മലബാറിലെ തിരഞ്ഞെടുപ്പുകള്‍ക്ക് ഞാറ്റുവേല സാക്ഷി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

മലബാറിലെ തിരഞ്ഞെടുപ്പുകള്‍ക്ക് ഞാറ്റുവേല സാക്ഷി

തലശ്ശേരി:1949 ല്‍ നടന്ന മലബാര്‍ ഡിസ്ട്രിക്‌ട് ബോര്‍ഡ് തിരഞ്ഞെടുപ്പ് തൊട്ടിന്നു വരെയുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് സാക്ഷിയാണ് ചതുര്‍ഭാഷാനിഘണ്ടുകാരന്‍ ഞാറ്റുവേല ശ്രീധരന്‍. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുകളില്‍ വന്ന മാറ്റങ്ങള്‍ കൃത്യമായി അറിയണമെന്നാഗ്രഹിക്കുന്നവര്‍ക്ക് അദ്ദേഹം മറ്റൊരു നിഘണ്ടുവായി മുന്നില്‍ നില്‍ക്കും.
മലബാര്‍ ഡിസ്ട്രിക്‌ട് ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ മഞ്ഞപ്പെട്ടിയും ചുവപ്പ് പെട്ടികളുമായിരുന്നു. പെട്ടികള്‍ക്കകത്ത് പെട്രോള്‍ മാക്സ് കത്തിച്ച്‌ വെച്ചിരിക്കും. പുറത്ത് സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിവച്ചിട്ടുണ്ടാവും. മഞ്ഞപ്പെട്ടി കോണ്‍ഗ്രസിനും ചുവപ്പ് പെട്ടി കമ്യൂണിസ്റ്റുകാര്‍ക്കും. 1952 ജനുവരിയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് നുകം വെച്ച കാളയും കമ്മ്യൂണിസ്റ്റുകാര്‍ക്ക് അരിവാള്‍ കതിരും ചിഹ്നമായി വന്നു.1960 ലാണ് തന്റെ കന്നിവോട്ടെന്ന് ഞാറ്റ്വേല പറയുന്നു. പാലക്കാട്ടെ കമ്മ്യൂണിസ്റ്റ് സ്വതന്ത്രസ്ഥാനാര്‍ത്ഥി ഗോപാലനുണ്ണിക്കായിരുന്നു വോട്ട്.

പിന്നീട് ഉദ്യോഗസ്ഥനായിരിക്കെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഒട്ടേറെ രസകരമായ അനുഭവങ്ങളുണ്ടായെന്നും നിഘണ്ടുകാരന്‍ ഓര്‍മ്മിക്കുന്നു. അടിയന്തരാവസ്ഥകാലത്ത് കൂത്തുപറമ്ബ് എടയാര്‍ ബൂത്തിലായിരുന്നു ഡ്യൂട്ടി. സമീപത്തൊന്നും കടകളില്ല. കുടിവെള്ളം പോലും കിട്ടില്ല. എന്തുചെയ്യണമെന്നറിയാതെയിരിക്കുമ്ബോള്‍ ചങ്ങലപോലുള്ള സ്വര്‍ണ്ണമാലയണിഞ്ഞ് ഒരു പ്രമാണി സ്ഥലത്തെത്തി. ഭക്ഷണവും വേണ്ട സൗകര്യങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ടെന്നും രാത്രി വീട്ടിലോട്ട് വരണമെന്നുമായിരുന്നു നിര്‍ദ്ദേശം. എട്ടുമണിയോടെ ആ വീട്ടിലെത്തിയപ്പോള്‍ മുറ്റം നിറയെ കസേരകള്‍. അടിപൊളി ഭക്ഷണവും. പുലര്‍ച്ചെ ആളുകള്‍ കൂട്ടത്തോടെ പ്രമാണിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടു. അവിടെ പാവപ്പെട്ടവര്‍ക്ക് മൃഷ്ടാന്നഭോജനം. നാടന്‍ ചാരായം, പണവുമെല്ലാം സജ്ജമാക്കിയിരുന്നു. വോട്ടിംഗ് സമയം കഴിഞ്ഞപ്പോള്‍ സീല്‍ ചെയ്യാത്ത ഒട്ടേറെ ബാലറ്റ് പേപ്പറുകള്‍ പെട്ടിയുടെ അടിയില്‍ വീണ നിലയിലായിരുന്നുവെന്നും ഞാറ്റ്വേല ഓര്‍ത്തെടുത്തു.

1990 ല്‍ നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിയിലെ ഒരു ബൂത്തില്‍ പര്‍ദ്ദയിട്ട് കൂട്ടത്തോടെ വോട്ടര്‍മാര്‍ എത്തിയതില്‍ സംശയം തോന്നി മുഖം കാണണമെന്ന് ശഠിച്ച ഏജന്റിനെതിരെ മറുപക്ഷത്തുള്ളയാള്‍ വിളിച്ച തെറി ഒരു നിഘണ്ടുവിലും ഇല്ലാത്തതാണെന്നും ഞാറ്റ്വേല ഓര്‍മ്മിച്ചെടുത്തു.

ഒട്ടേറെ തിരഞ്ഞെടുപ്പ് അനുഭവങ്ങളുടെ ഓര്‍മ്മയില്‍ നില്‍ക്കുമ്ബോഴും ‌ഞാറ്റ്വേലയ്ക്ക് ചില അഭിപ്രായങ്ങളുണ്ട്. ഇലക്ഷന്‍ ഡ്യൂട്ടിയിലുള്ളവര്‍ക്കൊഴിച്ച്‌ മറ്റാര്‍ക്കും പോസ്റ്റല്‍ വോട്ടുകള്‍ അനുവദിക്കരുതെന്നതാണിതിലൊന്ന്. അത് കള്ളവോട്ട് ചെയ്യാനുള്ള സൗകര്യമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. പ്രലോഭിപ്പിച്ചും പണം നല്‍കിയും ഭീഷണിപ്പെടുത്തിയും പോസ്റ്റല്‍ വോട്ടുകള്‍ കള്ളവോട്ടുകളാക്കുന്ന പതിവ് ഇന്നുമുണ്ടെന്നാണ് ഞാറ്റ്വേല ശ്രീധരന്‍ പറയുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog