പെരിയ ഇരട്ടക്കൊലക്കേസ് : എട്ടാം പ്രതി സുബീഷിന്‍റെ ബൈക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് ‘കാണാതായി’ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 10 August 2021

പെരിയ ഇരട്ടക്കൊലക്കേസ് : എട്ടാം പ്രതി സുബീഷിന്‍റെ ബൈക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് ‘കാണാതായി’

കാസർഗോഡ്: പെരിയ ഇരട്ടക്കൊല കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനം പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് കാണാതായി. കേസിലെ എട്ടാം പ്രതി സുബീഷിന്‍റെ ബൈക്കാണ് ബേക്കൽ പൊലീസ് സ്റ്റേഷനിൽനിന്ന് കാണാതായത്. അതേസമയം ബൈക്ക് കാണാതായെന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ പൊലീസ് തയാറായിട്ടില്ല. തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ബൈക്ക് അപ്രത്യക്ഷമായതിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയും വെളുത്തോളി സ്വദേശിയുമായ സുബീഷ് ഉപയോഗിച്ച ബൈക്കാണ് സ്റ്റേഷന്‍ വളപ്പില്‍ നിന്ന് അപ്രത്യക്ഷമായത്. 2019 മേയ് 17ന് വെളുത്തോളിയിൽനിന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ബൈക്ക് കസ്റ്റഡിയിലെടുത്തത്. കാസർഗോഡ് സിജെഎം കോടതിയിൽ ഹാജരാക്കിയശേഷം വാഹനം ബേക്കൽ പൊലീസിന്‍റെ കസ്റ്റഡിയിൽ വിടുകയായിരുന്നു. കൊലയ്ക്ക് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് 12 വാഹനങ്ങളാണ് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെടുത്തിട്ടുള്ളത്. കോടതിയിൽ അപേക്ഷ നൽകി ഈ വാഹനങ്ങളും മറ്റ് തൊണ്ടിമുതലുകളും ഫൊറൻസിക് പരിശോധന നടത്താൻ സിബിഐ തയാറെടുത്തിരിക്കെയാണ് എട്ടാംപ്രതിയുടെ ബൈക്ക് കാണാതായിരിക്കുന്നത്. എന്നാൽ ബൈക്ക് കാണാതായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എവിടെയോ വാഹനം ഉണ്ടായേക്കാം എന്നാണ് പൊലീസിന്‍റെ അനൗദ്യോഗിക വിശദീകരണം. അതേസമയം  ബൈക്ക് കടത്തികൊണ്ട് പോയി തെളിവ് നശിപ്പാക്കാനുള്ള പ്രതികളുടെ ശ്രമത്തിന് ചില ഉദ്യോഗസ്ഥർ കൂട്ടു നില്‍ക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog