വോട്ടിംഗ് സുതാര്യമാക്കാന്‍ ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 April 2021

വോട്ടിംഗ് സുതാര്യമാക്കാന്‍ ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ്

കണ്ണൂര്‍:നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സുതാര്യവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ജില്ലയിലെ 3137 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടപടികള്‍ തല്‍സമയം നിരീക്ഷിക്കാന്‍ കഴിയുന്ന വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലെയും വോട്ടെടുപ്പ് തല്‍സമയം നിരീക്ഷിക്കുന്നതിനായി കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വന്‍ സന്നാഹത്തോടെ വിശാലമായ കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. ഹൈ സ്പീഡ് ഇന്റര്‍നെറ്റാണ് വെബ്കാസ്റ്റിംഗിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പോളിംഗ് ബൂത്തുകളില്‍ നടക്കുന്ന കാര്യങ്ങളുടെ വ്യക്തതയോടെയുള്ള ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാകും. 131 ലാപ്ടോപ്പുകളാണ് ഇതിനായി കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിരിക്കുന്നത്. ഒരു ലാപ്ടോപ്പിന്റെ മോണിറ്ററില്‍ 24 ബൂത്തുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഒരേസമയം നിരീക്ഷിക്കാനാവും. ഇതിനായി ഓരോ ലാപ്ടോപ്പിനും ഓരോ വ്യൂവിംഗ് സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ബൂത്തുകളില്‍ ക്രമവിരുദ്ധമായി വല്ലതും ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ജില്ലാ കലക്ടറെ അറിയിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വോട്ടെടുപ്പ് നിരീക്ഷിക്കുന്നതിനായി ജില്ലാ കലക്ടര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പ്രത്യേക കംപ്യൂട്ടര്‍ സംവിധാനം കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ, ഏതെങ്കിലും പ്രത്യേക ബൂത്തിലെ വോട്ടെടുപ്പ് നടപടികള്‍ വലിപ്പത്തില്‍ കാണുന്നതിനായി വലിയ എല്‍ഇഡി സ്‌ക്രീനും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഓരോബൂത്തില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ ഭാവി ഉപയോഗത്തിനായി ക്ലൗഡ് സര്‍വറില്‍ സൂക്ഷിക്കും.വെബ്കാസ്റ്റിംഗ് സംവിധാനത്തിന്റെ ഭാഗമായി പോളിംഗ് ബൂത്തുകളില്‍ ഓരോ ലാപ്ടോപ്പും അത് പ്രവര്‍ത്തിപ്പിക്കുന്നതിന് ഓരോ ഓപ്പറേറ്ററുമുണ്ടാവും. ഇവര്‍ക്ക് പുറമെ വെബ്കാസ്റ്റിംഗ് സംവിധാനത്തിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായാല്‍ പരിഹരിക്കുന്നതിന് രണ്ട് പേര്‍ അടങ്ങുന്ന സംഘത്തെ മണ്ഡലം തല ഫീല്‍ഡ് ഓപ്പറേറ്റര്‍മാരായും നിയമിച്ചിട്ടുണ്ട്. വെബ്കാസ്റ്റിംഗ് പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ സത്വര പരിഹാരം കാണുന്നതിനും ബിഎസ്എന്‍എല്‍, കെഎസ്ഇബി, കെല്‍ട്രോണ്‍ തുടങ്ങിയ വിഭാഗങ്ങളുടെ പ്രത്യേക കൗണ്ടറുകളും കണ്‍ട്രോള്‍ റൂമില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപില്‍ അഞ്ച് രാവിലെ 11 മണി മുതല്‍ വെബ്കാസ്റ്റിംഗ് ആരംഭിക്കും.കെല്‍ട്രോണിന്റെ സോഫ്റ്റ്വെയറാണ് വെബ്കാസ്റ്റിംഗിനായി ഉപയോഗിക്കുന്നത്. ബിഎസ്എന്‍എല്‍, അക്ഷയ, ഐടി മിഷന്‍, പോലിസ്, ഐകെഎം, അസാപ്പ്, പിഡബ്ല്യുഡി ഇലക്ട്രോണിക്സ്, നിര്‍മിതി കേന്ദ്ര, കെഎസ്ഇബി, എംജിഎന്‍ആര്‍ഇജിഎസ്, കുടുംബശ്രീ, കലക്ടറേറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് ജില്ലയില്‍ വെബ്കാസ്റ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതെന്ന് നോഡല്‍ ഓഫീസര്‍ കൂടിയായ അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏക ജില്ലയാണ് കണ്ണൂര്‍.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog