എൻെറ കുട്ടി ഓണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


         ഓണം വന്നു.രോഗാണു നിറഞ്ഞ്,ശ്വാസം കിട്ടാതെ     മനുഷ്യർ പിടഞ്ഞ് മരിക്കുന്നു,കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് നടക്കുന്നു..എത്ര നാളെന്നറിയില്ല ഈ ചെറുത്ത് നിൽപ്പ്.. അവശേഷിക്കുന്നവർക്കുള്ളതാണ് ഈ ലോകം.ആയതിനാൽ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം സന്തോഷിക്കാനുള്ള അവസരം പാഴാക്കാതിരിക്കുക.കഴീഞ്ഞകാല നിറമുള്ള ഓണം ഓർമ്മകൾ പങ്കുവെയ്ക്കുക..

എൻെറ ബാല്യകാല ഓണം ഓർമ്മകൾ ചോദിച്ചാൽ ഈ ജീവിത സായാഹ്നത്തിൽ തിരിഞ്ഞ് നോക്കുമ്പോൾ   മനോഹരം എന്ന് തന്നെയേ എനിക്കും പറയാനുള്ളൂ.കുട്ടികളുടെ ഓർമ്മകളിൽ മാത്രമേ ഓണത്തിന് നിറവും, മധുരവും,നനവുമൊള്ളൂ..വളർന്നാൽ പലതും യാന്ത്രികമായിരിക്കും.
  ദരിദ്രമെങ്കിലും സന്തോഷം  നിറഞ്ഞ ആഘോഷങ്ങളെല്ലാം തന്നെ എൻെറ അമ്മ വീട്ടിലായിരുന്നു.തൊണ്ടിയിൽ കടിയേരിക്കുന്നിലേക്ക് മലവെള്ളം മഥിച്ചൊഴുകുന്ന ഇടവഴിയുടെ അറ്റത്ത് നിന്നും ഇരുവശവും തൊട്ടാവാടി പൂവുകൾ താലപ്പൊലി ഏന്തിയ നടവഴി ചെന്നെത്തുന്നത് അമ്മ വീട്ടിലായിരുന്നു.വീടിന്റെ മുൻപിൽ നിന്നാൽ ദൂരെ വയനാടൻ മലമുകളിലൂടെ തഴുകി കടന്നു പോകുന്ന മേഘ സഞ്ചാരങ്ങൾ കാണാം..അവർക്ക് മാത്രം നിശ്ചയമുള്ള ദിക്കിലേക്ക് കൂട്ടത്തോടെ പറന്നകലുന്ന കിളികളെ കാണാം.. തൻെറ കൂട്ടുകാരെ സുരക്ഷിതമായി നയിക്കുന്ന മുൻപേ പറക്കുന്ന പക്ഷിയെ കാണാം..
കുന്നിൻെറ മുകളിലുള്ള വീടായത് കൊണ്ട് "പൊക്കത്തെ" വീടെന്ന് ഞങ്ങളും,പിന്നീട് നാട്ടുകാരും  പറഞ്ഞു..അവിടെ നിന്നും ലഭിച്ച വാത്സല്യവും,പരിഗണയും ജീവിതത്തിൽ ഒരീടത്ത് നിന്നും ലഭിച്ചിട്ടില്ല.
ചിങ്ങം പിറന്നാൽ ഓണത്തിൻെ്റ വരവറിയിച്ച് മുറ്റത്തിന് താഴെയായ് വളർന്ന് പൂത്ത് നിൽക്കുന്ന പെരിയിലത്തിൻെറ കൃഷ്ണകിരീടം എന്ന് പേരുള്ള ചുവന്ന പുക്കൾ..മുല്ലപ്പള്ളി തോടിൻെറ കരയിലുള്ള പാടത്തും,വരമ്പിലുമായ് വിരിഞ്ഞ് നിൽക്കുന്ന കാക്കപ്പൂക്കളും,തുമ്പപ്പൂക്കളും,ഊർത്തിയെടുക്കുന്ന പുല്ലരിയും ചേമ്പില കുമ്പിളുകുത്തി ഇളയമ്മമാരോടൊപ്പം ശേഖരിച്ച് അത്തപ്പൂക്കളം വർണ്ണാഭമാക്കിയതും..ഇല നിറച്ച് വിഭവങ്ങളില്ലെങ്കിലൂം കുത്തരിച്ചോറും, സാമ്പാറും,പുളിയിഞ്ചിക്കറിയും,പപ്പടവും,പുന്നെല്ല് കുത്തിവെച്ച അരിപ്പായസവും, പൊക്കത്തമ്മയുടെ വാത്സല്യവും ചേർത്ത് തൂശനിലയിൽ വിളമ്പിയ ഓണസദ്യ നിറച്ചുണ്ടതും,തൊങ്ങല് വെച്ച ഊഞ്ഞാലില്ലെങ്കിലും ആകാശതേക്ക് തലയുയർത്തി നിൽക്കുന്ന   കശുമാവിൻെറ ഭൂമിക്ക് സമാന്തരമായ് വളർന്ന് നിൽക്കുന്ന കൊമ്പിലൂടെ വളർന്ന് കട്ടപിടിച്ച് താഴേക്ക് തൂങ്ങിനിൽക്കൂന്ന കൊടിത്തണ്ട് കൂട്ടിപ്പിടിച്ച് തൂങ്ങിയാടി ആകാശത്തിൻെറ അതിരിൽ ആഞ്ഞ് ചവിട്ടിയതും,തെളിഞ്ഞൊഴുകുന്ന മുല്ലപ്പള്ളി തോടിൻെറ അരികിൽ വൈലറ്റ് പൂക്കൾ നിറഞ്ഞ മരത്തിന്റെ ഉയർന്ന കൊമ്പിൽ നിന്നും  വെളളത്തിൽ ചാടി മുങ്ങാംകുഴിയിട്ട് നീന്തി
തളർന്ന്  കണ്ണ് ചുവന്നതും ഇന്നും ഹരം പകരുന്ന കുട്ടിയോർമ്മകളാണ്..

അന്ന് ഓണം എന്നാൽ വിഭവസമൃദ്ധമായ സദ്യയും, സന്തോഷം തരുന്ന അവധിക്കാലവും മാത്രമായിരുന്നു.ഒന്നിൻേറയും പൊരുളറിയാത്ത നല്ല കാലം..ഒരിക്കലും തിരിച്ച് വരില്ലെന്നറിയാമെങ്കിലും   വെറുതെയൊരു മോഹം ഇടനെഞ്ചിൽ പെരുകുന്നു..
പ്രതിസന്ധി നിറഞ്ഞ ഈ അവസരത്തിലും നമ്മൾ എല്ലാത്തിനേയും അതിജീവിക്കും എന്ന് ഉറപ്പിച്ച് കൊണ്ട്,എൻെറ എല്ലാ സുഹൃത്തുക്കൾക്കും സന്തോഷം നിറഞ്ഞ ഓണാശംസകൾ ഒത്തിരി സന്തോഷത്തോടെ നേരുന്നു.

 ജോസ് പി കൂരൻ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha