സെൻട്രൽ ജയിലിലേക്ക്‌ കഞ്ചാവും മൊബൈലും എറിഞ്ഞുനൽകി:ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 25 September 2021

സെൻട്രൽ ജയിലിലേക്ക്‌ കഞ്ചാവും മൊബൈലും എറിഞ്ഞുനൽകി:ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞുകണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക്‌ പുറത്തുനിന്ന് അജ്ഞാതർ കഞ്ചാവ്‌ പൊതിയും മൊബൈൽ ഫോണും എറിഞ്ഞുകൊടുത്തു. കമ്പിവേലി കടന്ന്‌ മതിലിനരികെ എത്തിയ തടവുകാരൻ വലിയ പൊതിയുമായി വരുന്നത്‌ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ്‌ പുറത്തുനിന്ന്‌ എറിഞ്ഞുകൊടുത്ത കഞ്ചാവുപൊതിയും മൂന്ന്‌ മൊബൈൽ ഫോണുകളുമാണെന്ന്‌ തെളിഞ്ഞത്.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. റെയ്‌ഡിൽ രണ്ടര കിലോയോളം കഞ്ചാവും മൂന്ന് മൊബൈൽ ഫോണുകളും പിടികൂടി. ബീഡി, ഹെഡ്സെറ്റ്, പവർ ബാങ്ക് എന്നിവയും പിടികൂടി.

തടവുകാർക്കുള്ള ഭക്ഷണം ഉണ്ടാക്കാനായി അഞ്ച് തടവുകാരെ സെല്ലിൽനിന്ന്‌ അടുക്കളയിലേക്ക്‌ വിട്ടിരുന്നു. ഇതിനിടെ ഏഴാം ബ്ളോക്കിലെ ഒരു തടവുകാരൻ ബ്ളോക്കിലെ ശൗചാലയത്തിൽ പോകണമെന്ന് വാർഡൻമാരോട് ആവശ്യപ്പെട്ടു. ജീവനക്കാർ പിന്തുടർന്നപ്പോഴാണ്‌ പുറത്തുനിന്ന്‌ എറിഞ്ഞ കഞ്ചാവും മൊബൈൽ ഫോണും ലഭിച്ചത്‌.

ഇവിടെവെച്ച് തടവുകാരൻ ഫോൺചെയ്യുന്നതായും സി.സി.ടി.വി.യിൽ കണ്ടെത്തി. ഫോണുകൾ സിം ഉള്ളവയാണ്. ഇതിലൊന്ന് സ്മാർട്ട് ഫോൺ ആണ്.

നാലുപേരാണ് ഫോണും മറ്റുസാധനങ്ങളും എറിഞ്ഞുകൊടുത്തതെന്നും സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന്‌ വ്യക്തമായി. പിടിയിലായ തടവുകാരനെ ചോദ്യംചെയ്തപ്പോൾ മറ്റൊരു തടവുകാരൻ പറഞ്ഞിട്ടാണ് കഞ്ചാവ് എത്തിച്ചതെന്നായിരുന്നു മറുപടി. സെൻട്രൽ ജയിൽ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

ജയിലുകളിൽ മൊബൈൽ ഫോണും കഞ്ചാവും വ്യാപകമാവുകയാണെന്ന വിവരത്തെ തുടർന്നാണ് കണ്ണൂരിലും റെയ്ഡ് നടത്തിയത്.

കഴിഞ്ഞ ശനിയാഴ്ച നടത്തിയ പരിശോധനയിൽ ജയിൽ വളപ്പിൽ മാരകായുധങ്ങളും മൊബൈൽ ഫോണുകളും കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog