സഹകരണ ബാങ്കുകൾക്കുമേൽ ‘കേന്ദ്രബാങ്ക്’ വരുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 16 August 2021

സഹകരണ ബാങ്കുകൾക്കുമേൽ ‘കേന്ദ്രബാങ്ക്’ വരുന്നു


         
തിരുവനന്തപുരം: രാജ്യത്തെ സഹകരണബാങ്കുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി, ദേശീയതലത്തിൽ ‘അപ്പെക്‌സ് ബോഡി’ രൂപവത്കരിച്ചു. ‘അപ്പെക്സ് കോ-ഓപ്പ് ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് ലിമിറ്റഡ്’ എന്നപേരിൽ കമ്പനിയായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്

നബാർഡ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ സാമ്പത്തികസഹായം ഇതുവഴിയാക്കാനാണ് ആലോചന. നിലവിൽ കേരളബാങ്ക് വഴി കാർഷിക വായ്പയ്ക്കായി ലഭിക്കുന്ന റീഫിനാൻസ് ഉൾപ്പെടെ ഇതിലേക്കു മാറും. ഫലത്തിൽ ഫിനാൻസ് കമ്പനി സഹകരണബാങ്കുകളുടെ ‘കേന്ദ്രബാങ്ക്’ ആയി മാറും

അർബൻ ബാങ്കുകൾ, സംസ്ഥാനനിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സഹകരണബാങ്കുകൾ, വായ്പാ സഹകരണസംഘങ്ങൾ, കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾ എന്നിവയാണ് അപ്പെക്‌സ് കോ-ഓപ്പ് ഫിനാൻസ് കമ്പനിയുടെ ഭാഗമാകുന്നത്. എന്നാൽ, തുടക്കത്തിൽ അർബൻ ബാങ്കുകളുടെ അംബ്രല്ല ഓർഗനൈസേഷനായി ഇതിനെ മാറ്റാനാണു തീരുമാനം

സഹകരണ ബാങ്കുകൾക്ക് സാമ്പത്തികസഹായവും സാമ്പത്തികേതര സൗകര്യവും ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്ന് അപ്പെക്‌സ് കോ-ഓപ്പ് ഫിനാൻസ് കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിൽ വ്യക്തമാക്കുന്നു

ഒരേസമയം, സഹകരണബാങ്കുകൾക്ക് സാമ്പത്തിക-സാമ്പത്തികേതര സഹായം നൽകുന്ന കേന്ദ്രസ്ഥാപനമായും റിസർവ് ബാങ്കിന്റെ അംഗീകൃത നിയന്ത്രണ ഏജൻസിയായും ഈ കമ്പനി പ്രവർത്തിക്കും. വാണിജ്യബാങ്കുകൾക്ക് ബാങ്കേഴ്‌സ് സമിതിയാണ് അംഗീകൃത നിയന്ത്രണ ഏജൻസി. സഹകരണ ബാങ്കുകൾക്കായി ഇനി ഈ കന്പനിയായിരിക്കും നിയന്ത്രണ ഏജൻസി. 100 കോടിയുടെ പ്രവർത്തനമൂലധനമാണ് പുതിയ കമ്പനിക്കുള്ളത്

പത്തുരൂപ വിലയുള്ള പത്തുകോടി ഓഹരികളാണുള്ളത്. ഈ ഓഹരികളാണ് സഹകരണബാങ്കുകൾക്കും സംഘങ്ങൾക്കും നൽകുക. അർബൻ ബാങ്കുകളോട് ഓഹരിയെടുക്കാൻ നിർദേശം ലഭിച്ചെങ്കിലും കേരളത്തിലെ അർബൻ ബാങ്ക് അസോസിയേഷൻ അത് അംഗീകരിച്ചിട്ടില്ല.

അർബൻ ബാങ്കുകൾക്കു പുറമേ, പ്രാഥമിക സഹകരണബാങ്കുകളെ ഇതിന്റെ ഭാഗമാക്കിയാൽ അത് സംസ്ഥാനത്തിന്റെ സഹകരണമേഖലയിൽ വലിയ പ്രശ്നങ്ങൾക്കു വഴിവെക്കും. പ്രത്യേകിച്ച്, കേരളബാങ്കിന്റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന നടപടിയാകും

*_സാമ്പത്തികസഹായം_*

സഹകരണബാങ്കുകൾക്കും സംഘങ്ങൾക്കും റീഫിനാൻസ് ഫെസിലിറ്റിയും മൂലധന സഹായവും ഉറപ്പാക്കുകയെന്നതാണ് സാമ്പത്തികസഹായത്തിൽ ഉൾപ്പെടുന്നത്. നിലവിൽ ശരാശരി 2500 കോടിയോളം രൂപ കേരളബാങ്കിന് നബാർഡിന്റെ റീഫിനാൻസ് സഹായം ലഭിക്കുന്നുണ്ട്. കേരളബാങ്ക് വഴി ഇത് പ്രാഥമിക സഹകരണബാങ്കുകൾക്കും കാർഷികസംഘങ്ങൾക്കും വിതരണംചെയ്യുന്നതാണ് രീതി

ഈ സഹായം ഉൾപ്പെടെ ഓരോ സംസ്ഥാനത്തെയും സഹകരണ സംഘങ്ങൾക്കുള്ള റീഫിനാൻസ് അപ്പെക്‌സ് കോ-ഓപ്പ് ഫിനാൻസ് കമ്പനിയിലൂടെ നൽകാനാണു സാധ്യത. സംഘങ്ങളുടെ വളർച്ച, വികസനം, സാമ്പത്തികസ്ഥിരത എന്നിവയ്ക്കുള്ള സാമ്പത്തികസഹായം നൽകുകയെന്നതാണ് കേന്ദ്രസ്ഥാപനത്തിന്റെ പ്രവർത്തനരേഖയിൽ പറയുന്നത്

*_സാമ്പത്തികേതരസഹായം_*

സഹകരണസംഘങ്ങൾക്കും ബാങ്കുകൾക്കും ആധുനിക ഐ.ടി. സേവനങ്ങൾ ലഭ്യമാക്കുക, ഡേറ്റ സെന്റർ സ്ഥാപിക്കുക, സൈബർ സെക്യൂരിറ്റി ഉറപ്പുവരുത്തുക, എ.ടി.എം. ശൃംഖല കൊണ്ടുവരിക, സഹകരണ പേമെന്റ് ഗേറ്റ് വേ സൃഷ്ടിക്കുക, മറ്റു ബാങ്കുകളുമായുള്ള ഇടപാടുകളുടെ സെറ്റിൽമെന്റ് ഏജൻസിയായി പ്രവർത്തിക്കുക തുടങ്ങിയവ അപ്പെക്‌സ് കോ-ഓപ്പ് ഫിനാൻസ് കമ്പനി ചെയ്യും. റിസ്‌ക് മാനേജ്‌മെന്റ്, മ്യൂച്വൽഫണ്ട്, ഇൻഷുറൻസ് കൺസൽട്ടൻസി, മാനേജ്‌മെന്റ് കൺസൽട്ടൻസി, എച്ച്.ആർ. കൺസൽട്ടൻസി, ജീവനക്കാർക്കുള്ള പരിശീലനം എന്നിവയും നിർവഹിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog