ഇന്ന് ലോക രക്തദാതാദിനം: ബോധവല്‍ക്കരണ പരിപാടികളുമായി ആരോഗ്യവകുപ്പ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 14 June 2021

ഇന്ന് ലോക രക്തദാതാദിനം: ബോധവല്‍ക്കരണ പരിപാടികളുമായി ആരോഗ്യവകുപ്പ്ലോക രക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ രക്തദാന ക്യാമ്പും ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കുന്നു. ‘ രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ ‘ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം, ആവശ്യകത, ഗുണങ്ങള്‍ എന്നിവയെക്കുറിച്ച്  ജനങ്ങളില്‍  അവബോധം വളര്‍ത്തിയെടുക്കുകയെന്നതിനൊപ്പം ആരോഗ്യമുള്ള ഓരോ വ്യക്തിയും കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ച് രക്തം ദാനം ചെയ്യുന്നതിലൂടെ മാത്രമെ രക്തത്തിന്റെ ലഭ്യതയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സാധിക്കൂ എന്ന സന്ദേശം കൂടി  ജനങ്ങളില്‍ എത്തിക്കുകയെന്നതാണ് ദിനാചരണത്തിന്റെ ഉദ്ദേശം.

ജില്ലയിലെ നാല് ബ്ലഡ് ബാങ്കുകളായ കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി,  ഗവണ്മെന്റ് മെഡിക്കല്‍ കോളേജ്, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രക്തദാന ക്യാമ്പുകള്‍ നടത്തുന്നത്. കൂടാതെ ആദ്യമായി രക്തദാനം ചെയ്യുന്ന യുവാക്കളെ ഈ ക്യാമ്പുകളില്‍ വച്ച് ആദരിക്കും. 2020-21 കാലഘട്ടത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ രക്തദാനം സംഘടിപ്പിച്ച സന്നദ്ധ സംഘടനകളായ ഡി വൈ എഫ് ഐ (2104 എണ്ണം ), ബ്ലഡ് ഡൊണോര്‍സ് കേരള (1483 എണ്ണം), സേവാഭാരതി (1244 എണ്ണം ) എന്നിവയാണ്. ഈ സംഘടനകള്‍ക്കുള്ള ഉപഹാരങ്ങള്‍ ലോക്ക് ഡൗണ്‍ തീരുന്ന മുറയ്ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിതരണം ചെയ്യും. രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം സന്നദ്ധ രക്തദാനവുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യ വകുപ്പിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)അറിയിച്ചു.


ജീവന്‍ രക്ഷിക്കൂ… ആരോഗ്യം കാക്കൂ…

നിത്യജീവിതത്തില്‍ രക്തം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.  സന്നദ്ധ രക്തദാതാക്കള്‍ രക്തദാനത്തിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതിടൊപ്പം ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള ശക്തി കൂടിയാണ് ആര്‍ജ്ജിക്കുന്നത്. സാങ്കേതിക വളര്‍ച്ചയുടെ ഫലമായി ദാനം ചെയ്യപ്പെടുന്ന ഒരു യൂണിറ്റ് രക്തം ഘടകങ്ങളാക്കി നാലുപേരുടെ ജീവന്‍വരെ രക്ഷിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. 18 നും 65 നും മധ്യേ പ്രായവും കുറഞ്ഞത് 45 കിലോ ഗ്രാം ഭാരവും, ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസം കൂടുമ്പോള്‍ രക്തം ദാനം ചെയ്യാവുന്നതാണ്. കൃത്യമായ ഇടവേളകളില്‍ രക്തം ദാനം ചെയ്യുന്നതിലൂടെ രക്തദാതാവിനും ഒട്ടേറെ ഗുണങ്ങള്‍ ലഭിക്കുന്നു.
ഓരോ പ്രാവശ്യം രക്തം ദാനം ചെയ്യുമ്പോഴും 5 രോഗങ്ങള്‍ക്ക് (എച്ച് ഐ.വി, ഹെപ്പറ്റെറ്റിസ് ബി ,ഹെപ്പറ്റെറ്റിസ് സി ,സിഫിലിസ് , മലേറിയ) വേണ്ടിയുള്ള രക്ത പരിശോധന നടത്തുന്നതാണ്. കൂടാതെരക്തദാനം ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കുന്നു. രക്തദാനം രക്തത്തിലെ കൊഴുപ്പിന്റെ അളവിനെ കുറക്കുകയും അതുവഴി രക്ത ചംക്രമണ വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യുന്നു.  പുതിയ രക്ത കോശങ്ങള്‍ രൂപപ്പെടുന്നതിനും രക്തദാനം സഹായകരമാകുന്നു.
സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന രക്ത ബാങ്കുകളിലും രക്തദാന ക്യാമ്പുകളിലും രക്തം ദാനം ചെയ്യാവുന്നതാണ്. സന്നദ്ധ രക്തദാന പ്രോത്സാഹന പരിപാടിയുടെ, ഭാഗമായി ബ്ലഡ് മൊബൈല്‍ അഥവാ സഞ്ചരിക്കുന്ന രക്തബാങ്ക് എന്ന ഒരു ശീതീകരിച്ച ബസ്സും സന്നദ്ധ രക്തദാതാക്കളില്‍ നിന്നും രക്തശേഖരണം നടത്തുന്നുണ്ട്. കൂടാതെ രക്തദാന ക്യാമ്പുകളില്‍ നിന്നും ശേഖരിക്കുന്ന രക്തം രക്തബാങ്കുകളില്‍ എത്തിക്കുന്നതിനുവേണ്ടി എല്ലാ ജില്ലകളിലും ബ്ലഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വാഹനങ്ങളുടെ സേവനവും ലഭ്യമാണ്.
വിവിധ പ്രദേശങ്ങളില്‍ രക്തദാനക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും, രക്തദാതാക്കള്‍ക്കുള്ള ലഘുഭക്ഷണം നല്‍കുന്നതിനുമുള്ള തുക കെഎസ്എസിഎസ് സര്‍ക്കാര്‍ മേഖലയിലെ രക്ത ബാങ്കുകള്‍ക്ക് നല്‍കി  വരുന്നുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog