സ്ത്രീധനം വാങ്ങിയാൽ ബിരുദം തിരിച്ചെടുക്കുന്ന നിയമമുണ്ടാകണം -ഗവർണർ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 29 November 2021

സ്ത്രീധനം വാങ്ങിയാൽ ബിരുദം തിരിച്ചെടുക്കുന്ന നിയമമുണ്ടാകണം -ഗവർണർസ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചോദിക്കുകയോ ചെയ്താൽ സർവകലാശാലാ ബിരുദം തിരിച്ചെടുക്കുന്ന നിയമം അനിവാര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മൊഫിയ പർവീണിന്റെ മാതാപിതാക്കളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൺകുട്ടികൾ സ്ത്രീധനത്തിനെതിരേ ശക്തമായ നിലപാടോടെ രംഗത്ത് വരണം. സ്വന്തം ജീവിതം ഇല്ലാതാക്കിയല്ല, മറിച്ച് ജീവിച്ചുകൊണ്ടാണ് സ്ത്രീധനം ചോദിച്ചവരെ എതിർക്കേണ്ടത്.

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സംവിധാനമുള്ളത് കേരളത്തിലാണ്. താൻ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഇത് നേരിട്ട് മനസ്സിലാക്കിയതാണ്. എന്നാൽ, പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ഇവിടെ ചില കള്ളനാണയങ്ങളുണ്ട്. അത് തിരിച്ചറിയണം.

സ്ത്രീകൾക്കെതിരേയുള്ള ആക്രമണങ്ങൾ ചെറുക്കാൻ നിരവധി നിയമങ്ങൾ രാജ്യത്തുണ്ട്. എന്നിട്ടും അതിക്രമങ്ങൾ തുടരുന്നു. വ്യാപകമായ ബോധവത്കരണം വഴി, സ്ത്രീധനം ചോദിക്കുന്നവർക്കെതിരേ സാമൂഹികമായി എതിർപ്പ് ഉയർത്താൻ കഴിയണം. പെൺകുട്ടിയുടെ മരണത്തിന് ശേഷം ജനകീയ ഇടപെടലുകൾ നടത്തിയ അൻവർ സാദത്ത് എം.എൽ.എ.യെയും മറ്റ് ജനപ്രതിനിധികളെയും ഗവർണർ അഭിനന്ദിച്ചു. ഈ സംഭവം ഏറ്റെടുത്ത് കുടുംബത്തോടൊപ്പം നിന്ന് നീതിക്കുവേണ്ടി വലിയ പോരാട്ടമാണ് എം.എൽ.എ. നടത്തിയത്. അതുവഴി സർക്കാറിന്റെ കണ്ണ് തുറപ്പിക്കാൻ എം.എൽ.എ.യ്ക്ക് കഴിഞ്ഞെന്ന് ഗവർണർ പറഞ്ഞു. ആലുവ ടൗൺ ജുമാ മസ്ജിദിൽ മൊഫിയയുടെ ഖബറിടത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് ഗവർണർ മടങ്ങിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog