1960 ലെ ഓണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 21 August 2021

1960 ലെ ഓണം

1960 ലെ ഓണം 1955 -1960 കാലത്ത് ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുകയാണ്.  
കർക്കടകമാസം അന്ന് കടുത്തപട്ടിണിയുടേതായിരുന്നു.. തുള്ളി തോരാതെ പെയ്യുന്ന മഴയത്ത് എല്ലാവരും വീടിനുള്ളിൽത്തന്നെ കഴിയും.. വാട്ടു കപ്പയും ചക്കക്കുരുവും ഉപ്പുമാങ്ങയും കഞ്ഞിയുമൊക്കെയായാണ് അന്നൊക്കെ മിക്ക വീട്ടിലും വിശപ്പകറ്റാൻ ഉണ്ടാവുക . കർക്കടമാസം പകുതിയെത്തുമ്പോഴേക്ക് കഞ്ഞിയും വല്ലപ്പോഴുമെന്ന നിലയിലാകും ... കർക്കടകമെന്ന ദുർഘടം പോയിക്കിട്ടാനുള്ള കാത്തിരിപ്പ്... കർക്കടം പോയാൽ ദുർഘടം പോയി... ചിങ്ങം വന്നാൽ പഞ്ഞം പോയി എന്നൊക്കെയുള്ള പഴഞ്ചൊല്ലുകൾ അക്കാലത്ത് അക്ഷരം പ്രതി ശരിയായിരുന്നു. 
അതുകൊണ്ടു തന്നെ ചിങ്ങം പിറക്കുമ്പോഴേക്കും ഓരോ കർഷകന്റേയും മനസ്സിലും പ്രതീക്ഷയുടെ ഇളം വെയിൽ പരക്കും. 
ഓണമെന്നാൽ വർഷത്തിൽ ഒരു ദിവസം വയറു നിറയെ ഭക്ഷണം കിട്ടുന്ന ദിവസമാണ്. മാവേലിയെ കുറിച്ച് കേട്ടിട്ടുണ്ട്.. ഓണത്തിന് മാവേലി നാടുകാണാൻ വരും.. കുട്ടികളായ ഞങ്ങൾ ഓണ ദിവസം വീട്ടിലേക്ക് ആദ്യം വരുന്ന അതിഥിയാണ് മാവേലി എന്നു വിശ്വസിച്ചിരുന്നു . തൊണ്ടിയിലെ കാവനമാലിൽ എന്ന ഞങ്ങളുടെ തറവാട് വീടിന്റെ അടുത്ത് തന്നെയായി റോക്കി സാറിന്റെയും ശങ്കരൻ നായരുടേയും മറ്റും വിശാലമായ നെൽപ്പാടങ്ങൾ നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്നുണ്ടായിരുന്നു അക്കാലത്ത്. മാനത്തു കണ്ണികളും പരലുകളും നിറഞ്ഞ വയലും തോടും ചാടി മറിഞ്ഞ് കുട്ടികളുടെ ഒരു സംഘം പൂ പറിക്കാൻ നടക്കുന്ന കാഴ്ച ഇന്നലത്തേതുപോലെ ഓർക്കുന്നു. കാക്കപ്പൂവും തുമ്പപ്പൂവും പുല്ലരിയും അന്നൊക്കെ ധാരാളമുണ്ടായിരുന്നു. വയൽ വരമ്പിലും കരയിലുമൊക്കെ നടന്ന് പൂക്കൾ ശേഖരിക്കും. ഇലകൊണ്ട് കുമ്പിൾ കുത്തിയിട്ട് അതിലാണ് പൂക്കൾ നുള്ളി ഇടുന്നത്. അതിൽ നിറയെ പൂക്കളുമായി തിരികെ വരും. എല്ലാ ദിവസവും പൂക്കൾ ശേഖരിക്കാൻ പോകും. എങ്കിലും അക്കാലത്ത് ഓണം ഹൈന്ദവർ മാത്രം ആചരിക്കുന്ന ഒന്നായിരുന്നു. ഞങ്ങൾക്ക് പൂക്കളമിടാനുള്ള അനുവാദമില്ല. ദിവസവും ശേഖരിക്കുന്ന പൂക്കൾ അയൽ വീട്ടിലെ കുട്ടികൾക്ക് കൊടുക്കും. അവരുടെ പൂക്കളം കണ്ട് സന്തോഷിക്കും. മണ്ണു കുഴച്ച് വട്ടത്തിൽ ചെറിയ തറ ഉണ്ടാക്കി അതിൽ ചാണകം മെഴുകിയിട്ടായിരുന്നു പൂവിട്ടിരുന്നത്. മണ്ണുകൊണ്ടുള്ള ചെറിയ കട്ടകളിൽ അരിമാവ് ഒഴിച്ചിരിക്കും അത് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നതാണ്. 
സ്കൂളിലും ഇന്നുള്ള പോലുള്ള ആഘോഷങ്ങളോ മത്സരങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. അതിന് വീണ്ടും കുറേ വർഷങ്ങൾ വേണ്ടി വന്നു. 1961 നു ശേഷമായിരിക്കാം പൂക്കള മത്സരങ്ങളും ഇന്നത്തേ പോലുള്ള ആഘോഷങ്ങളും തുടങ്ങിയത്. 
ഓണക്കാലമാകുമ്പോഴേക്കും പറമ്പിൽ എല്ലാ വിധ കാർഷിക വിളകളും പാകമായിട്ടുണ്ടാവും . ഉത്രാടനാളിൽ മിക്കവാറും എല്ലാ വീടുകളിലും ഒരു പ്രത്യേക തരം പുഴുക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. കപ്പ , ചേന, ചേമ്പ്, കാച്ചിൽ , കായ, പയർ, മത്തങ്ങ തുടങ്ങി എല്ലാം കൂട്ടി വേവിച്ച് അരപ്പു ചേർത്ത് ഉള്ളിയും കറിവേപ്പിലയും തേങ്ങാക്കൊത്തും വറവിട്ട് ഉണ്ടാക്കുന്ന അപാര രുചിയുള്ള ഒരു പുഴുക്കായിരുന്നു അത്. ഓണത്തലേന്നുള്ള വിഭവം അതാണ് . അമ്മയുടെ കൈപ്പുണ്യം ഞങ്ങൾ അനുഭവിച്ചറിയുന്ന ദിവസങ്ങളായിരുന്നു അതെല്ലാം. വാഴയിലയിൽ ചൂടോടെ വിളമ്പി എല്ലാവരും നിലത്തിരുന്ന് ഒന്നിച്ചാണ് കഴിച്ചിരുന്നത് .
അന്നൊക്കെ ഒരു വീട്ടിൽ അടുപ്പ് പുകഞ്ഞില്ലെങ്കിൽ അയൽവാസി അത് അറിയുമായിരുന്നു. അതിന് ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യനെന്നോ വേർതിരിവുണ്ടായിരുന്നില്ല... അയൽവാസി പട്ടിണി കിടക്കാതിരിക്കണമെന്നത് സ്വന്തം ഉത്തരവാദിത്തമായി ഓരോരുത്തർക്കും തോന്നിയിരുന്നു . ഓണക്കാലത്ത് ഈ ഒത്തൊരുമ പ്രകടമായിരുന്നു. 
ഓണ പ്രഥമൻ ശങ്കരൻ നായരുടെ വീട്ടിൽ നിന്ന് വരികയും ക്രിസ്മസ് ഈസ്റ്റർ പലഹാരങ്ങൾ അങ്ങോട്ടു പോവുകയും ശീലമായിരുന്നു. 
വീട്ടിലെ വളർത്തുമൃഗങ്ങളെയെല്ലാം ഓണമൂട്ടുന്ന പതിവ് അന്നത്തെ ഒരു പ്രത്യേകതയായിരുന്നു. 
കാക്കയ്ക്കും പൂച്ചയ്ക്കും ഉറുമ്പിനും വരെ ഓണമുണ്ടെന്നായിരുന്നു അന്നുള്ളവരുടെ വിശ്വാസം. 
കർഷകരെല്ലാം ഓണത്തിന്റെ തലേ ദിവസം തന്നെ പശുവിനും കാളകൾക്കും ഒരു ദിവസത്തേക്ക് വേണ്ടതായ പുല്ല് പച്ചിലകൾ തുടങ്ങി കന്നുകാലികൾ തിന്നുന്ന എല്ലാത്തരം ഇലകളും കൊണ്ടുവന്ന് പുൽത്തൊട്ടി നിറച്ചുവയ്ക്കും. കുട്ടികളായ ഞങ്ങളും പറമ്പിൽ കൂടിനടന്ന് പുല്ലും ഇലകളും പറിച്ചു കൊണ്ടുവരും. ഓണത്തിന് എല്ലാവർക്കും അവധിയാണ്. അന്ന് അവരെ പുറത്ത് തീറ്റാനും കൊണ്ടുപോവില്ല. 
രാവിലെ തന്നെ പശുവിനെയും കാളകളെയും കുളിപ്പിച്ച് തൊഴുത്തൊക്കെ വൃത്തിയാക്കി കയറ്റി കെട്ടും. അതിനു ശേഷം ഒരു തേങ്ങ പൊട്ടിച്ച് വെള്ളം പുല്ലിലും ഇലകളിലുമായി ഒഴിക്കും. തേങ്ങയും അതിൽ കൊത്തിയിടും അങ്ങനെ കന്നുകാലികൾ അന്ന് സുഖ സമൃദ്ധമായി തിന്ന് വയറു നിറയ്ക്കും. അത് കാണുന്നതാണ് അന്നത്തെ കർഷകന്റെ മന:സുഖം . കൊച്ചു കുട്ടികളായ ഞങ്ങളെല്ലാവരും ഇതെല്ലാം കൗതുകത്തോടെ നോക്കിക്കണ്ടു. ഇന്നത്തെ തലമുറയിലെ കുട്ടികളോടു പറഞ്ഞാൽ അവർ ഇതൊന്നും വിശ്വസിക്കില്ല. 
അതുപോലെ തന്നെ കാക്കകൾക്കും കിളികൾക്കും ഒരു ഭാഗത്ത് കുറേ തീറ്റ വച്ചു കൊടുക്കും. ഉറുമ്പുകൾക്ക് കുറേ അരിമണികൾ വിതറിയിട്ടു കൊടുക്കും. ഇതെല്ലാം കഴിഞ്ഞ ശേഷമാണ് വീട്ടിൽ ഓണ സദ്യ കഴിക്കുന്നത് . 
നല്ല കുത്തരി ചോറും കറികളും പഴവും പപ്പടവും പായസവും അയൽ വീടുകളിൽ നിന്നുള്ള പ്രഥമനും എല്ലാം ചേർന്ന സദ്യ തന്നെ യായിരുന്നു ഓണത്തിന്റെ പ്രധാന ആകർഷണം. പറമ്പിൽ നിന്നും നല്ല തൂശനില മുറിച്ചു കൊണ്ടുവന്ന് അതിൽ ചോറും കറികളും വിളമ്പി കുടുംബാംഗങ്ങളെല്ലാവരും നിലത്ത് വട്ടത്തിൽ ഇരുന്ന് പല പല തമാശകളും പറഞ്ഞ് ഓണസദ്യ കഴിക്കും. അന്ന് പുതിയ ഉടുപ്പു വാങ്ങൽ ഊഞ്ഞാലിടൽ തിരുവാതിരക്കളി തുടങ്ങിയ ഒരു പരിപാടിയും ഇല്ല.. 
ഓണ സദ്യ കഴിഞ്ഞാൽ പിന്നെ പേരാവൂർ ന്യൂ കേരളയിലേക്ക് ഒരോട്ടമാണ്. അവിടെ ചെന്ന് ഉന്തിത്തള്ളി പൂഴിക്കസേര ടിക്കറ്റെടുത്ത് നസീറിന്റെയും ഷീലയുടേയും ഒരു സിനിമയും കണ്ട് ഇറങ്ങിയാൽ ആ കൊല്ലത്തെ ഓണാഘോഷം കഴിഞ്ഞു. പിന്നെ അടുത്ത വർഷം ഓണം വരെ കാത്തിരിക്കണം അതുപോലെ ഒരു ആഘോഷത്തിന് .

മേരി
നെല്ലിക്കുന്നേൽ 
                           

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog