സംസ്ഥാനത്ത് കനത്ത മഴകെടുതി രൂക്ഷം,രക്ഷാ പ്രവർത്തനം ഊര്‍ജിതം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 16 October 2021

സംസ്ഥാനത്ത് കനത്ത മഴകെടുതി രൂക്ഷം,രക്ഷാ പ്രവർത്തനം ഊര്‍ജിതം

സംസ്ഥാനത്ത് കനത്ത മഴകെടുതി രക്ഷാ പ്രവർത്തനം ഊര്‍ജിതം

uploads/news/2021/10/520617/heavy rain.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം. എല്ലാ അണക്കെട്ടുകളിലേയും നിലവിലെ സ്ഥിതി വിലയിരുത്താന്‍ കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലേക്ക് ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്തണമെന്നും അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ പ്രളയ സാധ്യത ഇല്ലെന്നും അനാവശ്യമായ ആശങ്കകള്‍ വേണ്ടെന്നും റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

പൊലീസ് സ്റ്റേഷനുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകസംഘങ്ങള്‍ രൂപീകരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ചെറിയ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങള്‍, വെളിച്ച സംവിധാനം എന്നിവയും കരുതും. നദികള്‍, കായല്‍, കടല്‍ തീരങ്ങളില്‍ വസിക്കുന്നവരെ ആവശ്യമെങ്കില്‍ ഒഴിപ്പിക്കുന്നതിന് വേണ്ട സഹായം ഉറപ്പാക്കും. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പ്രത്യേക പൊലീസ് സുരക്ഷ ഏര്‍പ്പെടുത്താനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം, നാളെ മുതല്‍ ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിനാല്‍ വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ ഔദ്യോഗിക വൃത്തങ്ങള്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്‍കി.

അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസ് സേനയെ മുഴുവനായും സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണിയും, ശക്തമായ മഴയും തുടരുന്നതിനാല്‍ ജില്ലകളില്‍ പൊലീസിന്റെ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog