മംഗളൂരുവില്‍ ലാബ് ടെക്‌നീഷ്യന് നിപ ലക്ഷണം, സമ്പര്‍ക്കപട്ടികയില്‍ മലയാളിയും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 14 September 2021

മംഗളൂരുവില്‍ ലാബ് ടെക്‌നീഷ്യന് നിപ ലക്ഷണം, സമ്പര്‍ക്കപട്ടികയില്‍ മലയാളിയും


മംഗളൂരു: ദക്ഷിണ കന്നഡയിലെ മംഗളൂരൂവില്‍ ഒരാള്‍ക്ക് നിപ രോഗലക്ഷണം. വെന്‍ലോക് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ് രോഗലക്ഷണം കണ്ടെത്തിയത്. തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് ഇയാള്‍ നേരിട്ട് ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ എല്ലാ ലക്ഷണങ്ങളുമില്ലെന്നും ചെറിയ പനി മാത്രമാണുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇയാളുടെ സ്രവ സാമ്പിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

അടുത്തിടെ ഗോവയിലേക്ക് യാത്രയും നടത്തിയ ഇയാളുടെ സമ്പര്‍ക്കപട്ടികയില്‍ മലയാളിയും ഉള്‍പ്പെടുന്നുണ്ട്. നിപ വൈറസ് ബാധിതനാകാനുള്ള സാധ്യത കുറവാണെന്നും പുണെയില്‍ നിന്ന് ഫലം വരുന്നതിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മംഗളൂരു നഗരത്തില്‍ ജാഗ്രത കടുപ്പിച്ചിട്ടുണ്ട്. തലപ്പാടി ചെക്‌പോസ്റ്റ് കടന്ന് കേരളത്തില്‍ നിന്നും എത്തുന്നവരില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.

അതേസമയം കേരളത്തില്‍ നിപ ആശങ്ക ഏതാണ്ട് പൂര്‍ണമായും ഒഴിയുന്നുവെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരം. പന്ത്രണ്ട്‌ വയസുകാരൻ നിപ ബാധിച്ചു മരിച്ച കോഴിക്കോട് പാഴൂരിൽ നിന്ന് കഴിഞ്ഞ ദിവസം ശേഖരിച്ച 15 സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട്ട് നിന്ന് മൃഗസംരക്ഷണ വകുപ്പ് ഭോപ്പാലിലെ ലാബിലേക്ക് അയച്ച വവ്വാലുകളുടേയും ആടുകളുടേയും സ്രവസാമ്പിളുകളില്‍ നിപ ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ ചാത്തമംഗലം മേഖലയില്‍ നടത്തിയ പരിശോധനയിലും സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല...

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog