കെജി മാരാറിന് ഉദുമ സീറ്റ് നല്‍കിയത് സിപിഎം ഉള്‍പ്പെട്ട സഖ്യം; പ്രചാരണത്തിന് എത്തിയതും പാര്‍ട്ടി നേതാക്കള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാസര്‍ക്കോട്: ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ ആര്‍ ബാലങ്കര്‍ തുറന്നുവിട്ട സിപിഎം-ബിജെപി ഡീല്‍ ആരോപണത്തിന്റെ അലയൊലികള്‍ അടങ്ങുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും തമ്മില്‍ ധാരണയുണ്ട് എന്ന ബാലശങ്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ പ്രതികരണങ്ങളും വലിയ തോതില്‍ ചര്‍ച്ചയായി. 1977ല്‍ ഉദുമയില്‍ കെജി മാരാര്‍ മത്സരിക്കുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ചീഫ് ഏജന്റായിരുന്നു എന്നായിരുന്നു രമേശിന്റെ ആരോപണം.

എന്നാല്‍ ആരോപണം വസ്തുതാപരമായി ശരിയായിരുന്നില്ല. 77ല്‍ കൂത്തുപറമ്ബ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു പിണറായി വിജയന്‍.ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മറ്റൊരു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത് എങ്ങനെ എന്നതാണ് പ്രധാന ചോദ്യം.

അതേസമയം, സിപിഎമ്മും ജനസംഘവും ഉള്‍പ്പെട്ട സഖ്യം അനുവദിച്ച മാരാര്‍ മത്സരിച്ചത് എന്നതാണ് ഏറെ കൗതുകകരം. സിപിഎം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നുമില്ല. മാരാറിന് വേണ്ടി പ്രചാരണം നടത്താന്‍ സിപിഎം നേതാക്കളുമെത്തിയിരുന്നു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി അടക്കമുള്ളവര്‍ സിപിഎം നേതാക്കള്‍ക്കു വേണ്ടിയും പ്രചാരണ രംഗത്തുണ്ടായിരുന്നു. ഒ. രാജഗോപാലാണ് സിപിഎം നേതാക്കള്‍ക്കു വേണ്ടിയുള്ള അദ്വാനിയുടെ പ്രഭാഷണം വിവര്‍ത്തനം ചെയ്തിരുന്നത്.

അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് ജനസംഘവും സിപിഎമ്മും പരസ്യധാരണയിലേര്‍പ്പെട്ടത്. ജനസംഘം, ആര്‍എസ്‌എസ്, സിപിഎം, സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ്, ഭാരതീയ ലോക്ദള്‍ എന്നീ കക്ഷികളെല്ലാം ഒരു കുടക്കീഴില്‍ അണിനിരന്ന് കോണ്‍ഗ്രസും സിപിഐയും ഉള്‍പ്പെട്ട മുന്നണിക്കെതിരെ കേരളത്തില്‍ മത്സരിച്ചു. സി അച്യുതമേനോന്‍ സര്‍ക്കാറായിരുന്നു അന്ന് സംസ്ഥാനം ഭരിച്ചിരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിക്കെതിരെയായിരുന്നു പ്രതിപക്ഷകക്ഷികളുടെ വിശാല സഖ്യം.

ആര്‍എസ്‌എസിന്റെ രാഷ്ട്രീയരൂപമായ ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ തുടക്കമിട്ടത് മാരാരായിരുന്നു. 1956ല്‍ പയ്യന്നൂരില്‍ കണ്ണൂര്‍ ജില്ലയിലെ ആദ്യ ആര്‍എസ്‌എസ് ശാഖ സ്ഥാപിച്ചതും അദ്ദേഹം തന്നെ. ജനതാപാര്‍ട്ടിയുടെ ജില്ലാ പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. ആര്‍എസ്‌എസിന്റെ അടുപ്പക്കാരനും സംഘാടകനുമായിരുന്ന ഈ നേതാവിന് സിപിഎം ഉള്‍പ്പെട്ട സഖ്യം സീറ്റ് വിട്ടു നല്‍കിയത് പിന്നീടുള്ള ഓരോ തെരഞ്ഞെടുപ്പ് കാലത്തും രാഷ്ട്രീയ വൃത്തങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായി.
1977ല്‍ രൂപീകൃതമായ ഉദുമ മണ്ഡലത്തില്‍ മാരാര്‍ക്ക് 28,145 വോട്ടാണ് കിട്ടിയത്. വിജയിച്ച സ്വതന്ത്രന്‍ എന്‍.കെ ബാലകൃഷ്ണന് 31,690 വോട്ടു കിട്ടി. 3545 വോട്ടുകള്‍ക്കായിരുന്നു ബാലകൃഷ്ണന്റെ ജയം. പിന്നീട് ഒരിക്കല്‍പ്പോലും ഉദുമയില്‍ ഇത്രയും വോട്ടുപിടിക്കാന്‍ തീവ്രവലതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ജനസംഘത്തിന്റെ പില്‍ക്കാല രൂപമായി 1980ല്‍ നിലവില്‍ വന്ന ബിജെപിക്ക് 2016ല്‍ ഉദുമയില്‍ ലഭിച്ചത് 21,231 വോട്ടു മാത്രമാണ്.

ഉദുമയ്ക്ക് പുറമേ, പെരിങ്ങളം, തിരുവനന്തപുരം നോര്‍ത്ത് (ഇപ്പോഴത്തെ വട്ടിയൂര്‍ക്കാവ്), മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലും കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലും മാരാര്‍ മത്സരിച്ചിട്ടുണ്ട്. എന്നാല്‍ ഒരു തെരഞ്ഞെടുപ്പില്‍ പോലും അദ്ദേഹം വിജയിച്ചിട്ടില്ല എന്നതാണ് കൗതുകകരം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha