻററി സമിതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സാമൂഹികമാധ്യമങ്ങളെ 'പ്രസാധകർ' എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി ഉത്തരവാദിത്വത്തിനു ബാധ്യസ്ഥമാക്കി ഡേറ്റാ സംരക്ഷണ കരടുബിൽ തയ്യാറായി. പാർലമെന്ററി സമിതി അംഗീകരിച്ച കരടുബിൽ 29-ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. ഡേറ്റാ സംരക്ഷണനിയമത്തിൽ നിന്ന് കേന്ദ്രസർക്കാരിനെയും കേന്ദ്രാന്വേഷണ ഏജൻസികളെയും ഒഴിവാക്കിക്കൊണ്ടുള്ളതാണ് ബില്ലിലെ വ്യവസ്ഥ. ഇതിനെതിരേ പാർലമെന്ററിസമിതിയിൽ പ്രതിപക്ഷാംഗങ്ങൾ വിയോജനക്കുറിപ്പെഴുതി. കോൺഗ്രസ് അംഗങ്ങളായ ജയറാം രമേഷ്, മനീഷ് തിവാരി, തൃണമൂൽ കോൺഗ്രസ് അംഗങ്ങളായ ഡെറിക് ഒബ്രയാൻ, മഹുവ മൊയ്ത്ര എന്നിവരടക്കം ഏഴ് എം.പി.മാർ വിയോജിപ്പ് പ്രകടിപ്പിച്ചു. ഡേറ്റാ സംരക്ഷണ അതോറിറ്റിക്ക് ഭരണഘടനാ പദവി നൽകിയിട്ടില്ല. സംസ്ഥാനങ്ങളിൽ ഡേറ്റാ സംരക്ഷണ അതോറിറ്റി വേണമെന്ന ആവശ്യവും ഉൾപ്പെടുത്തിയിട്ടില്ല. ഡേറ്റാ സംരക്ഷണനിയമം നടപ്പാക്കാൻ സാമൂഹികമാധ്യമ കമ്പനികൾക്ക് രണ്ടുവർഷത്തെ കാലാവധി അനുവദിക്കും. നിയമമനുസരിച്ച് ഡേറ്റാ സൂക്ഷിപ്പുകാർക്ക് തങ്ങളുടെ നയങ്ങൾ പരിഷ്കരിക്കാനും അടിസ്ഥാനസൗകര്യം വർധിപ്പിക്കാനും വേണ്ടത്ര സമയം ലഭ്യമാക്കാനാണ് ഈ കാലാവധി. സാമൂഹികമാധ്യമവേദികളിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിൽ അവർക്കുതന്നെയാണ് പൂർണമായ ഉത്തരവാദിത്വം. പരിശോധിക്കപ്പെടാത്ത അക്കൗണ്ടുകളിൽനിന്നുള്ള ഉള്ളടക്കത്തിനും സാമൂഹികമാധ്യമങ്ങൾക്കുതന്നെയാണ് ഉത്തരവാദിത്വം. ഈ പ്രശ്നം അഭിമുഖീകരിക്കാൻ പ്രത്യേക സംവിധാനമുണ്ടാവണമെന്നും പാർലമെന്ററി സമിതി ശുപാർശ ചെയ്തു. മാതൃസ്ഥാപനത്തിന് ഇന്ത്യയിൽ പ്രത്യേകമായ ഓഫീസില്ലാതെ ഒരു സാമൂഹികമാധ്യമ കമ്പനിക്കും രാജ്യത്തു പ്രവർത്തിക്കാൻ കഴിയില്ല. പ്രധാനപ്പെട്ട ഡേറ്റാ സൂക്ഷിപ്പുകാർ സർക്കാരാണെന്നിരിക്കേ, മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കുമായി ഡേറ്റാ ശേഖരണത്തിൽ പ്രത്യേക മാർഗരേഖ പുറപ്പെടുവിക്കണം. ഏതു സർക്കാർ ഏജൻസിയെയും നിയമത്തിൽ പൂർണമായി ഒഴിവാക്കാൻ കേന്ദ്രത്തിന് പൂർണമായി അധികാരം നൽകുന്നതാണ് കരടുബില്ലെന്ന് ജയറാം രമേഷ് വിയോജനക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. വ്യക്തിഗത ഡേറ്റാ സുരക്ഷയ്ക്കുള്ള ഒരവകാശവും സംരക്ഷിക്കാതെയാണ് ബിൽ തയ്യാറാക്കിയിട്ടുള്ളതെന്ന് തൃണമൂൽ എം.പി. ഡെറിക് ഒബ്രയാനും കുറ്റപ്പെടുത്തി. മാധ്യമങ്ങളെ നിയന്ത്രിക്കാൻ സംവിധാനം വേണം മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമപരമായി സ്ഥാപിക്കപ്പെട്ട ഏകീകൃത സംവിധാനം രൂപവത്കരിക്കണമെന്നും സമിതിയുടെ ശുപാർശ. മാധ്യമപ്രവർത്തനം എന്ന പേരിലുള്ള കടന്നാക്രമണങ്ങളിൽനിന്ന് വ്യക്തികളുടെ സ്വകാര്യതാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. മാധ്യമങ്ങളുടെ സ്വയം നിയന്ത്രണം എന്നത് പര്യാപ്തമല്ല. ഈ വിഷയത്തിൽ സമഗ്രമായ ചട്ടം വേണം. മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഏകീകൃത സംവിധാനമുണ്ടാകണം. എല്ലാ രൂപത്തിലുള്ള മാധ്യമങ്ങളെയും ഈ സംവിധാനത്തിനുകീഴിൽ കൊണ്ടുവരണം. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പോലെ നിലവിലെ ഏജൻസികൾക്ക് എല്ലാത്തരത്തിലുമുള്ള മാധ്യമങ്ങളെ നിയന്ത്രിക്കാൻ ശേഷിയില്ല. സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളും ഇന്റർനെറ്റും പോലുള്ള ആധുനികസാങ്കേതികത ഉപയോഗിക്കുന്ന മാധ്യമങ്ങളെ പ്രത്യേകിച്ചും നിയന്ത്രിക്കാൻ അവയ്ക്കു ശേഷിയില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha