മൂന്നാം തരംഗം നേരിടാന്‍ കര്‍മ പദ്ധതി; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും; മൂന്നാം തരംഗം മുന്നില്‍ കണ്ട് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ മുന്നില്‍കണ്ട് ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പരമാവധി ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ ശ്രമിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. അതിന് ആവശ്യമായ വാക്സിന്‍ ലഭ്യമാക്കേണ്ടതാണെന്നും അതിനുള്ള സൗകര്യങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രജിസ്ട്രേഷന്‍ ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി രജിസ്ട്രേഷന്‍ ഡ്രൈവ് ആരംഭിക്കുന്നതാണ്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്സിന്‍ വിതരണം സുഗമമായി നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദേശം. മൂന്നാം തരംഗം ഉണ്ടായാല്‍ നടപ്പിലാക്കേണ്ട ആക്ഷന്‍ പ്ലാന്‍ യോഗത്തില്‍ ആവിഷ്‌ക്കരിച്ചു.

സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റേയും ലോക്ഡൗണിന്റേയും ഫലമായി രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ് വരികയാണ്. നിലവില്‍ കോവിഡിനായി മാറ്റിവച്ചിരിക്കുന്ന കിടക്കകളില്‍ 47 ശതമാനത്തില്‍ മാത്രമാണ് രോഗികളുള്ളത്. പക്ഷെ മൂന്നാം തരംഗം മുന്നില്‍ കണ്ട് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കുന്നതാണ്. ഓക്സിജന്‍ കിടക്കകള്‍, ഐ.സി.യു., വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണവും കൂട്ടുന്നതാണ്. ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അനുവദിച്ച ഓക്സിജന്‍ പ്ലാന്റുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതാണ്. മരുന്നുകള്‍, ഉപകരണങ്ങള്‍, പരിശോധനാ സാമഗ്രികള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നേരത്തെ തന്നെ സംഭരിക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കി.



മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്ന് കണ്ട് സര്‍ജ് പ്ലാന്‍ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കി വരുന്നു. മെഡിക്കല്‍ കോളേജുകള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പീഡിയാട്രിക് സൗകര്യങ്ങള്‍ ഉയര്‍ത്തി വരുന്നു. വിദഗ്ധ പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. പീഡിയാട്രിക് ഐ.സി.യു. കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഐ.സി.യു. ജീവനക്കാര്‍ക്ക് ഇടയ്ക്കിടയ്ക്ക് വിദഗ്ധ പരിശീലനം നല്‍കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പരിശീലനവും നല്‍കണം.



കുടുംബത്തിലെ ഒരംഗത്തില്‍ നിന്നും മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്നവരുടെ എണ്ണം കൂടി വരികയാണ്. അതിനാല്‍ തന്നെ കുടുംബാംഗങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം. വീട്ടില്‍ സൗകര്യമില്ലാത്തവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റുന്നതാണ്. മരണം കൂടുന്നതിനാല്‍ പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നീ ഹൈ റിസ്‌ക് വിഭാഗത്തെ കേന്ദ്രീകരിച്ച്‌ പ്രത്യേക അവബോധം നടത്തുന്നതാണ്. ഇത്തരത്തിലുള്ളവരുടെ വീടുകളില്‍ കോവിഡ് പോസിറ്റീവായാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.



ജില്ലകളിലെ ഇപ്പോഴത്തെ അവസ്ഥയും ജില്ലാതല ഒരുക്കങ്ങളും ഇനി ചെയ്യേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. ജില്ലാ തലത്തില്‍ ആശുപത്രികളില്‍ നിലവിലുള്ള സംവിധാനങ്ങളും ഇനി ആവശ്യമായതും സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നാളെത്തന്നെ നല്‍കേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു പരിപാടിയും ആരോഗ്യ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്‌.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ബാലമുരളി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലബീവി, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha