ഖാദി വ്യവസായത്തിനനുവദിച്ച ഫണ്ടിൽ വ്യാപക ക്രമക്കേട് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 July 2021

ഖാദി വ്യവസായത്തിനനുവദിച്ച ഫണ്ടിൽ വ്യാപക ക്രമക്കേട്


കൊച്ചി: സംസ്ഥാനത്തെ ഖാദി ബോർഡ് കടുത്ത പ്രതിസന്ധിയിൽ. പ്രതിസന്ധി നേരിടുന്ന ഖാദി ബോർഡ് വ്യവസായത്തിനായി പദ്ധതിയിനത്തിൽ സർക്കാർ ബജറ്റിൽ മാറ്റി വെച്ച തുക വേണ്ട രീതിയിൽ വിനിയോഗിക്കുന്നില്ലെന്ന് ആരോപണം ശക്തം. 2014-15 മുതൽ 2020-2021 വരെ ബാദി ബോർഡിന് ബഡ്‌ജറ്റിൽ അനുവദിച്ചത് 65.88 കോടി രൂപയാണ്. എന്നാൽ, ഖാദി ബോർഡ് ഇതുവരെ ചിലവഴിച്ചത് 40.14 കോടി മാത്രമാണ്. 25 കോടിയോളം രൂപ ഇപ്പോഴും കൃത്യമായി വിനിയോഗച്ചിട്ടില്ല.

ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റും നിരാശയിലാണ് കലാശിച്ചതെന്ന് വ്യക്തമാക്കിയ ഖാദി ബോർഡ് നിലവിൽ ലഭിച്ചിരിക്കുന്ന തുക പോലും വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, സർക്കാർ ഉദ്യോഗസ്ഥരുടെ വെബിനാറിൽ കഴിഞ്ഞ ആഴ്ച്ച പറഞ്ഞത് പദ്ധതികൾക്കായി വകയിരുത്തുന്ന ഫണ്ട് അതിനായിത്തന്നെ ചെലവാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നായിരുന്നു. ഈ അവസരത്തിലാണ് ഫണ്ട് വിനിയോഗിക്കുന്നതിൽ ഖാദി ബോർഡ് അലംഭാവം കാണിക്കുന്നുവെന്ന ആരോപണം ഉയർന്നു കേൾക്കുന്നത്.2014-15 മുതൽ 2020-2021 വരെയുള്ള സാമ്പത്തിക വർഷത്തിൽ ലഭിച്ച ഫണ്ട് പൂർണ്ണമായും വിനിയോഗിക്കാൻ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന് സാധിച്ചില്ലെന്നാണ് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ഖാദി ബോർഡ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊല്ലത്തെ പരുത്തി സംസ്‌കരണ യൂണിറ്റിന് 2018-19 ൽ 136 ലക്ഷം രൂപ അനുവദിച്ചുവെന്നും പക്ഷെ ഇതിൽ ഒരു രൂപ പോലും ചിലവാക്കിയില്ലെന്നുമാണ് വിവരാവകാശ രേഖയിൽ പറയുന്നത്. ഇതുകൂടാതെ സിൽക്ക് നെയ്ത്തിനു 2019-20 ൽ 50 ലക്ഷം രൂപ അനുവദിച്ചു, ഇതും ചെലവാക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. 2020-21 ൽ പദ്ധതിക്ക് 65 ലക്ഷം ബഡ്ജറ്റിൽ ഉൾപ്പെടുത്തി, പക്ഷെ ചെലവിട്ടത് 20.95 ലക്ഷം മാത്രമെന്ന് രേഖയിൽ വ്യക്തമാക്കുന്നു. ഖാദി ഗ്രാമങ്ങൾ സ്ഥാപിക്കാൻ നൽകിയ ഫണ്ടിൽ പകുതി പോലും ബോർഡ് ചിലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നുണ്ട്. ഖാദി നെയ്ത്ത്, നൂൽ നൂൽപ്പ് തൊഴിലാളികൾക്കുള്ള ഉത്പാദന ഇൻസെന്റീവ് ഇനത്തിൽ 2020-21 ൽ ബഡ്ജറ്റ് വിഹിതം 500 ലക്ഷം രൂപ, ചെലവിട്ടത് 400 ലക്ഷം. അവിടെയും 100 ലക്ഷത്തിനു ഉപയോഗമില്ല. ഖാദി സഹകരണ സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കുമുള്ള ധനസഹായത്തിന് 2020-21 ൽ 150 ലക്ഷം രൂപയാണ് മാറ്റി വെച്ചത്, പക്ഷെ ചെലവ് പൂജ്യം. 2018-19 ൽ 15 ലക്ഷം രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും ഒരു രൂപ പോലും ചിലവഴിച്ചില്ല.ഖാദി സഹകരണ സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കുമുള്ള ധനസഹായം, വകുപ്പുതല ഖാദി ഉത്പാദന കേന്ദ്രങ്ങളുടെ ശാക്തീകരണവും സ്ഥാപിക്കൽ, ഖാദി നെയ്ത്തുകാർക്കും നൂൽ നൂൽപ്പ്കാർക്കും ഉത്പാദന ഇൻസെന്റീവ്/ഉത്സവകാല ഇൻസെന്റീവ് നൽകൽ, കണ്ണൂർ ജില്ലയിലെ ഏറ്റുകടുക്കയിൽ സ്ലൈവർ പ്രോജക്ടിന്റെ ആധുനികവത്കരണവും നവീകരണം തുടങ്ങിയവയാണ് ഖാദി ബോർഡിൻറെ മറ്റ് പദ്ധതികൾ.

കണക്കുകൾ ഇങ്ങനെ:

  • 2014-15 വർഷത്തിൽ ബജറ്റിൽ നീക്കിയിരുത്തിയത് 606.6 ലക്ഷം രൂപയാണ്. എന്നാൽ, ഇതിൽ 256.6 ലക്ഷം രൂപയാണ് ചെലവാക്കിയത്. ആ വർഷം അനുവദിച്ച തുകയുടെ പകുതി പോലും ചിലവാക്കിയില്ലെന്ന് വ്യക്തം.
  • 2015-16 കാലയളവിൽ ബജറ്റിൽ അനുവദിച്ചത് 694 ലക്ഷം. ഇതിൽ 485 ലക്ഷമാണ് ഖാദി ബോർഡ് വിനിയോഗിച്ചത്.
  • 2016-17 വർഷത്തിൽ സർക്കാർ അനുവദിച്ച 683 ലക്ഷത്തിൽ ഏകദേശം 617 ലക്ഷവും ബോർഡ് വിനിയോഗിച്ചു.
  • 2017-18 കാലയളവിൽ സംസ്ഥാന സർക്കാർ ഖാദി ബോർഡിനായി അതുവരെ ഇല്ലാത്ത വിധത്തിൽ ബജറ്റിൽ വലിയ തുകയായിരുന്നു വകയിരുത്തിയത്. ഒരു കോടിയിലധികം (1152 ). എന്നാൽ, ഇതിൽ പകുതി മാത്രമാണ് ബോർഡ് ചിലവാക്കിയതെന്നത് വിചിത്രം. ഖാദി ബോർഡിനെ അവഗണിക്കുന്നുവെന്ന പരാതി നിലനിൽക്കുമ്പോഴും ലഭിച്ച തുകയുടെ എൺപത് ശതമാനം പോലും വിനിയോഗിച്ചില്ല എന്നതും ഗുരുതര വീഴ്ചയാണ്. അന്നേ വർഷം 650 ലക്ഷം രൂപയാണ് ബോർഡ് വിനിയോഗിച്ചത്.
  • 2018-19 ലും സർക്കാർ ഖാദി ബോർഡിനെ കാര്യമായി തന്നെ പരിഗണിച്ചു. ഒരു കോടിയിലധികം(1348 ) അക്കൊല്ലവും വകയിരുത്തി. പക്ഷെ, 839.61 ലക്ഷം രൂപയാണ് ഖാദി ഉപയോഗപ്പെടുത്തിയത്.

പിന്നീടുള്ള രണ്ട് വർഷങ്ങളിലും അവസ്ഥ മറിച്ചല്ല. 2019-20 ൽ സർക്കാർ അനുവദിച്ച 930 ലക്ഷത്തിൽ 575 ലക്ഷം രൂപയാണ് ബോർഡ് ഉപകാരപ്പടുത്തിയത്. 2020-21 ൽ ഖാദി ബോർഡിന്റെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അനുവദിച്ചത് ഒരു കോടിയിലധികം രൂപയാണ്. എന്നാൽ, 590.95 ലക്ഷം രൂപയാണ് ബോർഡ് വിനിയോഗിച്ചിരിക്കുന്നത്.

ദേശീയ തലത്തിൽ ഖാദി മികച്ച നേട്ടം കൈവരിക്കുമ്പോൾ സംസ്ഥാനത്തു മേഖല തകർച്ച നേരിടുകയാണ്. ഖാദി മേഖലയുടെ വികസനത്തിന് ആരംഭിച്ച പല പദ്ധതികൾക്കും ഉള്ള ഫണ്ട് പോലും കൃത്യമായി വിനിയോഗിക്കാൻ ഖാദി ബോർഡിന്‌ സാധിക്കുന്നില്ലെന്ന് കെ. ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി. ഖാദി വ്യവസായത്തെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog