കൊട്ടിയൂർ വൈശാഖ മഹോത്സവം; പ്രക്കൂഴം നടന്നു; നീരെഴുന്നള്ളത്ത് മെയ് 20 ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിൽ നടന്നു. ക്ഷേത്ര അടിയന്തരക്കാർ, സമുദായി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര കണക്കപ്പിള്ളയാണ് വൈശാഖ മഹോത്സവ തീയതി കുറിച്ചത്. ആദ്യം നടന്നത് തണ്ണീർകുടി ചടങ്ങാണ് . ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെയായി കല്ലുവാഴയുടെ ഏഴ് ഇലകളിൽ തേങ്ങയും ശർക്കരയും പഴവും വെച്ചാണ് തണ്ണീർകുടി ചടങ്ങ് നടന്നത് . ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാൻ, പെരുവണ്ണാൻ, ജന്മാശാരി, പുറംകലയൻ, കൊല്ലൻ, കാടൻ എന്നിവർ ചേർന്നാണ് ചടങ്ങ് നടത്തിയത്. ഇക്കരെ കൊട്ടിയൂരപ്പനെ വണങ്ങി ഇലയിലെ പ്രസാദം ചുരുട്ടിയെടുത്ത് മന്ദം ചേരി കിഴക്കെ നടയിലെത്തി വലിയ മാവിൻചുവട്ടിൽ കർമ്മങ്ങൾ നടത്തി പ്രസാദം പരസ്പരം പങ്കുവെച്ചു. തുടർന്ന് ഒറ്റപ്പിലാനും പുറംകലയനും ചേർന്ന് കിഴക്കെനടയ്ക്ക് സമീപം ബാവലിപ്പുഴയിൽ മുങ്ങി മൂന്ന് കല്ലുകളെടുത്ത് വാവലിക്കെട്ടിനായി വെച്ചു. തിരുവഞ്ചിറയിലേക്ക് വെള്ളമൊഴുക്കുന്നതിനാണ് വാവലിക്കെട്ട് നടത്തുന്നത്. തുടർന്ന് അവൽ അളവ് നടന്നു. ഇതിനുശേഷം ഊരാളന്മാർ വാവലിയിൽ കുളിച്ച് ഈറനായി ഇക്കരെ ക്ഷേത്രത്തിലെത്തിയശേഷം നെല്ലളവും നടന്നു. ഇക്കരെ ക്ഷേത്ര മുഖമണ്ഡപത്തിൽ ചൊരിഞ്ഞിട്ട നെല്ല് കണക്കപ്പിള ആദ്യം അളന്നു. പിന്നീട് ആചാര പ്രകാരം നമ്പീശനും ഏഴില്ലക്കാരും ക്ഷേത്രത്തിനുള്ളിൽ വെച്ച് ഊരാളന്മാരുടെ സാന്നിധ്യത്തിൽ വീണ്ടും അളന്നു.
പാരമ്പര്യ ഊരാളന്മാരായ കുളങ്ങരയത്ത് കുഞ്ഞികൃഷ്ണൻ നായർ, ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ, കരിമ്പനയ്ക്കൽ ചാത്തോത്ത് കെ.സി. സുബ്രഹ്മണ്യൻ നായർ എന്നിവരുടെയും ഏഴില്ലക്കാരുടെയും നേതൃത്വത്തിൽ സമുദായി വിലങ്ങര നാരായണൻ നമ്പൂതിരിപ്പാട് , കണക്കപ്പിള്ള, ഓച്ചർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രക്കൂഴം ചടങ്ങ് നടന്നത്. അർധരാത്രിയിൽ ആയില്യാർക്കാവിൽ ഗൂഢ പൂജ ക്ഷേത്ര ജന്മ ശാന്തി പടിഞ്ഞീറ്റ രാമചന്ദ്രൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നു. പ്രമാദമായ അപ്പടയും നൽകി. തുടർന്ന് പുലർച്ചെ സദ്യയും നടന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലവും മാസ്‌കും ധരിച്ചാണ് ചടങ്ങുകൾ നടത്തിയത്. ഭക്തജനങ്ങൾക്കും അടിയന്തരക്കാർക്കും പ്രവേശനം ഉണ്ടായിരുന്നില്ല. പ്രക്കൂഴം ചടങ്ങ് കഴിഞ്ഞതോടെ കൊട്ടിയൂർ നെയ്യമൃത് സംഘങ്ങളും ഇളനീർ സംഘങ്ങളും വ്രതമനുഷ്ഠിക്കാൻ മഠങ്ങളിൽ പ്രവേശിക്കും.
പ്രധാന ഉത്സവദിനങ്ങൾ
=======
മെയ് 20 വ്യാഴം നീരെഴുന്നെള്ളത്ത്, മെയ് 24 തിങ്കൾ നെയ്യാട്ടം, മെയ് 25 ചൊവ്വ ഭണ്ഡാരം എഴുന്നള്ളത്ത്, മെയ് 31 തിരുവോണം ആരാധന, ജൂൺ 1 ഇളനീർ വെപ്പ്, ജൂൺ 2 ഇളനീരാട്ടം, അഷ്ടമി ആരാധന, ജൂൺ 5 ശനി രേവതി ആരാധന, ജൂൺ 10 വ്യാഴം രോഹിണി ആരാധന, ജൂൺ 12 ശനി തിരുവാതിര ചതുശ്ശതം, ജൂൺ 13 പുണർതം ചതുശ്ശതം, ജൂൺ 15 ആയില്യം ചതുശ്ശതം, ജൂൺ 16 ബുധൻ മകം കലം വരവ്, ജൂൺ 19 ശനി അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, ജൂൺ 20 ഞായർ തൃക്കലശ്ശാട്ടം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha