മട്ടന്നൂരില്‍ പ്രചാരണം ടോപ് ഗിയറില്‍ (താരമണ്ഡലങ്ങളില്‍)

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂര്‍: ചിറ്റാരിപ്പറമ്ബ് പഞ്ചായത്തിലെ വണ്ണാത്തിമൂലയില്‍ നിന്നാണ് ഇടതുസ്ഥാനാര്‍ത്ഥിയെ കണ്ടത്. ആവേശം അലയടിക്കുന്ന അന്തരീക്ഷത്തില്‍ ടീച്ചര്‍ സംസാരിക്കുന്നത് നിപ-കൊവിഡ് കാലഘട്ടങ്ങളിലേതുപോലെ അതീവശ്രദ്ധയോടെയാണ്.

സംസാരത്തില്‍ എതിരാളിക്ക് ആക്ഷേപമില്ല, ആവേശതള്ളിച്ചയില്ല,ഇല്ലാക്കഥകള്‍ വിളിച്ചുപറയില്ല.... ചെയ്തതും ചെയ്യാന്‍ പോകുന്നതുമായ കാര്യങ്ങള്‍ അക്കമിട്ടുള്ള സംസാരം.

വണ്ണാത്തിമൂലയില്‍ നിന്ന് ഞാലില്‍,കാവിന്മൂല, അമ്ബായക്കാട്, മുടപ്പത്തൂര്‍ ,പനത്താറമ്ബ്, കളരിക്കല്‍, കൈതക്കൊല്ലി, കിഴുവക്കാല്‍, പൂഴിയോട് ,ആലച്ചേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കണ്ണംവെള്ളിയിലായിരുന്നു സമാപനം. കെ. കെ.ശൈലജ മട്ടന്നൂരിലെ പ്രവര്‍ത്തകര്‍ക്കും ടീച്ചറമ്മയാണ്. മുത്തുക്കുടകളും വര്‍ണബലൂണുകളും മാലപ്പടക്കവും ബാന്‍ഡ്‌മേളവുമൊക്കെയായി ഉത്സവാന്തരീക്ഷത്തിലാണ് .ശൈലജയുടെ പര്യടനം. കൊന്നപ്പൂക്കളും ബൊക്കെകളും നല്‍കി കുട്ടികള്‍ സ്വീകരിക്കുകയാണ് സ്ഥാനാര്‍ത്ഥിയെ.
പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് കൈവരിച്ച നേട്ടങ്ങളും ഒപ്പം ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു കൊണ്ടാണ് ടീച്ചറുടെ വോട്ടഭ്യര്‍ഥന. യു.ഡി.എഫും ബി.ജെ.പിയും പ്രതിസന്ധി ഘട്ടത്തില്‍പ്പോലും നാടിനൊപ്പം നിന്നില്ലെന്ന വിമര്‍ശനം അവര്‍ ഉന്നയിക്കുന്നുണ്ട്. വീട്ടമ്മമാര്‍ക്ക് ഏര്‍പ്പെടുത്തുന്ന പെന്‍ഷന്‍ ഇടതുഭരണത്തിന്റെ നാഴികക്കല്ലാകുന്ന നേട്ടമാകുമെന്ന് സ്വീകരണ കേന്ദ്രങ്ങളിലെല്ലാം കെ.കെ.ശൈലജ എടുത്തുപറഞ്ഞു.രാവിലെ മുതല്‍ അടുക്കളയില്‍ അധ്വാനിക്കുന്ന വീട്ടമ്മമാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. പറയുന്നത് ചെയ്യുന്ന സര്‍ക്കാരാണ് പിണറായിയുടേതെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്നും ടീച്ചര്‍ ചൂണ്ടിക്കാട്ടുന്നു.

******************************************************************

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മട്ടന്നൂരിലെത്തിയത് മുതല്‍ ഓട്ടത്തിലാണ് ആര്‍.എസ്.പിക്കാരനായ ഇല്ലിക്കല്‍ ആഗസ്തി. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നാട്ടുകാരിലൊരാളായെന്ന ആത്മവിശ്വാസത്തിലാണ് തളിപ്പറമ്ബ് നിയോജകമണ്ഡലത്തിലെ പെരുമ്ബടവ് സ്വദേശിയായ ഇദ്ദേഹം.

സ്വീകരണകേന്ദ്രങ്ങളില്‍ എത്തി വേദിയില്‍ മറ്റുള്ളവര്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്ബോള്‍ സമീപത്തെ കടകളിലും സ്ഥാപനങ്ങളിലും ഓടിക്കയറി വോട്ടഭ്യര്‍ത്ഥിക്കുകയാണ് സ്ഥാനാര്‍ത്ഥി. കാണുന്നവരോട് കൈകൂപ്പിയുള്ള വോട്ടഭ്യര്‍ഥന. വേദിയിലെത്തിയാല്‍ ചുരുങ്ങിയ വാക്കുകളിലുള്ള പ്രസംഗം. തില്ലങ്കേരിയിലെ കാവുംപടിയിലാണ് ആഗസ്തിയുടെ പര്യടനപരിപാടി തുടങ്ങിയത്.ചെറിയ ആള്‍ക്കൂട്ടങ്ങളാണ് സ്വീകരണകേന്ദ്രങ്ങളില്‍ മിക്കയിടത്തും. തുറന്ന വാഹനത്തില്‍ നാട്ടുകാരെ കൈവീശി അഭിവാദ്യം ചെയ്താണ് പര്യടനം. മട്ടന്നൂര്‍ മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥന.ഒരു മന്ത്രി പ്രതിനിധാനം ചെയ്തിട്ടും മറ്റൊരു മന്ത്രിയുടെ സ്വന്തം നാടായിരുന്നിട്ടും മണ്ഡലത്തില്‍ കാര്യമായ വികസനമെത്തിയിട്ടില്ല. പക്ഷപാതപരമായ സമീപനമാണ് ഭരണപക്ഷം സ്വീകരിച്ചത്. വിമാനത്താവള മണ്ഡലമെന്ന വളര്‍ച്ചയിലേക്ക് മട്ടന്നൂരിനെ എത്തിക്കാന്‍ യു.ഡി.എഫിനെ പിന്തുണക്കണമെന്നും അദ്ദേഹം പറയുന്നു. എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകം ഉയര്‍ത്തിക്കാട്ടി അക്രമരാഷ്ട്രീയവും പ്രചാരണ വിഷയമാക്കുന്നുണ്ട്.

വഞ്ഞേരി, മാമ്ബറം, കണ്ണിരിട്ടി, വേങ്ങരച്ചാല്‍, ഇല്ലം കോളനി, പുല്ലാട്ട്ഞാല്‍, ആലയാട് സ്കൂള്‍ പരിസരം, കുണ്ടേരി ഞാല്‍, കരുവള്ളി, പെരിങ്ങാനം, ശങ്കരന്‍ കണ്ടി കോളനി, തില്ലങ്കേരി ടൗണ്‍, മേറ്റടി, സ്വീകരണത്തോടെ രാത്രി വൈകി പാലോട്ടു പളളിയിലാണ് ഈ ദിവസത്തെ പര്യടനം സമാപിച്ചത്.

******************************************************

മട്ടന്നൂരില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി ബിജു ഏളക്കുഴി എത്തുന്നത് തുടര്‍ച്ചയായി മൂന്നാം തവണയാണ് . ഇക്കുറി നേരത്തെ തന്നെ സജീവമായിരുന്നു. ആവേശം ഒട്ടും കുറയാത്ത പ്രചാരണമാണ് മണ്ഡലത്തില്‍ എന്‍.ഡി.എ. നടത്തുന്നത്. മട്ടന്നൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏളക്കുഴി സ്വദേശിയായ ബിജു വികസനത്തിന് മാറ്റം വേണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വോട്ടു തേടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അനുഭവവേദ്യമാക്കാന്‍ ബി.ജെ.പി.യെ പിന്തുണക്കണമെന്ന ആവശ്യമാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെക്കുന്നത്.

ഇടതു-വലതു സര്‍ക്കാരിന്റെ അഴിമതിയും ശബരിമല വിഷയവുമാണ് അദ്ദേഹം പ്രസംഗങ്ങളിലുള്ളത്. മാറിവന്ന എല്‍.ഡി.എഫ്.-യു.ഡി.എഫ്. മുന്നണികള്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ് . ആറു വര്‍ഷമായി രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാരിനെതിരെ നയാപ്പൈസയുടെ അഴിമതി ആരോപണം ഉയര്‍ന്നു വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്നലെ മണ്ഡല പര്യടനം പൂര്‍ത്തിയാക്കി റോഡ് ഷോ നടത്തി. കരേറ്റ മുതല്‍ മട്ടന്നൂര്‍ ടൗണ്‍ വരെ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥിയും നൂറ് കണക്കിന് ബൈക്കുകളില്‍ ഐക്യദാര്‍ഢ്യവുമായി പ്രവര്‍ത്തകരും അണി ചേര്‍ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha