മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസ്സറാക്കാൻ നീക്കം; നിയമനം യുജിസി യോഗ്യതകൾ മറികടന്ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 16 November 2021

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസ്സറാക്കാൻ നീക്കം; നിയമനം യുജിസി യോഗ്യതകൾ മറികടന്ന്


മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് എക്സ്.എം.പി യുടെ ഭാര്യയെ യുജിസി യോഗ്യതകൾ മറികടന്ന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ തിരക്കിട്ട നീക്കം. നിലവിലെ വൈസ് ചാൻസലർ പ്രൊഫ:ഗോപിനാഥ് രവീന്ദ്രൻ നവംബർ 23 ന് കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് ഇൻറർവ്യൂ നടത്താനാണ് തീരുമാനം.

സിപിഎം ന്‍റെ പ്രമുഖ നേതാക്കന്മാരുടെ ഭാര്യമാർക്ക് വിവിധ സർവകലാശാലകളിൽ അസിസ്റ്റൻറ് പ്രൊഫസർമാരായാണ് നിയമനം നൽകിയതെങ്കിൽ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെ ഒരുപടി മുകളിൽ അസോസിയേറ്റ് പ്രൊഫസറായി നേരിട്ടാണ് നിയമനം നൽകുന്നത്. 1,31400 & 2,17100 രൂപ ശമ്പളസ്കെയിലിൽ ഒന്നര ലക്ഷം രൂപയാണ് തുടക്കത്തിൽ അസോസിയേറ്റ് പ്രൊഫസറുടെ ശമ്പളം .

2021 നവംബർ 12വരെ അപേക്ഷ സ്വീകരിച്ച്, തൊട്ട് അടുത്ത ദിവസം തന്നെ വിസി നിയോഗിച്ച സ്ക്രീനിംഗ് കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് രാഗേഷിന്റെ ഭാര്യ ഉൾപ്പടെ ആറു പേരുടെ ഹ്രസ്വപട്ടികയാണ് ഇന്റർവ്യൂവിന് ക്ഷണിക്കാൻ തയ്യാറാക്കിയിരിക്കുന്നത്. വിവിധ അധ്യാപക തസ്തികകൾക്കായി മാസങ്ങൾക്കുമുമ്പ് ക്ഷണിച്ച അപേക്ഷകളിൽ ഒരു നടപടിയും കൈക്കൊള്ളാതിക്കെ, അപേക്ഷ സ്വീകരിച്ച തൊട്ടടുത്ത ദിവസം തന്നെ സ്ക്രീനിംഗ് നടത്തിയത് വിസി യുടെ മേലുള്ള സമ്മർദ്ദത്തെ തുടർന്നാണെന്ന് ആക്ഷേപമുണ്ട്.

അസോസിയേറ്റ് പ്രൊഫസർക്ക് ഗവേഷണ ബിരുദദവും എട്ടുവർഷം അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യതയായി യുജിസി നിശ്ചയിച്ചിട്ടുള്ളത്. 2018 ലെ യുജിസി നിയമം 3- 9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ,നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു.സ്റ്റുഡൻസ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക തസ്തികയായതിനാൽ പ്രസ്തുത സർവീസും അധ്യാപന പരിചയമായി ഉൾപ്പെടുത്താനാവില്ല. എന്നാൽ ഈ കാലയളവുകൾ മുഴുവനും അധ്യാപന പരിചയമായി കണക്കിലെടുത്താണ് സ്ക്രീനിംഗ് കമ്മിറ്റി പ്രിയ വർഗീസിനെ ഇൻറർവ്യൂ പട്ടികയിൽ ഉൾപ്പെടുത്തിയത്.എട്ടു വർഷത്തെ അധ്യാപന പരിചയം വേണ്ട പ്രിയ വർഗീസിന് ചട്ടപ്രകാരം നാല് വർഷത്തെ അധ്യാപന പരിചയം മാത്രമാണുള്ളത്.

യുജിസി വ്യവസ്ഥകൾ പാടേ അവഗണിച്ച്, അസോസിയേറ്റ് പ്രൊഫസ്സറാകാൻ യോഗ്യതയില്ലാത്ത പ്രിയ വർഗീസിനെ ഇന്റർവ്യൂ പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി റദ്ദാക്കണമെന്നും അപേക്ഷ പരിശോധിച്ച് യോഗ്യത പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കണ്ണൂർ വൈസ് ചാൻസലർക്കും നിവേദനം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog