മൂന്നാം തരംഗം മുറ്റത്ത്‌ ; അതീവ ജാഗ്രത , തുടക്കം കേരളത്തിലൂടെയെന്ന്‌ വിദഗ്‌ധസമിതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



uploads/news/2021/08/509995/k1.jpg

തിരുവനന്തപുരം/ന്യൂഡല്‍ഹി: കേരളം വഴി കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്തിന്റെ പടിവാതിലില്‍. ഒക്‌ടോബറോടെ മൂര്‍ധന്യത്തിലെത്തുന്ന മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാരിനു വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട്‌. ഓണാഘോഷം രോഗവ്യാപനത്തിനു കാരണമായെന്ന ഭീഷണിയുള്ളതിനാല്‍ സംസ്‌ഥാനത്തു നാലാഴ്‌ച അതീവ ജാഗ്രത വേണമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ മുന്നറിയിപ്പു നല്‍കി. സ്‌ഥിതി വിലയിരുത്താന്‍ സംസ്‌ഥാന ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം ഇന്ന്‌.
കേരളത്തിലെ രോഗവ്യാപന തീവ്രത ചൂണ്ടിക്കാട്ടിയാണ്‌ മൂന്നാം തരംഗം എത്തിക്കഴിഞ്ഞെന്നു നാഷനല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റിനു കീഴില്‍ രൂപവത്‌കരിച്ച വിദഗ്‌ധസമിതി അഭിപ്രായപ്പെട്ടത്‌. 1.1 ആണു കേരളത്തിലെ ആര്‍ വാല്യു (വ്യാപന നിരക്ക്‌). ഒരാളില്‍നിന്ന്‌ ഒന്നിലധികം പേരിലേക്കു രോഗം വ്യാപിക്കുന്നുണ്ടെന്നാണ്‌ ഇതിനര്‍ഥം. ഈ സൂചനകള്‍ തള്ളിക്കളയരുതെന്നു പ്രധാനമന്ത്രിയുടെ ഓഫീസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിദഗ്‌ധസമിതി പറഞ്ഞു.
മുതിര്‍ന്നവരെപ്പോലെ കുട്ടികള്‍ക്കും രോഗഭീഷണിയുള്ളതിനാല്‍ പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കു വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടില്ലെന്നതു മൂന്നാം തരംഗത്തിന്റെ ഭീഷണി വര്‍ധിപ്പിക്കുന്നെന്ന വിലയിരുത്തലിന്റെകൂടി അടിസ്‌ഥാനത്തിലാണ്‌ ഇന്ന്‌ ഉന്നതതല യോഗം ചേരുന്നത്‌. വാക്‌സിനെടുത്തവര്‍ മുന്‍കരുതലെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം വ്യാപിക്കാനിടയുണ്ടെന്നും മന്ത്രി വീണ പറഞ്ഞു.
കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പലയിടത്തും ഓണക്കാലത്ത്‌ വലിയ ആള്‍ക്കൂട്ടമുണ്ടായെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പല പ്രദേശങ്ങളും അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ്‌. മൂന്നാം തരംഗത്തിന്റെ സാഹചര്യം തിരിച്ചറിഞ്ഞ്‌ അതീവ ജാഗ്രത പാലിക്കണം. താലൂക്ക്‌തലം മുതലുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും ഐ.സി.യുവും വെന്റിലേറ്ററുകളും സജ്‌ജമാക്കി ഒരുക്കം നടത്തിയെന്നു മന്ത്രി പറഞ്ഞു. ജില്ലാ ജനറലാശുപത്രികളിലെ ഐ.സി.യുകളെ ഓണ്‍ലൈനായി മെഡിക്കല്‍ കോളജുകളുമായി ബന്ധിപ്പിക്കും. കുട്ടികളുടെ ചികിത്സ കണക്കിലെടുത്ത്‌ പീഡിയാട്രിക്‌ ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു. ഓക്‌സിജന്‍ സംവിധാനമുള്ള 490 പീഡിയാട്രിക്‌ കിടക്കകള്‍, 158 എച്ച്‌.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ 744 കിടക്കകളാണ്‌ കുട്ടികള്‍ക്കായി സജ്‌ജമാക്കുന്നത്‌.
ഓക്‌സിജന്റെ 870 ടണ്‍ കരുതല്‍ ശേഖരമുണ്ട്‌. 33 ഓക്‌സിജന്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ സജ്‌ജമാക്കുന്നതില്‍ ഒമ്പതെണ്ണം പ്രവര്‍ത്തനക്ഷമമായി. ഇവയിലൂടെ 77 ടണ്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാം. പ്രതിദിനം 13 ടണ്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സംവിധാനങ്ങള്‍ സ്വകാര്യ ആശുപത്രികളില്‍ ഒരുങ്ങിയെന്നും മന്ത്രി പറഞ്ഞു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha