ബലാബലത്തില്‍ മലബാര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഓ രോ ജില്ലയിലും പാര്‍ട്ടികളുടെ സ്വാധീന മേഖലകള്‍ ഉണ്ടെങ്കിലും പൊതുവെ എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യശക്തിയുള്ള മേഖലയാണ് മലബാര്‍; ബി.ജെ.പിക്ക് സ്വാധീനമുള്ള കാസര്‍കോഡിന്റെ വടക്കേയറ്റത്തെ മണ്ഡലങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 48 മണ്ഡലങ്ങളാണുള്ളത്. ഇതില്‍ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ എല്‍.ഡി.എഫിനും മലപ്പുറം ജില്ല യു.ഡി.എഫിനും മേല്‍ക്കൈയുള്ള മേഖലകളാണ്. എന്നാല്‍, അത്തരം ആധിപത്യം നിലനില്‍ക്കുമ്ബോഴും പാര്‍ട്ടി പറയുന്ന ഏതു സ്ഥാനാര്‍ത്ഥിക്കും വോട്ടു ചെയ്യാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകില്ല എന്ന സൂചന ഇത്തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ ഉണ്ടായി.ഇരിക്കൂറില്‍ കോണ്‍ഗ്രസ് നിശ്ചയിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസ്സിലെ വലിയൊരു വിഭാഗം രംഗത്തുവന്നു. അത് കോണ്‍ഗ്രസ് നേതൃത്വത്തിനുതന്നെ നിയന്ത്രിക്കാനാകാത്തവിധം വഷളാവുകയും ചെയ്തു. കുറ്റിയാടിയില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് സീറ്റ് നല്‍കിയതിനെതിരെ സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും തെരുവിലിറങ്ങി. പാര്‍ട്ടി വളരെ കേന്ദ്രീകൃത സ്വഭാവത്തിലേക്ക് നീങ്ങുന്നുവെന്ന് പറയുമ്ബോഴും ജനം അതിനെ കണക്കിലെടുക്കാതെ തീരുമാനത്തിനെതിരെ തെരുവിലിറങ്ങുകയും തിരുത്തുകയും ചെയ്യുന്നുവെന്നത് വൈരുദ്ധ്യമായി തോന്നാം. നേരത്തെ വിഭാഗീയത ഉണ്ടായിരുന്ന കാലത്ത് വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോള്‍ നീലേശ്വരം പോലുള്ള സ്ഥലങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ പോലെയായിരുന്നില്ല ഇത്. പ്രാദേശിക വികാരം കണക്കിലെടുത്ത് കുറ്റിയാടി സി.പി.എമ്മിന് ഏറ്റെടുക്കേണ്ടിവന്നു. ഘടകകക്ഷികള്‍ക്ക് സീറ്റു നല്‍കിയതിനെതിരെ മുഖ്യാധാരാ പാര്‍ട്ടികളില്‍ ഉണ്ടാകുന്ന അസ്വസ്ഥത കോഴിക്കോട് ജില്ലയിലെ ഏലത്തൂരിലും കണ്ടു. മാണി സി. കാപ്പന്റെ എന്‍.സി.കെയ്ക്ക് സീറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ രീതിയില്‍ തന്നെയാണ് പ്രതിഷേധമുയര്‍ത്തിയത്. മലപ്പുറത്ത് ലീഗ് ജനറല്‍ സെക്രട്ടറിക്കെതിരെയും പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ടായി. സുഗമമായി തെരഞ്ഞെടുപ്പിനെ നേരിടാമെന്ന പാര്‍ട്ടികളുടെ പ്രതീക്ഷയെ ഇത്തരം അപ്രതീക്ഷിത പ്രതികരണങ്ങള്‍ മങ്ങലേല്പിച്ചിട്ടുണ്ട്.

കാസര്‍കോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ മേല്‍ക്കൈയ്ക്കപ്പുറം കോഴിക്കോട് പോലുള്ള ജില്ലകളില്‍, പ്രത്യേകിച്ച്‌ നഗരമേഖലയില്‍ തെരഞ്ഞെടുപ്പുഫലങ്ങളെ നിര്‍ണ്ണയിക്കാന്‍ തക്കവണ്ണം ബി.ജെ.പിക്കുണ്ടായ വളര്‍ച്ച തള്ളിക്കളയാനാകില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെയുണ്ടായ അസ്വാരസ്യങ്ങള്‍ പലയിടത്തും അപ്രതീക്ഷിതമായ അടിയൊഴുക്കുകള്‍ക്ക് കാരണമാകാനും ഇടയുണ്ട്. അതിനാല്‍ത്തന്നെ പരമ്ബരാഗത മണ്ഡലങ്ങളില്‍ പലതിലും ഫലം വരുമ്ബോള്‍ അട്ടിമറിഞ്ഞേക്കാനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല.

മഞ്ചേശ്വരത്ത് എന്തു സംഭവിക്കും?

കാസര്‍കോട്ടെ അഞ്ചു മണ്ഡലങ്ങളില്‍ മൂന്നെണ്ണം എല്‍.ഡി.എഫിനൊപ്പവും രണ്ടെണ്ണം യു.ഡി.എഫിനൊപ്പവുമാണ് നിലവില്‍. ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലം കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മഞ്ചേശ്വരമാണ്. മഞ്ചേശ്വരത്തെ സീറ്റ് വഴിയായിരിക്കും കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുക എന്നായിരുന്നു കണക്കുകൂട്ടലുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒ. രാജഗോപാലിലൂടെയായിരുന്നു ബി.ജെ.പി അത് സാധിച്ചത്. 2016-ലെ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ മുസ്ലിം ലീഗിലെ പി.ബി. അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. വോട്ടിങ്ങിലെ ക്രമക്കേട് ആരോപിച്ച്‌ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. 7923 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗിന്റെ എം.സി. കമറുദ്ദീന്‍ ബി.ജെ.പിയുടെ രവീശതന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തിയത്. ജ്വല്ലറി തട്ടിപ്പുകേസുകള്‍ വന്നതോടെ ഖമറുദ്ദീന് സീറ്റ് കിട്ടിയില്ല. പകരം എ.കെ.എം. അഷ്റഫ് വന്നു. മഞ്ചേശ്വരം പിടിക്കുക എന്ന ലക്ഷ്യവുമായാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കെ. സുരേന്ദ്രന്‍ കോന്നിക്കു പുറമെ ഇത്തവണയും ഇവിടെ മത്സരിക്കുന്നത്. വി.വി. രമേശനാണ് ഇത്തവണ ഇവിടെ സി.പി.എം സ്ഥാനാര്‍ത്ഥി. ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി പയറ്റാറുള്ള പല തന്ത്രങ്ങളും ഇവിടെ കണ്ടുകഴിഞ്ഞു. കഴിഞ്ഞ തവണ 467 വോട്ട് നേടിയ ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ. സുന്ദര പത്രിക നല്‍കിയതിനു ശേഷം പിന്‍വാങ്ങി. ഇനി സുരേന്ദ്രനുവേണ്ടി പ്രവര്‍ത്തിക്കും എന്നാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്. സുന്ദരയെ ബി.ജെ.പി ഭീഷണിപ്പെടുത്തി എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. സുന്ദരയെ കാണാനില്ലെന്നും ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നും കാണിച്ച്‌ മണ്ഡലത്തിലെ ബി.എസ്.പി പ്രവര്‍ത്തകര്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. മഞ്ചേശ്വരത്തെ പരമ്ബരാഗത വോട്ടിങ്ങ് രീതിയില്‍ മാറ്റം വരുമോ എന്നാണ് ഇത്തവണ ഉറ്റുനോക്കുന്ന ഒരു കാര്യം.

മഞ്ചേശ്വരത്തിന് പുറമെ മുസ്ലിം ലീഗിന്റെ മറ്റൊരു മണ്ഡലമാണ് കാസര്‍കോഡ്. അതുപോലെ തന്നെ ബി.ജെ.പിയും യു.ഡി.എഫും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മണ്ഡലം കൂടിയാണിത്. മുസ്ലിം ലീഗിന് സിറ്റിങ് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്നും ഐ.എന്‍.എല്ലിന് എം.എ. ലത്തീഫും ബി.ജെ.പിക്കായി അഡ്വ. കെ. ശ്രീകാന്തുമാണ് മത്സരിക്കുന്നത്. ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ശക്തമായ എല്‍.ഡി.എഫ് മണ്ഡലങ്ങളാണ്. വര്‍ഷങ്ങളായി സി.പി.എമ്മിന്റെ കുത്തക മണ്ഡലമാണ് ഉദുമ. 2016-ല്‍ കെ. സുധാകരന്‍ മത്സരിച്ച്‌ തോറ്റ മണ്ഡലം കൂടിയാണ്. എല്‍.ഡി.എഫിലെ കെ. കുഞ്ഞിരാമന്‍ ജയിച്ചെങ്കിലും 2011-നേക്കാള്‍ ഭൂരിപക്ഷം ഏഴായിരത്തോളം കുറവായിരുന്നു. പിന്നീട് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും രാജ്മോഹന്‍ ഉണ്ണിത്താന് ഉദുമയില്‍നിന്ന് മികച്ച രീതിയില്‍ വോട്ട് ലഭിച്ചിരുന്നു. പെരിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്ലാലിന്റേയും കൊലപാതകം ഈ മേഖലയില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അത് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്ന ആശങ്ക സി.പി.എമ്മിനുണ്ട്. അതുകൊണ്ടുതന്നെ ഈ മണ്ഡലത്തില്‍ യു.ഡി.എഫും പ്രതീക്ഷവെയ്ക്കുന്നുണ്ട്. നിലവിലെ എം.എല്‍.എ കെ. കുഞ്ഞിരാമന് പകരം സി.എച്ച്‌. കുഞ്ഞമ്ബുവാണ് ഇവിടെ എല്‍.ഡി.എഫിനായി മത്സരിക്കുന്നത്. യു.ഡി.എഫ് ബാലകൃഷ്ണന്‍ പെരിയയെ ആണ് മത്സരിപ്പിക്കുന്നത്. എ. വേലായുധന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.

മത്സരഫലത്തില്‍ കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കാനാവാത്ത തൃക്കരിപ്പൂരില്‍ ഇക്കുറിയും എം. രാജഗോപാലന്‍ തന്നെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുയര്‍ന്നിരുന്നു. എം.പി. ജോസഫാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. എല്‍.ഡി.എഫ് മണ്ഡലമായ കാഞ്ഞങ്ങാട്ട് സി.പി.ഐ നേതാവും മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തെ മാറ്റണമെന്നും സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ബങ്കളം കുഞ്ഞികൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ടും സി.പി.ഐയില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. രണ്ട് തവണ മത്സരിച്ച ചന്ദ്രശേഖരന്‍ മാറിനില്‍ക്കണമെന്നായിരുന്നു ആവശ്യം. എങ്കിലും കാഞ്ഞങ്ങാട്ടെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാവുന്ന എതിര്‍പ്പുകളല്ല ഇതൊന്നും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha