ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരു വടിയെങ്കിലും കുത്തി നിർത്തിയിരുന്നേൽ കേരള പോലീസ് ഭേദപ്പെട്ട രീതിയിൽ ജോലി ചെയ്തേനേ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം ആക്ഷേപിച്ചു. ജനങ്ങളെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് സേനയുടെ ക്രൂരകൃത്യങ്ങൾ കണി കണ്ടുണരേണ്ട ഗതികേടിലേയ്ക്ക് കേരളം അധഃപതിച്ചിരിക്കുന്നെന്ന് കെ. സുധാകരൻ പറഞ്ഞു.

”ജനങ്ങളെ സഹായിക്കാൻ വേണ്ടിയുള്ളവരാണ് പൊലീസ് എന്ന പ്രാഥമിക പാഠം സേനയ്ക്ക് ആരാണ് പഠിപ്പിച്ച് കൊടുക്കുക? ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരു വടിയെങ്കിലും കുത്തി നിർത്തിയിരുന്നേൽ കേരള പോലീസ് ഭേദപ്പെട്ട രീതിയിൽ ജോലി ചെയ്‌തേനേ എന്ന് പൊതുജനം പറഞ്ഞു തുടങ്ങിയത് CPM കാണാതെ പോകരുത്”- കെ.സുധാകരൻ പരിഹസിച്ചു.
കോൺഗ്രസിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് നോക്കി നടക്കുന്ന പാർട്ടി സെക്രട്ടറി അടിയന്തിരമായി ആർഎസ്എസുകാരെ പുറത്താക്കി കഴിവുള്ള ഒരു സിപിഎം – എംഎൽഎയെ ആഭ്യന്തര മന്ത്രി ആക്കാൻ തയ്യാറാകണം. അതിന് ഭയമാണെങ്കിൽ ജനം പറയുന്നത് പോലെ ആ കസേരയിൽ ഒരു വടികുത്തിവെച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സിപിഎം തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ”കോൺഗ്രസിൽ നിന്ന് ഒഴുകി എത്തുന്ന മാലിന്യങ്ങൾ പെറുക്കി എടുക്കുന്നതിനിടയിൽ പാർട്ടി സെക്രട്ടറി ഈ കടമ മറന്ന് പോകരുത്”- അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പോലീസിനെ ആർ.എസ്.എസ് നിയന്ത്രണത്തിൽ നിന്നും ഉടൻ മോചിപ്പിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം നടത്തുമെന്ന് കെ.സുധാകരന്‍ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
-------------------------------------

സമ്പൂർണ അരാജകത്വത്തിലേക്കാണ് കേരളം നടന്നു നീങ്ങുന്നത്. ജനങ്ങളെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട പോലീസ് സേനയുടെ ക്രൂരകൃത്യങ്ങൾ കണി കണ്ടുണരേണ്ട ഗതികേടിലേയ്ക്ക് കേരളം അധഃപതിച്ചിരിക്കുന്നു. നാഥനില്ലാ കളരി ആയി കേരളത്തിൻ്റെ ആഭ്യന്തര വകുപ്പ് മാറിയിട്ട് അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. കസ്റ്റഡി മരണങ്ങൾ തുടർകഥ ആയിരിക്കുന്നു. എത്ര വലിയ കുറ്റം ചെയ്താലും ഖജനാവിലെ കോടികൾ മുടക്കി കുറ്റവാളികളെ സംരക്ഷിക്കാൻ ഭരണത്തിലുള്ള സർക്കാർ തന്നെ തയ്യാറാകുമ്പോൾ ക്രിമിനലുകൾ ആരെയാണ് ഭയക്കേണ്ടത്? കേരള പോലീസിനെ നിയന്ത്രിക്കുന്നത് RSS ആണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ നേതാക്കൾ പരസ്യമായി വിളിച്ചു പറഞ്ഞത് പിണറായി വിജയന് ഭൂഷണമായിരിക്കാം, പക്ഷേ കേരളത്തിന് അത് അപമാനമാണ്.

“മുഖ്യമന്ത്രി കൊള്ളാം പക്ഷേ ആഭ്യന്തര മന്ത്രി വൻ പരാജയം ” എന്ന പിണറായി വിജയ സ്തുതിപാഠകരുടെ ചൊല്ല് കേരളം മറന്നിട്ടില്ല. അക്രമികളും അരാജകവാദികളും അഴിഞ്ഞാടുന്ന വാർത്തകൾ കേരളത്തിന് പുതുമയല്ലാതായിരിക്കുന്നു. ജനങ്ങളെ സഹായിക്കാൻ വേണ്ടിയുള്ളവരാണ് പോലീസ് എന്ന പ്രാഥമിക പാഠം സേനയ്ക്ക് ആരാണ് പഠിപ്പിച്ച് കൊടുക്കുക? ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരു വടിയെങ്കിലും കുത്തി നിർത്തിയിരുന്നേൽ കേരള പോലീസ് ഭേദപ്പെട്ട രീതിയിൽ ജോലി ചെയ്തേനേ എന്ന് പൊതുജനം പറഞ്ഞു തുടങ്ങിയത് CPM കാണാതെ പോകരുത്. കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടോയെന്ന് നോക്കി നടക്കുന്ന പാർട്ടി സെക്രട്ടറി അടിയന്തിരമായി RSS കാരെ പുറത്താക്കി കഴിവുള്ള ഒരു CPM – MLA യെ ആഭ്യന്തര മന്ത്രി ആക്കാൻ തയ്യാറാകണം. അതിന് ഭയമാണെങ്കിൽ ജനം പറയുന്നത് പോലെ ആ കസേരയിൽ ഒരു വടികുത്തിവെച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ CPM തയ്യാറാകണം.
കോൺഗ്രസിൽ നിന്ന് ഒഴുകി എത്തുന്ന മാലിന്യങ്ങൾ പെറുക്കി എടുക്കുന്നതിനിടയിൽ പാർട്ടി സെക്രട്ടറി ഈ കടമ മറന്ന് പോകരുത്. പ്രതിപക്ഷ നിയമസഭാംഗങ്ങളെ നേരിടാൻ കഴിവില്ലാത്തതിനാൽ മന്ത്രിമാർക്ക് പരിശീലനം ഏർപ്പെടുത്താൻ പോകുന്നത് രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് കാണുന്നത്. നിയമസഭയിൽ 41 മികച്ച സാമാജികരെ നേരിടാൻ കഴിയാതെ വിയർക്കുന്ന ആ 99 പേരെ നിയമസഭാ സമ്മേളനത്തിൽ ജനം കണ്ടു കഴിഞ്ഞു. തദവസരത്തിൽ മന്ത്രിമാർക്ക് പരിശീലനം നൽകാൻ ഇറങ്ങുമ്പോൾ കണക്കറ്റ ഉപദേശികളെ ചുറ്റിനും നിരത്തിയിട്ടും ഭരിക്കാനറിയാത്ത പിണറായി വിജയനെ CPM കാണാതെ പോകരുത്. ഉപദേശികളെയും പരിശീലകരെയും കൂട്ടി ഖജനാവ് കാലിയാക്കാതെ, കൂട്ടത്തിൽ കഴിവുള്ളവർ ഇല്ലെങ്കിൽ ആഭ്യന്തര വകുപ്പിലടക്കം ഘടകകക്ഷികളെയെങ്കിലും പരിഗണിച്ച് ഭേദപ്പെട്ട ഭരണം നടത്താൻ LDF ഇനിയെങ്കിലും തയ്യാറാകണം. കേരള പോലീസിനെ RSS നിയന്ത്രണത്തിൽ നിന്നും ഉടൻ മോചിപ്പിച്ചില്ലെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉണ്ടാകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha