കാളയുടെ കുത്തേറ്റ് അധ്യാപകന് ദാരുണാന്ത്യം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചെറുവത്തൂർ:ഓമനിച്ചുവളർത്തിയ കാളയുടെ കുത്തേറ്റ് അധ്യാപകന് ദാരുണാന്ത്യം. ചെറുവത്തൂർ ബി.ആർ.സി.യിലെ ഭിന്നശേഷി വിദ്യാർഥികളുടെ സ്പെഷ്യൽ എജുക്കേറ്റർ പിലിക്കോട് ആനിക്കാടിയിലെ സി.രാമകൃഷ്ണൻ (54) ആണ് മരിച്ചത്. രാവിലെ വീട്ടിലെ തൊഴുത്തിൽ കന്നുകാലികളെ പരിപാലിക്കുന്നതിനിടെയാണ് അടിവയറ്റിന് കുത്തേറ്റത്. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടോടെയാണ് മരിച്ചത്. 

അറിയപ്പെടുന്ന ജീവകാരുണ്യ, പരിസ്ഥിതിപ്രവർത്തകനാണ് രാമകൃഷ്ണൻ. ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ രക്ഷിതാക്കളുടെ സംഘടന, സമഗ്രശിക്ഷയിലെ ഭിന്നശേഷി വിഭാഗക്കാർക്കുള്ള അധ്യാപകരുടെ സംഘടന എന്നിവ രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകി. സൈമൺ ബ്രിട്ടോയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സമഗ്രശിക്ഷാ അധ്യാപകസംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ഭിന്നശേഷിക്കാർക്കായി കാസർകോട്ട് സംസ്ഥാന കലോത്സവം സംഘടിപ്പിക്കാനും നേതൃത്വം നൽകി.
മൊഗ്രാൽ-പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 17 വർഷം അധ്യാപകനായിരുന്നു. മൊഗ്രാൽ-പുത്തൂരിലും എൻഡോസൾഫാൻ ദുരിതം പേറുന്നവരുണ്ടെന്ന് പൊതുസമൂഹത്തെ അറിയിച്ചത് രാമകൃഷ്ണനായിരുന്നു. ഒട്ടേറെ അവാർഡുകൾ ഇദ്ദേഹത്തെ തേടിയെത്തി. സി.പി.എം. കണ്ണാടിപ്പാറ ബ്രാഞ്ചംഗം, കർഷകസംഘം വില്ലേജ് ഭാരവാഹി, സൈമൺ ബ്രിട്ടോ ട്രസ്റ്റ് ചെയർമാൻ, കെ.ആർ.ടി.എ. ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു
ആനിക്കാടിയിലെ പി.കുഞ്ഞിരാമൻ നമ്പ്യാരുടെയും സി.മീനാക്ഷിയമ്മയുടെയും മകനാണ്. സഹോദരൻ: രത്നാകരൻ (ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ, കാസർകോട്).

മൃതദേഹം വ്യാഴാഴ്ച രാവിലെ ഒൻപതിന് കണ്ണാടിപ്പാറ സി.പി.എം. ഓഫീസ് പരിസരത്ത് പൊതുദർശനത്തിന് വെക്കും. 10-ന് ആനിക്കാടി ശാന്തിഗിരി പൊതുശ്മശാനത്തിൽ ശവസംസ്കാരം നടക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha