'ക്യാപ്‌റ്റന്‍സി' ആസ്വദിച്ച്‌ പിണറായി; മറക്കുന്നത്‌ ചരിത്രം
കണ്ണൂരാൻ വാർത്ത
കണ്ണൂര്‍ : പ്രചാരണ രംഗത്തെ "ക്യാപ്‌റ്റന്‍സി" പിണറായി ആസ്വദിക്കുന്നുവോ? അങ്ങനെയെങ്കില്‍ പിണറായി ബോധപൂര്‍വം മറക്കുന്നത്‌ വി.എസിനെയും പി. ജയരാജനെയും വെട്ടിനിരത്തിയ കഴിഞ്ഞ കാലം. തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയത്‌ മുതല്‍ മുഖ്യമന്ത്രിയുടെ പ്രതിച്‌ഛായ ശക്‌തമാക്കുന്നതിന്റെ ഭാഗമായി സൈബര്‍ ഇടങ്ങളിലടക്കം "ക്യാപ്‌റ്റന്‍" എന്ന വിശേഷണമാണു ഉപയോഗിക്കുന്നത്‌. പിണറായിയെ ''ക്യാപ്‌റ്റന്‍'' ആക്കുന്നത്‌ കഴിഞ്ഞ ദിവസം പരസ്യമായി കോടിയേരി ബാലകൃഷ്‌ണന്‍ തള്ളിക്കളഞ്ഞിരുന്നു. ഇന്നലെ പി. ജയരാജനും പരോക്ഷ വിമര്‍ശനവുമായെത്തി.
മുമ്ബ്‌ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെതിരേ വ്യക്‌തിപൂജ വിവാദമുയര്‍ത്തി ശാസന നല്‍കുന്നതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ പിണറായി വിജയനായിരുന്നു.വി.എസിന്‌ അമിതമായ പ്രാധാന്യം അണികളിലും മാധ്യമങ്ങളിലും ലഭിച്ചപ്പോള്‍ വ്യക്‌തിയല്ല പ്രസ്‌ഥാനമാണ്‌ വലുതെന്നു ഓര്‍മിപ്പിക്കാന്‍ പിണറായി നടത്തിയ "ബക്കറ്റിലെ തിര" പരാമര്‍ശം ചര്‍ച്ചയായിരുന്നു.
പാര്‍ട്ടിയെക്കാള്‍ വളരാന്‍ ശ്രമിക്കുന്നുവെന്നു പാര്‍ട്ടി സമ്മേളനങ്ങളില്‍ വി.എസിന്‌ കുറ്റപത്രം ചാര്‍ത്തപ്പെട്ടു. 2016ലെ തെരഞ്ഞെടുപ്പില്‍ വി.എസും പിണറായിയും മത്സരിച്ചപ്പോള്‍ മുഖ്യമന്ത്രിയാരെന്നു പാര്‍ട്ടി തീരുമാനിച്ചില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്‌ അത്‌ കമ്യൂണിസ്‌റ്റ്‌ രീതിയല്ലെന്നായിരുന്നു പിണറായി വിജയന്‍ മറുപടി പറഞ്ഞത്‌.
ഇക്കുറി തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കും മുന്‍പേ പിണറായി വിജയനാണു നായകനെന്ന്‌ ചൂണ്ടിക്കാട്ടിയാണു സി.പി.എം. രംഗത്തിറങ്ങിയത്‌. എല്ലാ സ്‌ഥാനാര്‍ഥികള്‍ക്കുമൊപ്പം പോസ്‌റ്ററുകളില്‍ പിണറായി വിജയന്റെ മുഖം സ്‌ഥാനം പിടിക്കുകയും ചെയ്‌തു. പിണറായി വിജയനെ ക്യാപ്‌റ്റന്‍ എന്നു വിശേഷിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഉന്നത സി.പി.എം. നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയതു ചര്‍ച്ചയായിട്ടുണ്ട്‌.
സി.പി.എം. സംഘടനാ സംവിധാനത്തില്‍ തെരഞ്ഞെടുപ്പിനുശേഷം വിഷയം ചര്‍ച്ചയായേക്കാം. പാര്‍ട്ടിക്കു ക്യാപ്‌റ്റനില്ല സഖാവേയുള്ളൂ എന്നു പറഞ്ഞ്‌ മുന്‍ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ തന്നെയാണു രണ്ട്‌ ദിവസം മുമ്ബ്‌ ഈ വിഷയത്തില്‍ ''ബോംബ്‌ പൊട്ടിച്ചത്‌''.
ഇഷ്‌ടമുള്ള ആളുകള്‍ പലതും വിളിക്കുമെന്നാണ്‌ ഇതെക്കുറിച്ച്‌ മുഖ്യമന്ത്രി പ്രതികരിച്ചത്‌. ക്യാപ്‌റ്റന്‍ വിളിയെ തള്ളാന്‍ പിണറായി ഒരു ഘട്ടത്തിലും തയാറായില്ല എന്നതും ശ്രദ്ധേയമാണ്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത