വിദ്യാർത്ഥികൾക്ക്‌ സ്റ്റുഡൻസ് ഫ്രണ്ട്‌ലി പ്ലാനുകൾ നടപ്പാക്കണം: മേയർ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 18 June 2021

വിദ്യാർത്ഥികൾക്ക്‌ സ്റ്റുഡൻസ് ഫ്രണ്ട്‌ലി പ്ലാനുകൾ നടപ്പാക്കണം: മേയർ കണ്ണൂർ: വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി സ്റ്റുഡൻ്റ്സ് ഫ്രണ്ട്ലി പ്ലാനുകൾ നടപ്പാക്കണമെന്ന് മേയർ അഡ്വ.ടി ഒ മോഹനൻ. നെറ്റ്‌വർക്ക് കവറേജ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കോർപറേഷനിൽ വിളിച്ചു ചേർത്ത മൊബൈൽ സേവനദാതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാത്തതുമൂലം പഠനം തടസ്സപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഇത് സംബന്ധിച്ച പരാതികൾ അറിയിക്കാൻ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേരത്തെ സംവിധാനം ഒരുക്കിയിരുന്നു. ഇതിൽ ലഭിച്ച അഞ്ഞൂറോളം പരാതികളുടെ അടിസ്ഥാനത്തിലാണ് കോർപറേഷൻ യോഗം വിളിച്ചു ചേർത്തത്.
നെറ്റ്‌വർക്ക് കവറേജ് കുറവുള്ള സ്ഥലങ്ങളിൽ പരമാവധി രണ്ട് മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും നിർമാണത്തിലിരിക്കുന്ന ടവറുകളുടെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നും കമ്പനികൾ യോഗത്തിൽ അറിയിച്ചു. നാട്ടുകാരുടെ എതിർപ്പുമൂലം ടവർ നിർമാണം തടസ്സപ്പെട്ട സ്ഥലങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനും തീരുമാനിച്ചു.
മേയർ നിർദേശിച്ചത് പ്രകാരം വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞതും വേഗതയേറിയതുമായ പ്ലാൻ നടപ്പാക്കുന്നതിനെ കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് കമ്പനികൾ അറിയിച്ചു.
യോഗത്തിൽ മേയർ അഡ്വ. ടി ഒ മോഹനൻ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ കെ ശബീന, സ്ഥിരം സമിതി അധ്യക്ഷൻമാരായ സുരേഷ് ബാബു എളയാവൂർ, അഡ്വ. മാർട്ടിൻ ജോർജ്, ഷമീമ ടീച്ചർ, അഡ്വ. പി ഇന്ദിര, ഷാഹിനാ മൊയ്തീൻ, കൗൺസലർമാരായ മുസ്ലിഹ് മഠത്തിൽ, പ്രകാശൻ പയ്യനാടൻ, കെ  പി അബ്ദുൽ റസാഖ്, സെക്രട്ടറി ഡി സാജു, ബിഎസ്എൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ പി വി മോഹനൻ, ജിയോ മാനേജർ എ അനീഷ്, വോഡാഫോൺ- ഐഡിയ ഡെപ്യൂട്ടി ജനറൽ മാനേജർ കെ പി സുനീഷ്, എയർടെൽ എൻജിനീയർ ഷിജേഷ് ഗ്ലാഡ്സൺ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog