ധര്‍മ്മടത്ത് ഇക്കുറി റെക്കോര്‍ഡ് ലീഡുണ്ടാവുമെന്ന് എല്‍ഡിഎഫ്, കെ സുധാകരന്റെ മാസ്റ്റര്‍ ബ്രെയിനുമായി യുഡിഎഫ്; വ്യക്തിപ്രഭാവം വോട്ടാക്കാന്‍ ബിജെപി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 April 2021

ധര്‍മ്മടത്ത് ഇക്കുറി റെക്കോര്‍ഡ് ലീഡുണ്ടാവുമെന്ന് എല്‍ഡിഎഫ്, കെ സുധാകരന്റെ മാസ്റ്റര്‍ ബ്രെയിനുമായി യുഡിഎഫ്; വ്യക്തിപ്രഭാവം വോട്ടാക്കാന്‍ ബിജെപി

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് വിധിയെഴുതുന്ന മണ്ഡലമാണ് ധര്‍മ്മടം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ചേര്‍ന്ന പിണറായി പാറപ്രം ഉള്‍പ്പെടുന്ന ധര്‍മ്മടം കണ്ണൂരിലെ പ്രധാന ഇടതുകോട്ടകളിലൊന്നാണ്. ഒപ്പം മുഖ്യമന്ത്രിയുടെ ജന്മനാടുകൂടിയായ മണ്ഡലത്തില്‍ ഇത്തവണയും ആശങ്കയില്ലാതെയാണ് എല്‍ഡിഎഫിന്റെ മത്സരം. പ്രധാന എതിരാളികളായ യുഡിഎഫിലെ ശക്തര്‍ പോലും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയ മണ്ഡലത്തില്‍ അട്ടിമറി സാധ്യതകളില്ലെന്ന് പ്രതിപക്ഷം തന്നെ പറയാതെ പറയുന്നു. അതേസമയം, തുടര്‍ഭരണമെന്ന മുദ്രാവാക്യവുമായി കേരളമൊട്ടാകെയുള്ള പ്രചാരണവേദികളിലേക്കുള്ള യാത്രയിലായിരുന്ന മുഖ്യമന്ത്രി പ്രചാരണത്തിനായി മണ്ഡലത്തില്‍ ചിലവഴിച്ചത് വളരെ കുറവ് സമയമാണ്.എന്നാല്‍ ആ കുറവ് ഭൂരിപക്ഷത്തിലുണ്ടാവില്ലെന്ന് ഉറപ്പിച്ചു പറയുന്ന എല്‍ഡിഎഫ് ഇത്തവണ മുഖ്യന് അരലക്ഷത്തിനുമുകളിലാണ് ലീഡ് പ്രതീക്ഷിക്കുന്നത്.

2008ലെ മണ്ഡലപുനര്‍നിര്‍ണ്ണയത്തില്‍ ഇല്ലാതായ എടക്കാട് മണ്ഡലത്തിന്റെയും തലശ്ശേരി മണ്ഡലത്തിന്റെയും ചില ഭാഗങ്ങളും ചേര്‍ത്താണ് ധര്‍മ്മടം മണ്ഡലം രൂപപ്പെടുത്തിയത്. ഇരുമുന്നണികളെയും മാറി മാറി വിജയിപ്പിച്ചിരുന്ന എടക്കാട് മണ്ഡലത്തിലെ പ്രദേശങ്ങളായിരുന്നു ധര്‍മ്മടത്തിന്റെ ഭൂരിഭാഗവുമെങ്കിലും പിന്നിട്ട രണ്ട് തെരഞ്ഞെടുപ്പിലും സിപിഐഎം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച്‌ ഇടതുകോട്ടയെന്ന വിശേഷണമാണ് മണ്ഡലം നേടിയത്. 2011ല്‍ കെ കെ നാരായണനും 2016ല്‍ പിണറായി വിജയനും മണ്ഡലത്തില്‍ വിജയം കണ്ടെത്തിയത് പകുതിയിലധികം വോട്ടര്‍മാരുടെ വ്യക്തമായ പിന്തുണയോടെയായിരുന്നു. രണ്ടുതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ മമ്ബറം ദിവാകരനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി.

2011-ല്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായ കെ കെ നാരായണന്‍ 15162 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. 53.13 ശതമാനമാനമായിരുന്നു വോട്ടുവിഹിതം. 42 ശതമാനം വോട്ടുകളുമായി മമ്ബറം ദിവാകരന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 3.64 ശതമാനം മാത്രമായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയായ സി പി സംഗീതയുടെ നേട്ടം. 2016ല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് നേരിട്ട പിണറായി വിജയന് 36905 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ജന്മനാട് നല്‍കിയത്. രണ്ടാം സ്ഥാനത്തായിരുന്ന മമ്ബറം ദിവാകരന്‍ 50424 വോട്ടുകള്‍ നേടി. 9.18 ശതമാനം ഇടിവായിരുന്നു അന്ന് കോണ്‍ഗ്രസിന് ംണ്ഡലത്തിലുണ്ടായത്. അതേസമയം, 2011-ലേതില്‍ നിന്ന് 3.17 ശതമാനം വോട്ടുകള്‍ പിണറായി വിജയനും 4.67 ശതമാനം വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ മാനന്തേരിയും അധികം നേടി. 12763 വോട്ടുകളാണ് ബിജെപി നേടിയത്.

സിപിഐഎമ്മിന്റെ ആദ്യ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌എഫിലൂടെ വിദ്യാര്‍ത്ഥി നേതാവായിയായിരുന്നു പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തിലേക്കെത്തിയത്. കെഎസ്‌എഫ് സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളിലും കെഎസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ച അദ്ദേഹം 1968-ല്‍ സിപിഐഎം ജില്ലാ കമ്മിറ്റിയംഗമായും തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥകാലത്ത് പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിനിരയായ അദ്ദേഹം അക്കാലത്ത് ജയില്‍വാസവും അനുഭവിച്ചു. പിന്നീട് 1986ല്‍ ജില്ലാ സെക്രട്ടറിയേറ്റിലേക്കും 88ല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലയളവില്‍ നാല് നിയമസഭാതെരഞ്ഞെടുപ്പുകളിലാണ് പിണറായി വിജയന്‍ മത്സരിച്ചത്.

1970ല്‍ തന്റെ ഇരുപത്തിയാറാമത്തെ വയസില്‍ കൂത്തുപറമ്ബ് മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി ജനവിധി തേടിയത്. സോഷ്യലിസ്റ്റ് നേതാവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന തായത്ത് രാഘവനെ 743 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പിന്തള്ളിയായിരുന്നു അന്ന് വിജയം. 1977ല്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായ അബ്ദുള്‍ ഖാദറിനെ 4401 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നിയമസഭയിലെത്തിയ അദ്ദേഹം നായനാര്‍ മന്ത്രിസഭയില്‍ അംഗമായി. 1991ല്‍ കോണ്‍ഗ്രസ് നേതാവ് പി രാമകൃഷ്ണനെയും 12960 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കൂത്തുപറമ്ബില്‍ ഹാട്രിക് വിജയം നേടിയ പിണറായി വിജയന്‍ 95 മുതല്‍ 2015 വരെയുള്ള രണ്ട് പതിറ്റാണ്ടുകാലം സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

1996ല്‍ കൂത്തുപറമ്ബില്‍ നിന്ന് പയ്യന്നൂര്‍ മണ്ഡലത്തിലേക്കെത്തിയ അദ്ദേഹം പയ്യന്നൂരിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് കെ എന്‍ കണ്ണോത്ത് എന്ന കണ്ണോത്ത് കുഞ്ഞികൃഷ്ണന്‍ നായരെ പിന്തള്ളി വിജയിച്ചു. 28078 വോട്ടുകളായിരുന്നു അത്തവണഭൂരിപക്ഷം. എന്നാല്‍ അതോടെ തെരഞ്ഞെടുപ്പ് കളത്തില്‍ നിന്ന് സംഘടനാരംഗത്തേക്ക് ചുവടുമാറിയ അദ്ദേഹം 2015വരെ സിപിഐമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചു. പിന്നീട് രണ്ട് പതിറ്റാണ്ടിനുശേഷം 2016ല്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായിരിക്കെയാണ് സ്വന്തം നാട്ടില്‍ നിന്ന് വിജയിച്ച്‌ മുഖ്യമന്ത്രി പദത്തിലെത്തിയത്.

അന്ന് പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്കെത്തിച്ച മണ്ഡലത്തില്‍ രണ്ടാം ജയം തേടിയാണ് പിണറായി വിജയന്‍ മത്സരിക്കാനെത്തുന്നത്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊണ്ട് നടപ്പിലാക്കാനായ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ടുചോദിക്കുന്ന മുഖ്യമന്ത്രി 1700 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ധര്‍മ്മടത്ത് നടത്തിയെന്നും അവകാശപ്പെടുന്നു. മേലൂര്‍ മമ്ബറം പാലങ്ങള്‍, അത്യാധുനിക കണ്‍വന്‍ഷന്‍ സെന്റര്‍, അണ്ടുലൂര്‍ കാവിലെ നാടന്‍ കലാമ്യൂസിയവും വിശ്രമമന്ദിരവും, ബ്രണ്ണന്‍ കോളജിലെ അന്തര്‍ദേശീയ സിന്തറ്റിക്ക് ട്രാക്കും, എജ്യുക്കേഷന്‍ ഹബ്ബും തുടങ്ങി നിരവധി വികസന പദ്ധതികളാണ് ആ പട്ടികയിലുള്ളത്.

അഞ്ചുവര്‍ഷം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. നിപയും ഓഖിയും രണ്ട് പ്രളയങ്ങളും ഒടുവില്‍ കൊവിഡും അടങ്ങുന്ന ദുരിതകാലത്തെ നയിച്ച നേതാവെന്ന നിലയില്‍ എതിരാളി ആരായാലും അദ്ദേഹത്തിന്റെ വിജയത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫിന് ആശങ്കയില്ല. എന്നാല്‍ 2016ലേതില്‍ നിന്ന് ഒരുപോയിന്റ് പോലും ഭൂരിപക്ഷം താഴോട്ട് പോകരുതെന്ന് മാത്രമല്ല ഉയര്‍ത്തണമെന്നത് വരുന്ന തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന്റെ അഭിമാനപ്രശ്‌നമാണ്. 2016ല്‍ മുപ്പതിനായിരത്തിനുമുകളിലായിരുന്ന ഭൂരിപക്ഷം ഇത്തവണ അരലക്ഷത്തിനുമുകളിലെത്തിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിലെ 49180 വോട്ടിന്റെ ലീഡ് നിയമസഭാതെരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ആ ലക്ഷ്യം മറികടക്കന്‍ പിണറായി വിജയന് എളുപ്പത്തില്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

അതേസമയം, ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചിത്രത്തെ പുതിയ തലത്തിലെത്തിച്ചത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സ്ഥാനാര്‍ത്ഥിത്വമാണ്. മക്കളുടെ മരണത്തില്‍ നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ 'കുഞ്ഞുടുപ്പ്' ചിഹ്നത്തിലാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഭാഗ്യവതി മത്സരിക്കുന്നത്.

വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് കെ സുധാകരന്റെ നേതൃത്വത്തിലാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുങ്ങുന്നത്. എന്നാല്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയ കോണ്‍ഗ്രസ് ഏറ്റവും അവസാനം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിത്വമായിരുന്നു ഡിസിസി സെക്രട്ടറി സി രഘുനാഥിന്റെത്.

2016-വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന മമ്ബറം ദിവാകരനെയായിരുന്നു ആദ്യം പരിഗണിച്ചത്. എന്നാല്‍ രണ്ട് തവണ മത്സരിച്ച്‌ പരാജയപ്പെട്ട മണ്ഡലത്തില്‍ ഇനി മത്സരിക്കാനില്ലെന്നും പുതിയ മികച്ച സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കട്ടെയെന്നുമായിരുന്നു നിലവില്‍ കെപിസിസി അംഗമായ അദ്ദേഹത്തിന്റെ പ്രതികരണം. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ 3500ത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെത്തിയാല്‍ വിജയിക്കാമെന്ന് നിര്‍ദ്ദേശിച്ച അദ്ദേഹം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായ കെ സുധാകരന്‍ മത്സരിക്കണമെന്നും മുന്നോട്ടുവെച്ചിരുന്നു. പിന്നീട്, ഫോര്‍വേര്‍ഡ് ബ്ലോക്കിന് സീറ്റ് കൈമാറി ദേശീയ സെക്രട്ടറി ജി ദേവരാജനെ മണ്ഡലത്തിലേക്ക് യുഡിഎഫ് പരിഗണിക്കുന്നെന്നായിരുന്നു സൂചനയെങ്കിലും അദ്ദേഹവും പിന്മാറി. പിന്നീട് പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് എഐസിസി വക്താവ് ഡോ ഷമ മുഹമ്മദും കോണ്‍ഗ്രസ് രക്തസാക്ഷിയായ ഷുഹൈബിന്റെ പിതാവ് സി പി മുഹമ്മദും പ്രഖ്യാപിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടും തീരുമാനമാകാതിരുന്ന മണ്ഡലത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്ന പ്രഖ്യാപിച്ചെങ്കിലും പ്രാദേശിക വികാരം മാനിച്ച്‌ യുഡിഎഫ് നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. യുഡിഎഫ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്കാണ് പിന്തുണ നല്‍കുന്നതെങ്കില്‍ വിമതനായി മത്സരിക്കുമെന്ന് ഒടുവില്‍ സ്ഥാനാര്‍ത്ഥിയായ ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് പ്രഖ്യാപിച്ചിരുന്നു.

ഒടുവില്‍ കെ സുധാകരന്‍ എംപിയെ തന്നെ രംഗത്തിറക്കാന്‍ ശ്രമം നടന്നെങ്കിലും അതും വിജയം കണ്ടില്ല. ആദ്യം ഹെക്കമാന്റ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കെ സുധാകരന്‍ അറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച്‌ എംപി തന്നെ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ലീഡ് 4099 ലേക്ക് താഴ്ത്തിയ സുധാകരന്‍ മത്സരിച്ചാല്‍ അട്ടിമറി ശ്രമം ശക്തമാക്കാമെന്ന യുഡിഎഫിന്റെ കണക്കുകൂട്ടല്‍ തകര്‍ന്നെന്ന് മാത്രമല്ല, മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനാളില്ലെന്ന എല്‍ഡിഎഫിന്റെ പ്രചാരണം കോണ്‍ഗ്രസിന് ക്ഷീണവുമായി.

തുടര്‍ന്ന് കണ്ണൂര്‍ ഡിസിസിയുടെ സാധ്യതാപട്ടികയില്‍ പ്രഥമ പരിഗണനയിലുണ്ടായിരുന്ന എ ഗ്രൂപ്പ് നേതാവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സി രഘുനാഥിനെ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കെ സുധാകരന്‍ എംപിയുടെയും ഘടകക്ഷികളായ മുസ്ലിം ലീഗ്, സിഎംപി പാര്‍ട്ടികളുടെയും പിന്തുണയോടെയായിരുന്നു ഈ നീക്കം. കഴിഞ്ഞ രണ്ട് നിയമസഭാതെരഞ്ഞെടുപ്പുകളിലും മണ്ഡലത്തിന്റെ ചുമതല വഹിച്ച സി രഘുനാഥ് മുന്‍ കെഎസ്‌യു നേതാവാണ്. അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ച രഘുനാഥ് ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമാനും എസ്‌എന്‍ കോളേജില്‍നിന്നുള്ള യുയുസിയുമായിരുന്നു. ട്രോമാകെയര്‍ കണ്ണൂര്‍ (ട്രാക്ക്) ചെയര്‍മാനെന്ന നിലയില്‍ സന്നദ്ധ സേവന പ്രവര്‍ത്തനരംഗത്തും സജീവമാണ്.

പഴയ ധര്‍മ്മ പട്ടണമായ ഇന്നത്തെ ധര്‍മ്മടത്തില്‍ ധര്‍മ്മം വാഴിക്കാനാണ് തന്റെ നിയോഗമെന്നായിരുന്നു മണ്ഡലപര്യടനം ആരംഭിച്ചപ്പോള്‍ സി രഘുനാഥ് അഭിപ്രായപ്പെട്ടത്. വൈകിയാണ് പ്രചാരണരംഗത്തേക്കിറങ്ങിയതെങ്കിലും കെ സുധാകരന്‍ എംപിയുടെ ശക്തമായ പിന്തുണയാണ് രഘുനാഥിനുള്ളത്. ഇടതു സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അതിരൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് മണ്ഡലത്തിലുടനീളം പ്രസംഗിച്ച സുധാകരന്‍ കണ്ണൂര്‍ ജില്ലയില്‍ അഞ്ചു സീറ്റുകളില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായിട്ടുപോലും ധര്‍മ്മടത്ത് അര്‍ഹമായ വികസനമുണ്ടായില്ലെന്നും യുഡിഎഫിന്റെ പ്രചാരണത്തില്‍ ആരോപിക്കുന്നു.

എടക്കാട് ബ്ലോക്കിലെ എടക്കാട്, ചെമ്ബിലോട്, കടമ്ബൂര്‍, പെരളിശ്ശേരി പഞ്ചായത്തുകളും തലശ്ശേരി ബ്ലോക്കിലെ ധര്‍മ്മടം, പിണറായി, മുളപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ധര്‍മ്മടം നിയമസഭാ മണ്ഡലം. തദ്ദേശതെരഞ്ഞെടുപ്പില്‍ 49180 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിനുണ്ടായിരുന്നത്. മറുപക്ഷത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും തദ്ദേശതെരഞ്ഞെടുപ്പില്‍ കടമ്ബൂര്‍ മണ്ഡലം പിടിക്കാനായതും യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നു. മുഖ്യമന്ത്രി നേരിട്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നയിച്ചിട്ടും മണ്ഡലത്തില്‍ നിന്ന് ഒരു പഞ്ചായത്ത് നേടാനായ മികവ് നിയമസഭാതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.

14 വര്‍ഷത്തോളം കാലം നിലവിലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയിച്ച കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് ധര്‍മ്മടം ഉള്‍പ്പെടുന്നത്. 2019-ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു കെ സുധാകരന്‍ എംപിയുടെ വിജയം.

ശക്തമായ സാന്നിദ്ധ്യമാണെങ്കിലും ബിജെപിക്ക് കാര്യമായ വോട്ടു പിടിക്കാനാകാത്ത പ്രത്യേക സാഹചര്യമാണ് മണ്ഡലത്തിലുള്ളത്. ഇത്തവണ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സി കെ പത്മനാഭനെയാണ് ബിജെപി രംഗത്തിറക്കുന്നത്. രണ്ടു തവണ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷസ്ഥാനം വഹിച്ച പത്മനാഭന് തന്റെ വ്യക്തിപ്രഭാവം കൂടി വോട്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെ പി നഡ്ഡ അടക്കമുള്ള ദേശീയ നേതാക്കളെ രംഗത്തിറക്കി ശക്തമായ പ്രചാരണമാണ് ബിജെപി മണ്ഡലത്തില്‍ നടത്തുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog