കാട്ടാനകൾ കൃഷിയിടത്തിൽ; ആനക്കൂട്ടം ചവിട്ടിക്കൂട്ടി നശിപ്പിച്ചത് നൂറോളം വാഴകൾ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 4 September 2021

കാട്ടാനകൾ കൃഷിയിടത്തിൽ; ആനക്കൂട്ടം ചവിട്ടിക്കൂട്ടി നശിപ്പിച്ചത് നൂറോളം വാഴകൾ


ഇരിട്ടി : ആറളം ഫാമിൽ തമ്പടിച്ചു കിടക്കുന്ന കാട്ടാനകളെ തുരത്തി കാടുകയറ്റാനുള്ള ശ്രമം ഒരു ഭാഗത്തു നടക്കുമ്പോൾ മറുഭാഗത്ത് കർഷകന്റെ ജീവനോപാധിയായി നട്ടു നനച്ച്  വളർത്തിയ കാർഷികവിളകൾ  മുഴുവൻ കാട്ടാനകൾ തകർക്കുന്ന ദയനീയ രംഗവും മേഖലകളിൽ അരങ്ങേറുകയാണ്.  വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി   മുഴക്കുന്നിലെ പാലപ്പുഴ പുഴയോരത്തെ  സാദത്തിന്റെ കൃഷിയിടത്തിൽ കയറിയ ആനക്കൂട്ടം   ചവിട്ടിക്കൂട്ടി നശിപ്പിച്ചത് നൂറോളം വാഴകളാണ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സാദത്തിന്റെ കൃഷിയിടത്തിൽ നിന്നും കാട്ടാനക്കൂട്ടം നശിപ്പിച്ചത് കുലക്കാറായ അറുനൂറോളം വാഴകളാണ്. ഒരു വർഷത്തിനിടയിൽ അറുപതോളം തവണ കാട്ടാനകൾ തന്റെ കൃഷിയിടത്തിൽ എത്തിയിട്ടുണ്ടെന്നാണ് സാദത്ത് പറയുന്നത്. 
  ആറളം ഫാമിൽ തമ്പടിച്ചു കിടക്കുന്ന കാട്ടാനക്കൂട്ടങ്ങളാണ് ഫാമിന് ചുറ്റുമുള്ള മുഴക്കുന്ന്, ആറളം, പേരാവൂർ തുടങ്ങിയ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ ഇറങ്ങി നാശം വിതക്കുന്നത്. ആനകളുടെ അക്രമം തുടരുകയും  ജനങ്ങളുടെ പ്രതിഷേധം കണക്കുകയും ചെയ്യുമ്പോൾ ആനതുരത്താൽ എന്ന പ്രക്രിയയുമായി വനം വകുപ്പധികൃതർ ഇറങ്ങും. ഇങ്ങിനെ നിരവധി തവണ ഇവിടെ  ആനതുരത്തൽ  നടന്നെങ്കിലും അടുത്ത മണിക്കൂറിൽ തന്നെ  ഇവ വീണ്ടും ഫാമിലേക്കു മടങ്ങി  എത്തുന്നു. വ്യാഴ്ചയും കനത്ത സുരക്ഷയൊരുക്കി ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്തൽ പ്രക്രിയ നടന്നിരുന്നു. ഡി എഫ്  ഒ പി. കാർത്തിക്ക്  ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്‌ന എന്നിവരാണ് തുരത്തലിന്  നേതൃത്വം നൽകുന്നത്. ഇതിനിടയിലാണ് വ്യാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി സാദത്തിന്റെ കൃഷിയിടത്തിൽ ആനക്കൂട്ടത്തിന്റെ  ആക്രമണമുണ്ടായിരിക്കുന്നത് . 
  വിദേശത്തുള്ള ബന്ധുക്കളുടെയും കുടുംബക്കാരുടേയും സഹായത്താൽ പാലപ്പുഴ പുഴയോരത്ത്  പത്ത് ഏക്കർ സ്ഥലം വാങ്ങി കൃഷി നടത്തി ജീവിതം കുരുപ്പിടിക്കാനുള്ള ശ്രമമാണ് ആനക്കൂട്ടം തകർത്തത്.  ആദ്യഘട്ടത്തിൽ കൃഷി ചെയ്ത  3000ത്തോളം വാഴകളിൽ പതുതിയും കാട്ടാന നശിപ്പിചിരുന്നു . രണ്ടാംഘട്ടത്തിൽ നടത്തിയ 1000വാഴകളിൽ 600എണ്ണമാണ് മൂന്ന് നാല് ദിവസംകൊണ്ട് ചവിട്ടികൂട്ടിയത്. 
പാലപ്പുഴ  കടന്ന് എത്തുന്ന ആനക്കൂട്ടത്തെ പ്രതിരോധിക്കുന്നതിനായി തോട്ടം മുഴുവൻ ലക്ഷങ്ങൾ മുടക്കി കമ്പി വേലി സ്ഥാപിച്ചെങ്കിലും കുറെ ഭാഗം കാട്ടാനകൾ തന്നെ നശിപ്പിച്ചു. സ്വന്തം ആവശ്യത്തിനും വിൽപ്‌നയ്ക്കുമായി മൂന്ന് ഏക്കറിൽ നട്ടുവളർത്തിയ തീറ്റ പുൽകൃഷിയിൽ മുക്കൽ ഭാഗവും നശിപ്പിച്ചു.  പിടിച്ചു നില്ക്കാൻ വഴിയില്ലാതായതോടെ ഒരു മാസം മുൻമ്പ്  സാദത്തും പറമ്പിലെ തൊഴിലാളികളും  ചേർന്ന് ആനക്കൂട്ടം നശിപ്പിച്ച വാഴക്കുലയുമായി ഇരിട്ടിയിലെ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. ആനയിറങ്ങാതിരിക്കാൻ നടപടി  സ്വീകരിക്കാമെന്ന ഉറപ്പിൻ മേലാണ് സമരം പിൻവലിച്ചതെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog