ബ്രണ്ണൻ കോളേജിലെ പഠനകാലത്ത് കെ സുധാകരൻ കെ എസ് യു വിരുദ്ധൻ, മമ്പറം ദിവാകരൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 19 June 2021

ബ്രണ്ണൻ കോളേജിലെ പഠനകാലത്ത് കെ സുധാകരൻ കെ എസ് യു വിരുദ്ധൻ, മമ്പറം ദിവാകരൻ

ബ്രണ്ണൻ കോളജ്​ പഠനകാലത്ത്​ കെ.സുധാകരൻ കെ.എസ്​.യു വിരുദ്ധന്‍ ; പറയുന്ന വിവാദത്തെക്കുറിച്ച് അറിയില്ലെന്ന് മമ്പറം ദിവാകരന്‍

കണ്ണൂര്‍: ബ്രണ്ണൻ കോളജ്​ പഠനകാലത്ത്​ കെ.സുധാകരൻ കെ.എസ്​.യു വിരുദ്ധനായിരുന്നെന്ന് മമ്പറം ദിവാകരന്‍. മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും തമ്മിൽ നടന്നു എന്ന് പറയുന്ന വിവാദവുമായി ബന്ധപ്പെട്ട് തനിക്കൊന്നുമറിയില്ലെന്നും അന്ന് മുൻമന്ത്രി എ.കെ. ബാലനായിരുന്നു അന്ന്​ ഇടതുവിദ്യാർഥി സംഘടനയുടെ നേതാവെന്നും മമ്പറം ദിവാകരന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

1971 ല്‍ താൻ ബ്രണ്ണനിൽ പഠിക്കാനെത്തുമ്പോള്‍ അവിടെ കെ. സുധാകരനും ഒന്നിച്ചുണ്ടായിരുന്നു. കോൺഗ്രസിൽ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. താന്‍ ഇന്ദിരാ കോൺഗ്രസിനൊപ്പമായിരുന്നു. അന്ന്​ ഞങ്ങളും ഇടതുപക്ഷവും തമ്മിൽ നിരവധി സംഘട്ടനം ഉണ്ടായിട്ടുണ്ട്​. എന്നാല്‍ സംഘടനാ കോണ്‍ഗ്രസിനൊപ്പമായിരുന്ന സുധാകരന്‍ അന്ന്​ കെ.എസ്​.യു വിരുദ്ധനായിരുന്നു​.

ഞങ്ങളുടെ സീനിയർ ആയിരുന്നു പിണറായി വിജയന്‍. സുധാകരനും പിണറായിയും തമ്മില്‍ നടന്നുവെന്ന് പറയുന്ന സംഘട്ടനത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ല. പിണറായി വിജയൻ ബ്രണ്ണൻ കോളജിൽ വന്നപ്പോൾ ചവിട്ടിവീഴ്​ത്തിയെന്ന്​ കെ.സുധാകരൻ പറയുന്ന സംഭവത്തെക്കുറിച്ച്​ ബ്രണ്ണനിലെ പഠനകാലത്ത്​ ആരും പറഞ്ഞുപോലും താന്‍ കേട്ടിട്ടില്ലെന്നും പറഞ്ഞു.

അതുപോലെ തന്നെ പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാൻ ​കെ. സുധാകരൻ പദ്ധതിയിട്ടുവെന്ന​ വെളിപ്പെടുത്തലും തനിക്ക് പുതിയ അറിവാണെന്നും അതേക്കുറിച്ച്​ പണ്ടും ഇപ്പോഴും ആരും പറഞ്ഞുകേട്ടിട്ടില്ലെന്നും മമ്പറം ദിവാകരൻ പറഞ്ഞു. പിണറായിയ്ക്ക് എതിരേ സുധാകരന്‍ നടത്തുന്ന വാക്പോര് ഒരു തരത്തിലും പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്നും അനാവശ്യമായ സുധാകര വിരുദ്ധത സൃഷ്ടിക്കുകയേയുള്ളെന്നും പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ സമന്വയത്തിനാണ് ​സുധാകരന്‍ ശ്രമിക്കേണ്ടത്. മുഖ്യമന്ത്രിയും ഇങ്ങിനെ തന്നെ സമന്വയത്തിന് തയ്യാറാകണമെന്നും പറഞ്ഞു. പിണറായി വിജയന്‍ എന്ന സമുന്നതനായ നേതാവുമായും സിപിഎമ്മുമായും കണ്ണൂരില്‍ നിരന്തരം പോരാട്ടം നടത്തിയ ആളാണ് തങ്ങളും. കണ്ണൂര്‍ കേരളത്തിലെ മറ്റു ജില്ലകളെ പോലെയല്ല. കണ്ണൂരില്‍ അനേകം കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെടുകയും സിപിഎമ്മിനോട് കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുകയും ചെയ്ത ജില്ലയാണ് കണ്ണൂര്‍. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറി.

പഴയ കാര്യം പറഞ്ഞ് ഇപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് എതിരേ പ്രകോപനം സൃഷ്ടിക്കുന്നത് ശരിയല്ല. പിണറായിയെ ചവിട്ടി എന്ന് സുധാകരന്‍ പറയുമ്പോള്‍ അത് കമ്യൂണിസ്റ്റ്കാരന്റെ നെഞ്ചിലാണ് കൊള്ളുന്നത്. അത് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് അന്ധമായ സുധാകര വിരോധം ഉണ്ടാക്കാനേ ഗുണം ചെയ്യൂ എന്നും ഇരുവരും സംയമനം പാലിക്കുകയാണ് ചെയ്യേണ്ടത് എന്നും മമ്പറം ദിവാകരന്‍ ഒരു വാര്‍ത്താചാനലിനോട് പ്രതികരിച്ചു.

സുധാകരനോടൊപ്പം അതേ കളരിയില്‍ പയറ്റിയ മമ്പറം ദിവാകരനും കുറച്ചു കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും പുഷ്‌പരാജിന്റെ കാല്‍ അടിച്ചു തകര്‍ത്തതടക്കം ഒരുപാട്‌ സംഭവങ്ങളുണ്ടെന്നും സുധാകരന് മറുപടിയുമായി പിണറായി വിജയന്‍ തന്നെ ഇന്നലെ രംഗത്ത് വന്നിരുന്നു.

തലശേരിയില്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായും മമ്പറം ദിവാകരന്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പിണറായി പറഞ്ഞിരുന്നു. തന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്തുവിട്ടാല്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും സുധാകരനെ കെ.പി.സി.സി. അധ്യക്ഷനാക്കണമെന്നു പറയില്ല.

ഡി.സി.സി. ഓഫീസിനായി പിരിച്ച കോടികള്‍ എവിടെയെന്നും അദ്ദേഹം ചോദിക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു. ബ്രണ്ണന്‍ കോളേജില്‍ പിണറായി ആക്രമിക്കപ്പെട്ടു എന്ന് സുധാകരന്‍ പറഞ്ഞ സംഭവത്തില്‍ പിണറായിയുടെ വിശദീകരണം ഇങ്ങിനെയായിരുന്നു. ബ്രണ്ണന്‍ കോളേജില്‍ തന്നെ മര്‍ദിച്ചെന്നു സുധാകരന്‍ പറഞ്ഞത് സ്വപ്‌നം മാത്രമാണെന്ന് പിണറായി പറഞ്ഞു.

ഒരു വാരികയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ സുധാകരന്‍ ഒരു ഫ്രാന്‍സിസിന്റെ കാര്യം പറയുന്നുണ്ട്‌. ഫ്രാന്‍സിസ്‌ സ്‌റ്റേജിലേക്കു കത്തിയുമായി കയറി അടിച്ചെന്നും താന്‍ മാറിയതുകൊണ്ട്‌ രക്ഷപ്പെട്ടെന്നുമാണ്‌ സുധാകരന്‍ പറയുന്നത്‌.

ഞാന്‍ കോളജില്‍ പഠിക്കുന്നതുവരെ ഫ്രാന്‍സിസ്‌ അവിടെയില്ല. ആക്രമിക്കാന്‍ നടന്നവര്‍ എന്റെ ശരീരത്തിനടുത്തേക്ക്‌ എത്തിയിട്ടില്ല. പ്രസ്‌ഥാനത്തിന്റെ ഭാഗമായാണു ഞാന്‍ നിന്നത്‌. കെ.എസ്‌.യുവിനു മൃഗീയ ആധിപത്യമുള്ള സമയത്താണ്‌ ഞാന്‍ ബ്രണ്ണന്‍ കോളജില്‍ പോകുന്നത്‌. സുധാകരനെക്കാള്‍ തടിമിടുക്കുള്ളവര്‍ അന്നുണ്ട്‌. അവരുടെ മുന്നിലാണു പ്രവര്‍ത്തിച്ചത് എന്നും പിണറായി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയും കെപിസിസി അദ്ധ്യക്ഷനും തമ്മില്‍ വാക്പോര് തുടരുമ്പോള്‍ പിണറായി പറഞ്ഞ കാര്യങ്ങള്‍ക്ക് ഇന്ന് മറുപടി നല്‍കുമെന്നാണ് കെ.സുധാകരന്‍ പറഞ്ഞിരിക്കുന്നത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog