ബിരുദ ഫലം വൈകുന്നു: ഉപരി പഠനം തടസ്സപ്പെട്ട് മാഹി കോളജ് വിദ്യാർഥികൾ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 23 November 2021

ബിരുദ ഫലം വൈകുന്നു: ഉപരി പഠനം തടസ്സപ്പെട്ട് മാഹി കോളജ് വിദ്യാർഥികൾ


ബിരുദ ഫലം വൈകുന്നു: ഉപരി പഠനം തടസ്സപ്പെട്ട് മാഹി കോളജ് വിദ്യാർഥികൾ

മാഹി: മാഹി കോളജിലെ വിദ്യാർഥികൾ ഉപരി പഠനത്തിന് വഴി കാണാതെ ആശങ്കയിൽ. ഇതരസംസ്ഥാനങ്ങളിലെ ബിരുദ പരീക്ഷകളുടെ റിസൽട്ട് പ്രസിദ്ധീകരിച്ച് ബിരുദാനന്തര കോഴ്സുകളിൽ വിദ്യാർഥികൾ പ്രവേശനം നേടിയെങ്കിലും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി ഇതുവരെ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചില്ല. ഇതോടെയാണ് മാഹി മഹാത്മാഗാന്ധി ഗവ. ആർട്ട്സ് കോളജ് വിദ്യാർഥികൾ തങ്ങളുടെ ഒരു വർഷം പാഴായി പോകുമെന്ന വേവലാതിയിലായത്. മാഹി കോളജിലെ പി.ജി കോഴ്‌സുകളിൽ ഇതിനകം അപേക്ഷ സ്വീകരിച്ചിട്ടുണ്ട്.

അഞ്ചാം സെമസ്റ്റർ വരെയുള്ള മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയുമായി മുന്നോട്ട് പോകുന്നത്. ഏതെങ്കിലും വിദ്യാർഥി പരീക്ഷയിൽ തോൽക്കുകയോ ഫലം തടയുകയോ ചെയ്താൽ പ്രവേശനം മുടങ്ങും. അധികാരികളുടെ അലംഭാവത്തിനും അവർ സ്വീകരിക്കുന്ന തെറ്റായ സമീപനങ്ങളുടെയും ദുരിതം അനുഭവിക്കുന്നത് തങ്ങളാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പുതുച്ചേരിയിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ഇനിയും റിസർട്ട് വൈകിപ്പിക്കാനിടയാക്കുമോയെന്ന് വിദ്യാർഥികൾ ഭയക്കുകയാണ്.

മാഹി കോളജിൽ പഠിക്കുന്ന വടകര, തലശ്ശേരി, ചൊക്ളി ഭാഗങ്ങളിലുള്ള വിദ്യാർഥികളും ഈ ദുരിതം അനുഭവിക്കുകയാണ്. കോളജിൽ പ്രക്ഷോഭ പരിപാടികളുമായി വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മാർക്ക് ടാബുലേഷൻ പ്രവൃത്തികൾ പുരോഗമിക്കുന്നതായി യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ റിസൽട്ട് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

റിസൽട്ടിന് ശേഷം മാർക്ക് ലിസ്റ്റ് തയ്യാറാക്കൽ, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വിതരണം ഇവക്ക് പിന്നേയും സമയമെടുക്കും. ഫലപ്രഖ്യാപന ദിവസം തന്നെ മാർക്ക് ലിസ്റ്റ് വിതരണവും ഒരാഴ്ചക്കുള്ളിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റും ലഭിച്ചാൽ തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് അൽപമെങ്കിലും പരിഹാരമാവുമെന്ന് വിദ്യാർഥികൾ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog