കേരളം 'ജല ബോംബിന്‌' മുകളില്‍; തുടര്‍ച്ചയായ പ്രളയങ്ങള്‍ സൂചന, തീവ്രമ​ഴ കൊങ്കണ്‍ കാടുകളില്‍നിന്ന് പാലക്കാടുവരെ എത്തി ? കാത്തിരിക്കുന്നത്‌ കൊടിയ വരള്‍ച്ച - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 19 October 2021

കേരളം 'ജല ബോംബിന്‌' മുകളില്‍; തുടര്‍ച്ചയായ പ്രളയങ്ങള്‍ സൂചന, തീവ്രമ​ഴ കൊങ്കണ്‍ കാടുകളില്‍നിന്ന് പാലക്കാടുവരെ എത്തി ? കാത്തിരിക്കുന്നത്‌ കൊടിയ വരള്‍ച്ചഇപ്പോള്‍ തന്നെ അണക്കെട്ടുകള്‍ എല്ലാം നിറഞ്ഞനിലയിലാണ്‌. നദികളിലും ജലം കവിഞ്ഞു ഒഴുകുന്നു. തുടര്‍ച്ചയായ മഴ ഭൂമിയെ കുതിര്‍ത്തു. ഇതൊക്കെയാണ്‌ ആശങ്കപ്പെടേണ്ടവ. കേരളത്തിന്റെ ഭൂഘടന പ്രളയ ജലത്തിന്റെ ആക്കം കൂട്ടുന്നതാണു തുടര്‍ച്ചയായ വര്‍ഷങ്ങള്‍ തെളിയിക്കുന്നതും. അതുകൊണ്ടു തന്നെയാണ്‌ ആശങ്കപ്പെടേണ്ടതുണ്ടെന്ന്‌ കാലാവസ്‌ഥാ വിദഗ്‌ധര്‍ പറയുന്നത്‌.

Climate change in Kerala

സംസ്‌ഥാനത്ത്‌ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും കേരളം "ജല ബോംബി"നു മുകളിലെന്നു കാലാവസ്‌ഥാ വിദഗ്‌ധരുടെ മുന്നറിയിപ്പ്‌. ഇതിന്റെ സൂചനയാണു തുടര്‍ച്ചയായ പ്രളയങ്ങള്‍ നല്‍കുന്നതെന്നാണ്‌ അഭിപ്രായം.

2018 ലും 19 ലും തുടര്‍ച്ചയായി രണ്ടു വര്‍ഷമുണ്ടായ പ്രളയത്തെക്കുറിച്ച്‌ കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല, അമേരിക്കയിലെ മയാമി സര്‍വകലാശാല, കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ എന്നിവ സംയുക്‌തമായി നടത്തിയ പഠന ഫലം ആശങ്ക സൃഷ്‌ടിക്കുന്നതുതന്നെയാണ്‌.
ഭൂനിരപ്പില്‍നിന്നു താരതമ്യേന കുറഞ്ഞ ദൂരത്തില്‍(ഏകദേശം ആറു കിലോമീറ്ററിലും താഴെ) നിമ്പോസ്‌ട്രാറ്റസ്‌ മേഘങ്ങളില്‍നിന്നും തോരാതെ കിട്ടുന്ന ശക്‌തികുറഞ്ഞ മഴയായിരുന്നു കേരളത്തിലെ കാലവര്‍ഷത്തിന്റെ മുന്‍കാല സ്വഭാവം. എന്നാല്‍, സമീപ വര്‍ഷങ്ങളില്‍ കാലവര്‍ഷ സമയത്ത്‌ മഴരഹിത ഇടവേളകളുടെ ദൈര്‍ഘ്യം കൂടുന്നത്‌, പെയ്യുന്ന കുറച്ചു സമയത്ത്‌ ശക്‌തിയേറിയ മഴയ്‌ക്കു കാരണമാകുന്നു. 2018 ലും 19 ലും കഴിഞ്ഞ ദിവസങ്ങളിലുമുണ്ടായത്‌ ഇത്തരത്തിലുള്ള മഴയായിരുന്നു. ഇത്‌ ആവര്‍ത്തിക്കുന്നത്‌ ആശങ്കയ്‌ക്കു കാരണമാണ്‌.

രാജ്യത്ത്‌ പെരുമഴയ്‌ക്കു പശ്‌ചിമഘട്ടത്തിലെ കൊങ്കണ്‍ കാടുകളും മുംബൈ തീരവും. നേരത്തെ തന്നെ പ്രസിദ്ധമാണ്‌. എന്നാല്‍ 2013 മുതല്‍ 2017 വരെയുള്ള കാലയളവില്‍ കൊങ്കണ്‍ പ്രദേശത്ത്‌ നേരത്തെ കണ്ടിരുന്ന തീവ്രമഴ കുറേകൂടി തെക്കോട്ട്‌ മാറി കേരളത്തിന്റെ പാലക്കാടിനു വടക്കുവരെ വ്യാപിച്ചതായി സൂചന ലഭിച്ചു. കേരളത്തിന്‌ ആശങ്കപ്പെടേണ്ട സാഹചര്യമാണുള്ളതെന്നു പഠനം പറയുന്നു. ഇത്‌ ഉറപ്പിച്ചു പറയാന്‍ കൂടുതല്‍ പഠനം ആവശ്യമാണ്‌.

2018 ലേത്‌ മഹാപ്രളയമായാണു വിലയിരുത്തുന്നത്‌. 2019 ലേത്‌ താരതമ്യേന തീവ്രത കുറഞ്ഞ പ്രളയമായും കണക്കാക്കുന്നു. എങ്കിലും 2019 ലെ പ്രളയമഴയുടെ സ്വഭാവം കൂടുതല്‍ ആശങ്കപ്പെടുത്തുന്നതാണെന്നു പഠനം പറയുന്നു. കഴിഞ്ഞ ദിവസം കോട്ടയത്തും ഇടുക്കിയിലും സംഭവിച്ചതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്‌.

പൊടുന്നനെ പെയ്യുന്ന തീവ്രമഴയ്‌ക്കും, തുടര്‍ച്ചയായി പെയ്‌ത്‌ കുതിര്‍ന്നു കിടക്കുന്ന അവസ്‌ഥയില്‍ പെയ്യുന്ന താരതമ്യേന ശക്‌തി കൂടിയ മഴയ്‌ക്കും ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, സോയില്‍ പൈപ്പിങ്ങ്‌, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവ സൃഷ്‌ടിക്കാന്‍ കഴിയും. അതുകൊണ്ടു തന്നെയാണു നാളെ വീണ്ടും പെയ്യുമെന്ന മുന്നറിയിപ്പിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നത്‌. മഴയ്‌ക്കു മുമ്പേ അണക്കെട്ടുകള്‍ തുറക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകവും മറ്റൊന്നല്ല. ഇപ്പോള്‍ തന്നെ അണക്കെട്ടുകള്‍ എല്ലാം നിറഞ്ഞനിലയിലാണ്‌. നദികളിലും ജലം കവിഞ്ഞു ഒഴുകുന്നു. തുടര്‍ച്ചയായ മഴ ഭൂമിയെ കുതിര്‍ത്തു. ഇതൊക്കെയാണ്‌ ആശങ്കപ്പെടേണ്ടവ. കേരളത്തിന്റെ ഭൂഘടന പ്രളയ ജലത്തിന്റെ ആക്കം കൂട്ടുന്നതാണു തുടര്‍ച്ചയായ വര്‍ഷങ്ങള്‍ തെളിയിക്കുന്നതും. അതുകൊണ്ടു തന്നെയാണ്‌ ആശങ്കപ്പെടേണ്ടതുണ്ടെന്ന്‌ കാലാവസ്‌ഥാ വിദഗ്‌ധര്‍ പറയുന്നത്‌.

തുലാവര്‍ഷം ശക്‌തിപ്രാപിക്കുന്നതിനു മുമ്പേ കനത്ത മഴ ലഭിക്കുന്നത്‌ ആശങ്കപ്പെടേണ്ടതു തന്നെയാണ്‌. ഒരു പക്ഷേ, തുലാവര്‍ഷം നേരത്തെ പെയതൊഴിഞ്ഞതാണെങ്കില്‍ വരും നാളുകളെ കാത്തിരിക്കുന്നത്‌ കൊടിയ വരള്‍ച്ചയാകുമുള്ള സാധ്യത തള്ളിക്കളയാനാകില്ല.
പസിഫിക്‌ സമുദ്രത്തില്‍ ലാ ലിനക്കടുത്ത സാഹചര്യം രൂപപ്പെട്ടതും ബംഗാള്‍ ഉള്‍ക്കടല്‍ കൂടുതല്‍ ചൂടാകുന്നതും മഴ ശക്‌തിപ്പെടാന്‍ കാരണമാകുന്നുണ്ടെന്നാണു ഗവേഷകര്‍ നല്‍കുന്ന സൂചന.

തുറന്ന അണക്കെട്ടുകള്‍

ഠ പത്തനംതിട്ട ജില്ലയിലെ കക്കി-ആനത്തോട്‌, മൂഴിയാര്‍, മണിയാര്‍.
ഠ ഇടുക്കി ജില്ലയിലെ ഭൂതത്താന്‍കെട്ട്‌, മലങ്കര.
ഠ തൃശൂര്‍ ജില്ലയിലെ പീച്ചി, ചിമ്മിനി, പൂമല, അസുരന്‍കുണ്ട്‌, പത്താഴക്കുണ്ട്‌, വാഴാനി.
ഠ പാലക്കാട്‌ ജില്ലയിലെ ഷോളയാര്‍, മംഗലം, മലമ്പുഴ, കാഞ്ഞിരപ്പുഴ, ശിരുവാണി.

ഇന്ന്‌ തുറക്കുന്നവ

ഇടുക്കി അണക്കെട്ട്‌ രാവിലെ 11-നും പത്തനംതിട്ട ജില്ലയിലെ പമ്പ പുലര്‍ച്ചെ അഞ്ചിനും എറണാകുളം ജില്ലയിലെ ഇടമലയാര്‍ രാവിലെ ആറിനും തുറക്കും. ഇടമലയാറില്‍ രണ്ട്‌ ഷട്ടറുകള്‍ 80 സെ.മീ. ഉയര്‍ത്തി, സെക്കന്‍ഡില്‍ 100 ക്യുബിക്‌ മീറ്റര്‍ ജലമൊഴുക്കും. പെരിയാറിലെ ജലനിരപ്പില്‍ കാര്യമായ വ്യതിയാനം പ്രതീക്ഷിക്കുന്നില്ലെങ്കിലും പുഴയുടെയും കൈവഴികളുടെയും സമീപത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന്‌ എറണാകുളം ജില്ലാ കലക്‌ടര്‍ അറിയിച്ചു. ഇടമലയാറിലെ പരമാവധി ജലനിരപ്പ്‌ 169 മീറ്ററാണ്‌. നിലവിലെ ജലനിരപ്പ്‌ 165.45 മീറ്റര്‍.

ജി. അരുണ്‍


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog