കേസുകളെടുക്കാന്‍ ഉത്തരവിടാതെ ഡി.ജി.പി: ഇ.ഡിക്കെതിരായ നടപടികളില്‍ ഒളിച്ചുകളി, നോട്ടം സി.ബി.ഐ ഡയറക്ടര്‍ കസേര
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സര്‍ക്കാരിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണവും കേസുകളുമായി മുന്നേറുന്ന ഇ.ഡി ഉദ്യോഗസ്ഥരെ വരുതിയിലാക്കാന്‍ അവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെ കേസുകളെടുക്കാന്‍ ഉത്തരവിടാതെ ഡി.ജി.പിയുടെ കള്ളക്കളി.

കസേര ഉറപ്പിക്കാന്‍

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് എംപാനല്‍ ചെയ്യപ്പെട്ടിരിക്കെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡിയ്ക്കും അതിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവിടുന്നത് സി.ബി.ഐ തലപ്പത്തേക്ക് തന്നെ അനഭിമതനാക്കുമോയെന്ന ഭയവും കേസെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഇ.ഡി തിരിച്ചും കേസെടുത്തേക്കുമെന്ന സൂചനയുമാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സര്‍ക്കാരിന്റെ കളിപ്പാവയായിരുന്ന ബെഹ്റയുടെ ഒളിച്ചുകളിക്ക് പിന്നില്‍.ഈ വരുന്ന ജൂണില്‍ ബെഹ്റ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കും.

ഡി.ജി.പി തന്ത്രപരമായി ഒഴിഞ്ഞു

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രണ്ട് പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാനുള്ള നിര്‍ദ്ദേശം സംബന്ധിച്ച ഫയലിലാണ് ഒപ്പിടാതെ ബെഹ്റ തന്ത്രപരമായി ഒഴിഞ്ഞത്. പൊലീസ് മേധാവിക്ക് പകരം അദ്ദേഹത്തിന്റെ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടുമാരാണ് കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, തന്റെ അനുമതിയില്ലാതെ ക്രൈംബ്രാഞ്ച് കേസുകള്‍ എടുക്കാന്‍ പാടില്ലെന്ന ബെഹ്റയുടെ നിര്‍ദ്ദേശം നിലനില്‍ക്കെ ജൂനിയര്‍ സൂപ്രണ്ടുമാരുടെ ഉത്തരവ് എങ്ങനെ പാലിക്കുമെന്നറിയാതെ ക്രൈംബ്രാഞ്ചും പുലിവാല്‍ പിടിച്ചു. അതിനിടെ, ഇ.ഡി ഉദ്യോഗസ്ഥരെ കേസില്‍ കുടുക്കി മെരുക്കാമെന്ന് കണക്കുകൂട്ടിയ സര്‍ക്കാര്‍ കേസെടുക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ നിവൃത്തിയില്ലാതെ ഒരു കേസ് ക്രൈംബ്രാഞ്ച്ര് രജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണത്തിന് ഉദ്യോഗസ്ഥര്‍ പലരും വിസമ്മതം അറിയിച്ചതായാണ് പുറത്ത് വരുന്ന വിവരം.

വനിതാ പൊലീസുകാരിയുടെ മൊഴി തുടക്കം

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിക്കെതിരെയുള്ള ആദ്യ കേസ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം ഉള്ളതായി സ്വര്‍ണക്കടത്തു കേസ് പ്രതി സന്ദീപ് നായരും പിന്നാലെ കണ്ണൂര്‍ സ്വദേശിയും രണ്ട് പരാതികള്‍ നല്‍കി. ഈ പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്താതെ പുതിയ കേസ് എടുക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കേസെടുക്കാമെന്ന നിയമോപദേശം കൂടി നല്‍കിയതോടെ ഓരോ പരാതിയിലും കേസുകള്‍ എടുക്കാന്‍ തീരുമാനിച്ചു.

ഡി.ജി.പി ഓഫീസിലെ രഹസ്യ വിഭാഗമായ ടി സെക്‌ഷനിലെ ജൂനിയര്‍ സൂപ്രണ്ടുമാര്‍ പരാതികള്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച്‌ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. എന്നാല്‍, ഫയലില്‍ ഡി.ജി.പി ഒപ്പിടാത്തതിന്റെ അപകടം മണത്ത ക്രൈംബ്രാഞ്ച് മേധാവി കണ്ണൂര്‍ സ്വദേശിയുടെ പരാതിയില്‍ പുതിയ കേസ് വേണ്ടെന്ന് വച്ചതാണ് ഇപ്പോഴത്തെ വിവാദവിഷയം.

ഇ.ഡിക്കെതിരെ കേസെടുത്തവര്‍ക്കെതിരെ എതിര്‍കേസ്

ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തവര്‍ക്കെതിരെ പകരം കേസ് എടുക്കാനുള്ള ആലോചനയിലാണ് ഇ.ഡി. ഇതില്‍ ഇടനിലക്കാരനായിരുന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവ്, വനിതാ പൊലീസിന്റെ മൊഴിയെടുത്ത സൈബര്‍ സെല്‍ എസ്.പി, സ്വപ്നയ്ക്ക് ജാമ്യം ഉറപ്പ് നല്‍കിയ ജയില്‍ ഉദ്യോഗസ്ഥന്‍, ചില ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരെ ടാര്‍ജറ്റ് ചെയ്താണ് ഇ.ഡിയുടെ നീക്കമെന്നാണ് സൂചന. ഇ.ഡിയ്ക്കെതിരായ പൊലീസിന്റെ നിയമവിരുദ്ധ നീക്കങ്ങളെ ഇതുകൊണ്ട് പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

പുതിയ ഡി.ജി.പി, പട്ടിക നല്‍കി

അതേസമയം ബഹ്റയുടെ വിരമിക്കലിന് മുന്നോടിയായി അടുത്ത ‌ഡി.ജി.പിനിയമനത്തിനുള്ള ഒരു ഡസനോളം പേരുടെ പട്ടിക യു.പി.എസ്.സിക്ക് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സമര്‍പ്പിക്കും. നിലവിലെ ‌ഡി.ജി. പി വിരമിക്കുന്നതിന് മൂന്നുമാസം മുമ്ബേ പട്ടിക സമര്‍പ്പിക്കണമെന്നാണ് ചട്ടം.1987 മുതല്‍ 1991 ബാച്ചുകളിലെ ഉദ്യോഗസ്ഥരുടെ പട്ടികയാണ് സമര്‍പ്പിക്കുന്നത്. ഇതില്‍ ജയില്‍മേധാവിയായ ഋഷിരാജ് സിംഗിന് വിരമിക്കാന്‍ ആറുമാസം മാത്രമേ ഉള്ളൂ.അതിനാല്‍ അദ്ദേഹത്തെ പരിഗണനയിലുണ്ടാകാന്‍ ഇടയില്ല. കേന്ദ്രത്തില്‍ എസ്.പി.ജി ഡയറക്ടറായി ഡെപ്യുട്ടേഷനില്‍ തുടരുന്ന അരുണ്‍ കുമാര്‍ സിന്‍ഹയും സംസ്ഥാനത്തേക്ക് വരാന്‍ സാദ്ധ്യത കുറവായതിനാല്‍ ഇവരൊഴികെയുള്ള സീനിയര്‍ ഓഫീസര്‍മാരുടെ പട്ടികയാണ് അംഗീകാരത്തിനായി സമര്‍പ്പിക്കുന്നത്.

ഇതനുസരിച്ച്‌ സംസ്ഥാന പൊലീസ് സേനയിലെ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായ ടോമിന്‍ തച്ചങ്കരി,​ സുധേഷ്കുമാര്‍,​ ബി.സന്ധ്യ,​ അനില്‍കാന്ത്,​നിഥിന്‍ അഗര്‍വാള്‍,​ എസ്. അനന്തകൃഷ്ണന്‍,​കെ. പദ്മകുമാര്‍,​ ഷേഖ് ദര്‍ബേഷ് സാഹിബ്,​ ഹരിനാഥ് മിശ്ര,​ രവത ചന്ദ്രശേഖര്‍,​ സഞ്ജീവ്കുമാര്‍ പട്ജോഷി എന്നിവരുടെ പട്ടികയാണ് സമര്‍പ്പിക്കുന്നത്. ഇതില്‍ യോഗ്യരായ മൂന്നുപേരുടെ പട്ടിക യു.പി.എസ്.സി സംസ്ഥാനത്തേക്ക് തിരിച്ചയയ്ക്കും. ഇതില്‍നിന്ന് അനുയോജ്യനായ ഒരാളെയാകും സംസ്ഥാന സര്‍ക്കാര്‍ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത