ഇത്തവണ കണ്ണൂര്‍ അഴീക്കല്‍ ആര് കപ്പലടുപ്പിക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 April 2021

ഇത്തവണ കണ്ണൂര്‍ അഴീക്കല്‍ ആര് കപ്പലടുപ്പിക്കും

കപ്പലടുപ്പിക്കാന്‍ ഓരോ ദിവസവും കടലാഴം കൂട്ടുന്ന തുറമുഖമാണ് അഴീക്കല്‍, അഴീക്കല്‍ കരയില്‍ ആര് കപ്പലടിപ്പിക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ വിജയം ഇടത്തോ വലത്തോ എന്ന് പ്രവചിക്കാനാവാത്തവിധം എന്നും ഉദ്വേഗം നിറഞ്ഞതായിരുന്നു. കഴിഞ്ഞ തവണ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എയും യൂത്ത് ലീഗ് നേതാവുമായിരുന്ന കെ.എം. ഷാജിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും എം.വി. രാഘവന്റെ മകനുമായ എം.വി. നികേഷ്‌കുമാറിനെയാണ് ഇറക്കിയത്.

അഴീക്കോട് അട്ടിമറി പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് അല്‍പമൊന്നാടിയുലഞ്ഞ ശേഷമാണു യുഡിഎഫിന്റെ കപ്പിത്താന്‍ കെ.എം.ഷാജി മൂന്നാം മത്സരത്തിന് ഇവിടെ നങ്കൂരമിട്ടത്. ഇറങ്ങിത്തിരിച്ചാല്‍ ഒരടി പിന്നോട്ടില്ലെന്നു കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഷാജി തെളിയിച്ചതാണ്.

ഇവിടെ വോട്ടര്‍മാരുടെ മനസ്സിനുമുണ്ട്, അതേ കടലോളം. പ്രചാരണ വിഷയങ്ങള്‍കൊണ്ട് ഈ ആഴവും പരപ്പും താണ്ടി കപ്പലടുപ്പിക്കാനുള്ള പോരാട്ടമാണ് ഇരു മുന്നണികളും അഴീക്കോട്ട് നടത്തുന്നത്. കടല്‍ക്കാറ്റിന്റെ ദിശ പോലെ തെരഞ്ഞെടുപ്പുഫലം പ്രവചനാതീതവും.
10 വര്‍ഷം മുന്‍പു വരെ ഇടതിനോടു കൂടുതല്‍ അടുപ്പം കാട്ടിയിരുന്ന അഴീക്കോടിന് അട്ടിമറികളുടെ ചരിത്രമുണ്ട്.

സിപിഎം വിട്ടിറങ്ങി സിഎംപി രൂപീകരിച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ (1987) എം.വി. രാഘവനാണ് ഇതിനു തുടക്കമിട്ടത്. ആദ്യമായി യുഡിഎഫ് വിജയം. പിന്നീട്, 1991 മുതല്‍ തുടര്‍ച്ചയായി 20 വര്‍ഷം എല്‍ഡിഎഫിന്റെ കയ്യിലായിരുന്നു മണ്ഡലം. പുനര്‍നിര്‍ണയത്തിനുശേഷം ആകെയൊന്നഴിച്ചുടുത്ത അഴീക്കോട്ടേക്കായിരുന്നു 2011ല്‍ ഷാജിയുടെ വരവ്. 493 വോട്ടിനു സിറ്റിങ് എംഎല്‍എ എം. പ്രകാശനെ അട്ടിമറിച്ചു.

മണ്ഡലം തിരിച്ചുപിടിക്കാന്‍ എം.വി. രാഘവന്റെ മകന്‍ എം.വി. നികേഷ് കുമാറിനെ സ്വന്തം പാളയത്തിലെത്തിച്ചാണു 2016ല്‍ സിപിഎം ഷാജിയെ നേരിട്ടത്. അച്ഛന്റെ പിന്‍ഗാമിയാകാന്‍ മകനായില്ല. 2287 വോട്ടിനു ഷാജിയുടെ രണ്ടാം ജയം.

നിര്‍ദിഷ്ട അഴീക്കല്‍ തുറമുഖവും പല വ്യവസായകേന്ദ്രങ്ങളും ഉള്‍പ്പെടുന്ന അഴീക്കോട് മണ്ഡലം 1977-ലാണ് രൂപംകൊള്ളുന്നത്. അതിനുമുമ്ബ് മറഞ്ഞുപോയ മാടായി മണ്ഡലത്തിന്റെയും ഇപ്പോഴുള്ള കല്യാശ്ശേരി മണ്ഡലത്തിന്റെയും ഭാഗമായിരുന്നു അഴീക്കോട്. 2008-ല്‍ വീണ്ടും മണ്ഡലപുനര്‍നിര്‍ണയത്തിലൂടെ നിയമസഭാ മണ്ഡലത്തിനുള്ളിലെ പഞ്ചായത്തുകള്‍ മാറിമറഞ്ഞു.

2008 വരെ എല്‍ഡിഎഫ് കോട്ടയായ അഴിക്കോട് യുഡിഎഫ് ചായ്‌വുള്ള മണ്ഡലമായിമാറി. തുടര്‍ന്നുനടന്ന രണ്ടു തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു.

5 പഞ്ചായത്തും കണ്ണൂര്‍ കോര്‍പറേഷന്റെ 15 ഡിവിഷനും ചേരുന്നതാണ് മണ്ഡലം. 4 പഞ്ചായത്ത് എല്‍ഡിഎഫും 1 യുഡിഎഫും ഭരിക്കുന്നു. കോര്‍പറേഷന്റെ 15 ഡിവിഷനുകളില്‍ 10 യുഡിഎഫിനും 4 എല്‍ഡിഎഫിനും 1 ബിജെപിക്കുമാണ്.

കണ്ണൂരിലെ കമ്യൂണിസ്റ്റുകാരുടെ കാര്‍ക്കശ്യമില്ലാത്ത കെ.വി. സുമേഷിനെ ഷാജിക്കൊത്ത പോരാളിയായി ഇടതുമുന്നണി അവതരിപ്പിച്ചതിലെ നയം വ്യക്തം വ്യക്തിപ്രഭാവത്തിനു ജനകീയതകൊണ്ടു മറുപടി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നാരോപിച്ചു നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഷാജിയുടെ വിജയം റദ്ദാക്കിയിരുന്നു. 6 വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ അയോഗ്യതയും കല്‍പിച്ചു. സുപ്രീംകോടതിയിലെത്തി സ്റ്റേ വാങ്ങിയാണു ഷാജി എംഎല്‍എയായി തുടര്‍ന്നത്.

തെരഞ്ഞെടുപ്പു കേസിനു പുറമേ, വിജിലന്‍സ് കേസുകളും നേരിടുന്നു. പിണറായി വിജയനെ തുറന്നെതിര്‍ക്കുന്നതിനുള്ള പ്രതികാരമെന്നാണു കേസുകള്‍ക്കുള്ള യുഡിഎഫ് വിശദീകരണം.

കേസ് പറഞ്ഞല്ല, രാഷ്ട്രീയവും വികസനവും പറഞ്ഞു ജയിക്കാനാണു നോക്കുന്നതെന്ന് എല്‍ഡിഎഫ് പറയുന്നു. മണ്ഡലം വികസനകാര്യത്തില്‍ പിന്നോട്ടുപോയെന്നാണ് അവരുയര്‍ത്തുന്ന പ്രധാന ആരോപണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കഴിഞ്ഞ 5 വര്‍ഷം കെ.വി.സുമേഷ് നടപ്പാക്കിയ വികസന പദ്ധതികളും എണ്ണമിട്ടു നിരത്തുന്നു.
കോര്‍പറേഷനില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നത് അഴീക്കോട് മണ്ഡലത്തിലാണ്.

ഇതിന്റെ ആത്മവിശ്വാസമുണ്ട് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്തിന്. ബിജെപിയും എസ്ഡിപിഐയും വോട്ട് വര്‍ധിപ്പിക്കുന്നതു നേരിയ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഓളമുണ്ടാക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog