സജീവ് ജോസഫ് വിഭാഗീയ പ്രവര്‍ത്തനം തൊഴിലാക്കി കൊണ്ടു നടക്കുന്നയാള്‍; ഒരു തരത്തിലും സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിച്ചു സോണി സെബാസ്റ്റ്യന്‍; സോണിയെ തഴഞ്ഞതിന്റെ അമര്‍ഷം ഇരിക്കൂറില്‍ മാത്രം ഒതുങ്ങില്ല വലിയ വില കൊടുക്കേണ്ടി വരുമെന്ന് എ ഗ്രൂപ്പ്; മഞ്ഞുരുക്കാന്‍ ഉമ്മന്‍ ചാണ്ടിയെ ഇറക്കാന്‍ കെപിസിസി തീരുമാനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ കണ്ണൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുകയാണ്. സജീവ് ജോസഫ് വിഭാഗീയ പ്രവര്‍ത്തനം തൊഴിലാക്കി കൊണ്ടു നടക്കുന്നയാളാണെന്നും ഒരു തരത്തിലും സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്നും തുറന്നടിച്ച്‌ കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍. സജീവ് ജോസഫ് വിഭാഗീയ പ്രവര്‍ത്തനം നടത്തി. ഇദ്ദേഹത്തിന് ഇരിക്കൂര്‍ സീറ്റ് നല്‍കിയതിന്റെ ഫലം കോണ്‍ഗ്രസിന് ദുരന്തമായിരിക്കുമെന്നും സോണി സെബാസ്റ്റ്യന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സജീവ് ജോസഫിന്റെതെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സോണി സെബാസ്റ്റ്യനെ പിന്തുണയ്ക്കുന്ന എ ഗ്രൂപ്പ് നേതാക്കളുടെ യോഗം തീരുമാനിച്ചു. സജീവ് ജോസഫിന് സീറ്റ് നല്‍കിയത് അംഗീകരിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എ ഗ്രൂപ്പുകാര്‍. ജില്ലയില്‍ കോണ്‍ഗ്രസിന് സാധ്യതയുള്ള മൂന്ന് സീറ്റുകളിലും എ ഗ്രൂപ്പ് യോഗം വിളിച്ചിട്ടുണ്ടെന്ന് സോണി സെബാസ്റ്റ്യന്‍ പറഞ്ഞു.

സീറ്റു നിഷേധിച്ചതില്‍ പരസ്യമായി പ്രതിഷേധിക്കാന്‍ തന്നെയാണ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചതെന്നും സോണി പറഞ്ഞു. ഇരിക്കൂറില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സജീവ് ജോസഫിനെ നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞദിവസം കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യു, കെപിസിസി സെക്രട്ടറിമാരായ ചന്ദ്രന്‍ തില്ലങ്കേരി, എംപി മുരളി, ഡോ. കെ.വി ഫിലോമിന, വി.എന്‍ ജയരാജ് എന്നിവരുള്‍പ്പെടെ പാര്‍ട്ടി പദവി രാജി വച്ചിരുന്നു. കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളായ തോമസ് വല്ലത്താനം, ചാക്കോ പാലക്കലോടി, എന്‍.പി ശ്രീധരന്‍ തുടങ്ങി 23 ഡി.സി.സി ഭാരവാഹികള്‍, ഏഴ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍, 36 മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് യൂത്ത് കോണ്‍ഗ്രസ്, വനിതാ കോണ്‍ഗ്രസ് മറ്റ് പോഷക സംഘടനയില്‍ പെട്ടവരും രാജി വച്ചിരുന്നു.

ഇരിക്കൂര്‍ മണ്ഡലത്തെച്ചൊല്ലിയുള്ള പൊട്ടിത്തെറി കണ്ണൂര്‍, പേരാവൂര്‍ സീറ്റുകളിലും പ്രതിഫലിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതേസമയം, 'സജീവ് ജോസഫ് വേണ്ടേ വേണ്ട' എന്ന മുദ്രാവാക്യങ്ങളും ബാനറുകളുമായി ഇരിക്കൂര്‍ ടൗണില്‍ എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. സജീവ് ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എ ഗ്രൂപ്പ് നടത്തിയ രാപ്പകല്‍ സമരത്തിനിടെ പന്തലിലേക്ക് പാഞ്ഞുകയറിയ ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ തമ്മിലടിയുമായി. ഇതെല്ലാം അവഗണിച്ച്‌ സജീവ് ജോസഫിന് തന്നെ സീറ്റ് നല്‍കിയതിലാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നത്. സാധ്യതാ പട്ടിക വന്നത് മുതല്‍ ഇരിക്കൂറില്‍ സജീവ് ജോസഫിനെതിരെ പ്രതിഷേധം ആരംഭിച്ചിരുന്നു.

പ്രവര്‍ത്തകര്‍ ആലക്കോട്, ഉളിക്കല്‍, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസുകള്‍ പൂട്ടി കരിങ്കൊടി സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ ശ്രീകണ്ഠാപുരത്ത് രാപ്പകല്‍ സമരവും ആരംഭിച്ചിരുന്നു. വരുന്ന ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇരിക്കൂര്‍, പേരാവൂര്‍, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളിലെ ബൂത്ത് തല നേതാക്കന്മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാപ്പകല്‍ സമരം അവസാനിപ്പിച്ചത്. എന്നാല്‍, ഡല്‍ഹിയില്‍ നേതാക്കളുടെ പെട്ടി പിടിച്ചു നടന്നയാള്‍ എന്ന ആരോപണം തന്നെ അപമാനിക്കാനാണെന്ന് നിയുക്ത സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് പറഞ്ഞു. രാജി വച്ച നേതാക്കളെ കൂടെ കൊണ്ടുവരും. സോണി സെബാസ്റ്റ്യനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും സജീവ് ജോസഫ് ഇരിക്കൂറില്‍പറഞ്ഞു

അതേസമയം കണ്ണൂരില്‍ എ ഗ്രൂപ്പ് ക്‌ളീന്‍ സ്വീപ്പായതോടെ പലയിടങ്ങളിലും അമര്‍ഷം പുകയുന്നു. മട്ടന്നുരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഇല്ലിക്കല്‍ അഗസ്തിയുടെ തെരഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ചു. നാമമാത്രമായ ആളുകള്‍ മാത്രമാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. കണ്ണൂരും പേരാവൂരും തങ്ങള്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ ഇരിക്കുറി ലെ സീറ്റു തര്‍ക്കം കണ്ണൂര്‍ ജില്ലയിലെ മറ്റിടങ്ങളിലും വ്യാപിപിക്കുമന്ന കാര്യം ഉറപ്പായിട്ടുണ്ട്. യു.ഡി.എഫിലെ ജില്ലാ ചെയര്‍മാന്‍ പിടി മാത്യു വടക്കം 22 ഡി.സി.സി ഭാരവാഹികളും മണ്ഡലം ഭാരവാഹികളും ഇരിക്കൂറില്‍ രാജി വെച്ചിട്ടുണ്ട്.

മാത്രമല്ല മട്ടന്നുരും ഇരിക്കൂറും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്ന ആരോപണം കെ.സുധാകരനും ഉന്നയിച്ചിട്ടുണ്ട്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റായ തന്നോട് ആലോചിക്കാതെയാണ് കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതെന്ന ആരോപണമാണ് കെ.സുധാകരനും ഉന്നയിക്കുന്നത്. ഇതോടെ വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ ഏകപക്ഷീയമായി നിര്‍ണയിച്ചത് വിജയ സാധ്യതയെ ബാധിക്കുമെന്നാണ് കെ.സുധാകരനും ചൂണ്ടികാണിക്കുന്നത്.

എന്നാല്‍ ഇരിക്കൂറിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ മാത്രമേയുയുള്ളുവെന്ന് നിയുക്ത സ്ഥാനാര്‍ത്ഥി സജി വ് ജോസഫ് പ്രതികരിച്ചു. പാര്‍ട്ടി നേതാക്കള്‍ ഇതിനായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഇരിക്കൂറിലെ എ ഗ്രൂപ്പുയര്‍ത്തുന്ന പ്രതിഷേധം അനുനയിപ്പിക്കാന്‍ അണികളില്‍ സ്വാധീനമുള്ള ഉമ്മന്‍ ചാണ്ടി, സിറ്റിങ് എംഎ‍ല്‍എ കെ.സി ജോസഫ് എന്നിവരുടെ സഹായം കെപിസിസി തേടിയിട്ടുണ്ട്. വരും ദിനങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇവര്‍ ഇരിക്കൂറെത്തുമെന്നാണ് സൂചന.പേരാവൂരിന് പിന്നാലെ ഇരിക്കൂറും എ ഗ്രൂപ്പിന് നഷ്ടപ്പെട്ടതോടെ കണ്ണൂര്‍ ജില്ലയിലെ വിജയസാധ്യതയുള്ള നിയോജകമണ്ഡലങ്ങളിലൊന്നും എ ഗ്രൂപ്പിന് സ്ഥാനാര്‍ത്ഥികളില്ലാതായിട്ടുണ്ട്.

ജില്ലയില്‍ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന പേരാവൂരും ഇരിക്കൂറും മണ്ഡലരൂപീകരണ കാലം മുതല്‍ എ ഗ്രൂപ്പിന്റെ കൈയിലായിരുന്നു. അഞ്ചുതവണ തുടര്‍ച്ചയായി മണ്ഡലത്തില്‍ എഗ്രൂപ്പിനെ പ്രതിനിധീകരിച്ചു വിജയിച്ചത് കെ.പി.നൂറുദ്ദീനായിരുന്നു. കരുണാകരന്‍ മന്ത്രിസഭയില്‍ മന്ത്രിയുമായി.
എന്നാല്‍,1996 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ടി. കുഞ്ഞുമുഹമ്മദ് കെ.പി. നൂറുദ്ദീനെതിരേ അട്ടിമറി വിജയം നേടി. 2001 ല്‍ കെ.പി. നൂറുദ്ദീനെ സ്ഥാനാര്‍ത്ഥിയാക്കി എ ഗ്രൂപ്പ് മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയെങ്കിലും കെ. കരുണാകരന്‍ ഇടപെട്ട് ഐ ഗ്രൂപ്പുകാരനായ പ്രഫ. എ.ഡി. മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. അതോടെ പേരാവൂര്‍ എ ഗ്രൂപ്പിന് നഷ്ടപ്പെട്ടു.

പിന്നീട് സണ്ണി ജോസഫിലൂടെ ഐ ഗ്രൂപ്പ് മണ്ഡലം നിലനിര്‍ത്തിവരികയാണ്. ഇതിനിടയിലാണ് ഇക്കുറി ഇരിക്കൂറും എ ഗ്രൂപ്പിന് നഷ്ടപ്പെട്ടത്. 1982 മുതല്‍ 2016 വരെ കെ.സി. ജോസഫ് ഇവിടെ തുടര്‍ച്ചയായി വിജയം നേടിയിരുന്നു. കെ.സി. ജോസഫ് ഇനി ഇരിക്കൂറില്‍ മത്സരിക്കില്ലെന്നു പറഞ്ഞപ്പോഴും പകരം എ ഗ്രൂപ്പില്‍നിന്നുള്ള നേതാക്കളുടെ ലിസ്റ്റാണ് സ്ഥാനാര്‍ത്ഥികളാക്കാന്‍ കെപിസിസിക്ക് നല്‍കിയത്.

കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, യുഡിഎഫ് ചെയര്‍മാന്‍ പി .ടി. മാത്യു എന്നിവരുടെ പേരുകളായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്. ഇതിനിടെ ഐ ഗ്രൂപ്പില്‍നിന്ന് സജീവ് ജോസഫിന്റെ പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടുകയായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് അവസാന നിമിഷംവരെ സോണി സെബാസ്റ്റ്യന്റെ പേരായിരുന്നു മണ്ഡലത്തില്‍ സജീവമായുണ്ടായിരുന്നത്. എന്നാല്‍, കെ.സി. വേണുഗോപാലിന്റെ ശക്തമായ ഇടപെടലില്‍ ഐ ഗ്രൂപ്പില്‍നിന്നുള്ള സജീവ് ജോസഫ് സ്ഥാനാര്‍ത്ഥിയാകുകയായിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha