അക്രമി സംഘം ലക്ഷ്യമിട്ടത് മന്‍സൂറിന്റെ സഹോദരനെയെന്ന് സിപിഎം പ്രവര്‍ത്തകന്റെ മൊഴി; കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയല്ല അക്രമം നടത്തിയതെന്നും കസ്റ്റഡിയിലുള്ള ഷിനോസ്; പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ യോഗം; ആക്രമിക്കപ്പെട്ട ഓഫീസുകള്‍ സന്ദര്‍ശിച്ച്‌ എം വി ജയരാജനും പി ജയരാജനും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 8 April 2021

അക്രമി സംഘം ലക്ഷ്യമിട്ടത് മന്‍സൂറിന്റെ സഹോദരനെയെന്ന് സിപിഎം പ്രവര്‍ത്തകന്റെ മൊഴി; കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയല്ല അക്രമം നടത്തിയതെന്നും കസ്റ്റഡിയിലുള്ള ഷിനോസ്; പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ യോഗം; ആക്രമിക്കപ്പെട്ട ഓഫീസുകള്‍ സന്ദര്‍ശിച്ച്‌ എം വി ജയരാജനും പി ജയരാജനും

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമി സംഘം ലക്ഷ്യമിട്ടത് മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിനെയെന്ന് കസ്റ്റഡിയിലുള്ള സി പി എം പ്രവര്‍ത്തകന്റെ മൊഴി നല്‍കി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും പൊലീസ് കസ്റ്റഡിയിലുള്ള ഷിനോസ് പറഞ്ഞു.
അപ്രതീക്ഷിതമായാണ് മുഹ്സിന്റെ സഹോദരന്‍ മന്‍സൂര്‍ സംഭവ സ്ഥലത്തേക്ക് എത്തിയത്. ബോംബ് എറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം.കസ്റ്റഡിയിലുള്ള ഷിനോസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഘത്തിലുണ്ടായിരുന്ന പത്തോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മന്‍സൂറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ പാനൂര്‍ മേഖലയില്‍ വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

സി പി എം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു.പെരിങ്ങത്തൂര്‍ ടൗണ്‍, ആച്ചിമുക്ക് ബ്രാഞ്ച് ഓഫിസുകള്‍ക്ക് തീയിട്ടു.പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫിസ്, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് എന്നിവയും ആക്രമിച്ചു. കടകള്‍ക്കും വീടുകള്‍ക്കും നേരെയും ആക്രമണമുണ്ടായി. ഇതോടെ പാനൂര്‍ മേഖലയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. സുരക്ഷ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. പാനൂരിനോട് ചേര്‍ന്നുള്ള ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി.കണ്ണൂരില്‍ ജില്ലാ കളക്ടര്‍ ഇന്ന് സമാധാനയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രാവിലെ 11 മണിക്കാണ് യോഗം.

അതിനിടെ അക്രമമുണ്ടായ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. എം വി ജയരാജനും പി ജയരാജനുമാണ് ആക്രമിക്കപ്പെട്ട പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ചത്. ഇന്നലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മന്‍സൂറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്.

അതേസമയം കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കാല്‍മുട്ടില്‍ മാത്രമാണ് ആഴത്തിലുള്ള മുറിവുള്ളതെന്ന് പ്രാഥമിക പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടത് ബോംബേറിലാണ്. ബോംബേറില്‍ മന്‍സൂറിന്റെ കാല്‍മുട്ട് തകര്‍ന്നു. ശരീരത്തില്‍ ആഴത്തിലുള്ള മറ്റ് മുറിവുകളില്ല. രക്തം വാര്‍ന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കാലിന് വെട്ടേറ്റ മന്‍സൂറിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോയുടെ പ്രതികരണം. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊലനടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച്‌ വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. രാഷ്ട്രീയ പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളുവെന്നും കമ്മീഷണര്‍ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog