മട്ടന്നൂര്‍: കോട്ട കാക്കാന്‍ കെ കെ ശൈലജ; ഷുഹൈബിന്റെ മണ്ഡലത്തില്‍ മുന്നേറാതെ വയ്യ യുഡിഎഫിന്; സാന്നിധ്യം ശക്തമാക്കാന്‍ ബിജെപി
കണ്ണൂരാൻ വാർത്ത
ജില്ലയിലെ സുപ്രധാന മണ്ഡലങ്ങളിലൊന്നായ മട്ടന്നൂര്‍ സംസ്ഥാനത്തെ സിപിഎമ്മിന്റെ ഏറ്റവും ശക്തമായ കോട്ടകളിലൊന്നാണ്. നാല് പതിറ്റാണ്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് ഭാഗങ്ങളായി കിടക്കുന്ന തെരഞ്ഞെടുപ്പ് ചരിത്രമാണ് മട്ടന്നൂരിന്റേത്. ഐക്യകേരളത്തിലെ ഒന്നും രണ്ടും തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇല്ലാതായ മണ്ഡലം 2008ലെ മണ്ഡലപുനര്‍നിര്‍ണ്ണയത്തിലൂടെയായിരുന്നു വീണ്ടും പുനര്‍ജനിച്ചത്. അതിനുശേഷം രണ്ട് തെരഞ്ഞെടുപ്പുകള്‍കൂടി പിന്നിട്ട മണ്ഡലത്തിലെ ആകെ നാല് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷമുന്നണി സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. രണ്ടാംവരവിന് ശേഷം മട്ടന്നൂരിനെ കഴിഞ്ഞ പത്തുവര്‍ഷക്കാലം പ്രതിനിധീകരിച്ചത് കണ്ണൂരിലെ പ്രമുഖ സിപിഐഎം നേതാവ് ഇ പി ജയരാജനായിരുന്നു.എന്നാല്‍ ഇത്തവണ സിപിഐഎമ്മിന്റെ രണ്ട് ടേം നിബന്ധനയില്‍ പ്രമുഖനേതാക്കളിലൊരാളായ ഇ പി പടിയിറങ്ങുമ്ബോള്‍ പകരം കോട്ട കാക്കാനെത്തുന്നത് പിണറായി വിജയന്‍ മന്ത്രിസഭയിലെ ജനകീയായ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ്. മറുപക്ഷത്ത് സിപിഐഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ ജന്മനാടായ മട്ടന്നൂര്‍ ഇത്തവണ യുഡിഎഫിനും പ്രധാനപ്പട്ട മണ്ഡലമാണ്. ഷുഹൈബിന്റെ കൊലപാതകം പ്രധാന പ്രചാരണായുധങ്ങളിലൊന്നാകുമെന്ന് നിരീക്ഷിക്കപ്പെട്ട മണ്ഡലം പക്ഷേ ആര്‍എസ്പിക്ക് വിട്ടുകൊടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും പത്തു ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രമായിരുന്നു നേടാനായിരുന്നത്.

കേരളാ നിയമസഭയിലേക്കുള്ള 1957-ലെ ആദ്യ തെരഞ്ഞെടുപ്പില്‍ നിന്ന് ആരംഭിക്കുന്നതാണ് മട്ടന്നൂരിന്റെ തെരഞ്ഞടുപ്പ് ചരിത്രമെങ്കിലും 2021 വരെയുള്ള കാലയളവില്‍ നാല് തെരഞ്ഞെടുപ്പുകള്‍ക്ക് മാത്രമാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. 1965-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന മണ്ഡലപുനര്‍നിര്‍ണ്ണയത്തില്‍ ഇല്ലാതായ മട്ടന്നൂര്‍ മണ്ഡലം അതിനുമുന്‍പ് നടന്ന ഐക്യകേരളത്തിലെ ഒന്നും രണ്ടും തെരഞ്ഞെടുപ്പുകളില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍ ഇ ബാലറാമിനെയായിരുന്നു നിയമസഭയിലേക്ക് തെരഞ്ഞെടുത്തത്. 1957- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കുഞ്ഞിരാമന്‍ നായരെ 10457 വോട്ടുകള്‍ക്കും 1960-ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി അച്യൂതനെ 85 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനും
പരാജയപ്പെടുത്തിയായിരുന്നു ആ വിജയങ്ങള്‍. എന്നാല്‍ 1965-ല്‍ മണ്ഡലത്തിന്റെ പലഭാഗങ്ങള്‍ കൂത്തുപറമ്ബ്, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലേക്ക് ചേര്‍ക്കപ്പെടുകയും മട്ടന്നൂര്‍ ഇല്ലാതാകുകയും ചെയ്തു. 2008-ലെ പുനര്‍നിര്‍ണ്ണയം വരെ ഈ മണ്ഡലങ്ങളിലായി ചിതറിക്കിടന്ന മട്ടന്നൂര്‍ പിന്നീട് നാല് പതിറ്റാണ്ടിനുശേഷമാണ് പിന്നീട് രൂപീകരിക്കപ്പെടുന്നത്.

അതിനുശേഷം, 2011-ലും 2016-ലുമായി രണ്ട് തെരഞ്ഞെടുപ്പുകളാണ് മണ്ഡലം പിന്നിട്ടത്. രണ്ടിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്തള്ളി വിജയിച്ച സിപിഎം കേന്ദ്ര കമ്മറ്റി അംഗവും കണ്ണൂരിലെ പ്രമുഖനുമായ ഇ പി ജയരാജനാണ് മട്ടന്നൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്. 2011-ല്‍ ജനതാദളിന്റെ ജോസഫ് ചാവറയെ 30512 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പിന്തള്ളിയായിരുന്നു ആദ്യ ജയം. തെരഞ്ഞെടുപ്പില്‍ ഇ പി ജയരാജന് 75177 വോട്ടുകളും ജോസഫ് ചാവറക്ക് 44665 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി ബിജു എളക്കുഴിക്ക 8707 വോട്ടുകളുമാണ് നേടാനായിരുന്നത്. 2016-ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മും ബിജെപിയും 2011-ലെ സ്ഥാനാര്‍ത്ഥികളെ തന്നെ രണ്ടാമങ്കത്തിനിറക്കിയപ്പോല്‍ യുഡിഎഫ് മുന്നണിയില്‍ നിന്ന് ജനതാദള്‍ സ്ഥാനാര്‍ത്ഥിയായത് കെ പി പ്രശാന്തായിരുന്നു. അത്തവണയും ഇ പി ജയരാജന്‍ വിജയമാവര്‍ത്തിച്ചപ്പോള്‍ 43381 വോട്ടുകളായിരുന്നു ഭൂരിപക്ഷം. ഇ പി 84030 വോട്ടുകളും പ്രധാന എതിരാളിയായ കെ പി പ്രശാന്ത് 40649 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ബിജു ഇളക്കുഴി 18620 വോട്ടുകളുമായിരുന്നു അത്തവണ മണ്ഡലത്തില്‍ പിടിച്ചത്. 2016-ല്‍ മട്ടന്നൂര്‍ എംഎല്‍എയായി നിയമസഭയിലെത്തിയ ഇ പി ജയരാജന്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായം, കായികം വകുപ്പുകളുടെ ചുമതല വഹിച്ച്‌ മന്ത്രിസഭയുടെ ഭാഗമായി.

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്ബ്, കീഴല്ലൂര്‍, കൂടാളി, മാലൂര്‍, മാങ്ങാട്ടിടം, കോളയാട്, തില്ലങ്കേരി പഞ്ചായത്തുകളും തളിപ്പറമ്ബ് താലൂക്കിലെ പടിയൂര്‍കല്യാട് പഞ്ചായത്തും, മട്ടന്നൂര്‍ നഗരസഭയും ചേര്‍ന്നതാണ് മട്ടന്നൂര്‍ നിയമസഭാമണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലും മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഇടതുപക്ഷമുന്നണിയായിരുന്നു മുന്നിട്ടുനിന്നത്. കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ മട്ടന്നൂര്‍ 2019-ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലും സിപിഐഎമ്മിനോപ്പമായിരുന്നു. യുഡിഎഫ് തൂത്തുവാരിയ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ എംപി സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെങ്കിലും ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീമതി ടീച്ചര്‍ക്ക് 7488 വോട്ടുകളുടെ ഭൂരിപക്ഷം മണ്ഡലത്തിലുണ്ടായിരുന്നു.

മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതതന്നെ ശൈലജ ടീച്ചറുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായിരുന്നെങ്കിലും ഇ പിയെ പോലെയുള്ള ഒരു പ്രമുഖ നേതാവിനെ ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രവചിക്കാനെളുപ്പമല്ലാത്തതിനാല്‍ ഔദ്യോഗിക പ്രഖ്യാപനത്തിലാണ് ശൈലജ ടീച്ചറുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. പി ജയരാജനും തെരഞ്ഞെടുപ്പ് കളത്തില് നിന്ന് മാറി നിന്ന് മത്സരിക്കുന്ന പശ്ചാത്തലത്തില്‍ ഇ പി ജയരാജന് ഇളവ് ലഭിക്കുമെന്നും എന്നാലിത്തവണ മട്ടന്നൂരിന് പകരം കല്യാശ്ശേരിയില്‍ നിന്നായിരിക്കും അദ്ദേഹം ജനവിധി തേടിയേക്കുമെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ആ നീക്കത്തെ മണ്ഡലം കമ്മിറ്റികളും അനുകൂലിച്ചെങ്കിലും മട്ടന്നൂരല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്നായിരുന്നു ഇ പിയുടെ ഉറച്ച നിലപാട്. ഈ സാഹചര്യത്തില്‍ ഇ പി ജയരാജനെ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

അതേസമയം, ഇ പി ജയരാജനെ മത്സരംഗത്തുനിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ വരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ഇ പി ജയരാജനടക്കമുള്ള പ്രമുഖരെ ഒഴിവാക്കിയക്കൊണ്ടുള്ള സ്ഥാനാര്‍ത്ഥി പട്ടിക ദുര്‍ബലമാണെന്നുന്നയിച്ചായിരുന്നു വിമര്‍ശം. ഇ പിയെ മട്ടന്നൂര്‍ തന്നെ മത്സരിപ്പിച്ച്‌ കെ കെ ശൈലജയെ പേരാവൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്കണമെന്ന് ഒരു വിഭാഗം നിര്‍ദ്ദേശിച്ചെങ്കിലും 2011-ല്‍ പരാജയപ്പെട്ട മണ്ഡലത്തില്‍ വീണ്ടുമൊരങ്കത്തിനിറങ്ങാന്‍ മന്ത്രി താത്പര്യമില്ലെന്നായിരുന്നു വിവരം. 1996-ല്‍ കൂത്തുപറമ്ബില്‍നിന്ന് 18993 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ എം പി കൃഷ്ണന്‍ നായരെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തിയ കെ കെ ശൈലജ, 2006-ല്‍ പേരാവൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രെ. എ ഡി മുസ്തഫ പ്രധാന എതിരാളിയായ തെരഞ്ഞെടുപ്പില്‍ 9099 വോട്ടുകളായിരുന്നു ശൈലജ ടീച്ചറുടെ ഭൂരിപക്ഷം.

ഇത്തവണ മുന്നണി ധാരണ പ്രകാരം കൂത്തുപറമ്ബ് മണ്ഡലം എല്‍ജെഡി സ്ഥാനാര്‍ത്ഥിയായ കെ പി മോഹനന് വിട്ടു കൊടുക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ മട്ടന്നൂരേക്ക് മാറുന്നത്. നിപ മുതല്‍ കൊവിഡ് വരെയുള്ള ആരോഗ്യരംഗത്തെ വെല്ലുവിളികളെ ഫലപ്രദമായി നേരിട്ട ആരോഗ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ജനപ്രീതി വര്‍ദ്ധിപ്പിച്ച ശൈലജ ടീച്ചറെ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലേക്ക് പരിഗണിച്ചിരുന്നെങ്കിലും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കൂടി സജീവമാകുന്നതിനാണ് മന്ത്രിക്ക് വേണ്ടി ജില്ലാ സെക്രട്ടേറിയേറ്റ് സുരക്ഷിത മണ്ഡലം നിര്‍ദ്ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011-ല്‍ പോരാവൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സണ്ണി ജോസഫിനോട് 3440 വോട്ടുകള്‍ക്ക് പരാജയപ്പെട്ടതിനുശേഷമായിരുന്നു 2016-ല്‍ കൂത്തുപറമ്ബില്‍ നിന്ന് വിജയിച്ച്‌ കെ കെ ശൈലജ മന്ത്രിപദത്തിലെത്തിയത്.

യുഡിഎഫില്‍ ഇത്തവണ കോണ്‍ഗ്രസ് രക്ഷസാക്ഷിയായ ഷുഹൈബിന്റെ മണ്ഡലമായ മട്ടന്നൂരില്‍ ഷുഹൈബിന്റെ ബന്ധുക്കളിലാരെയെങ്കിലുമായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുകയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഘടകക്ഷിയായ ആര്‍എസ്പിക്ക് സീറ്റു വിട്ടുകൊടുക്കുന്ന നടപടിയായിരുന്നു കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്. 2016-ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി മത്സരിച്ച കയ്പമംഗലവുമായി മട്ടന്നൂര്‍ വെച്ചുമാറിയ ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ശക്തമായി പ്രതിഷേധിക്കുകയും മട്ടന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേണമെന്ന് നിലപാടെടുക്കുകയും ചെയ്തു.

മട്ടന്നൂര്‍ ആര്‍എസ്പിക്ക് നല്‍കിയതില്‍ ഡിസിസി നേതൃത്വവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ അടക്കമുള്ളവരും സംസ്ഥാന നേതൃത്വത്തോട് എതിര്‍പ്പറിയിച്ചിരുന്നു. മണ്ഡലം കൈമാറ്റം ചെയ്യുന്നതു സംബന്ധിച്ച തീരുമാനം ഏകപക്ഷീയമാണെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായ തന്നെ പോലും കണ്ണൂര്‍ ജില്ലയിലെ കാര്യങ്ങള്‍ അറിയിച്ചില്ലെന്നും കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയുള്ള ഇത്തരം നടപടികള്‍ ജില്ലയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കുമെന്നുമായിരുന്നു കെ സുധാകരന്റെ വിമര്‍ശനം. മണ്ഡലം ആര്‍എസ്പിക്ക് നല്‍കിയ തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രക്തസാക്ഷി ഷുഹൈബിന്റെ മണ്ഡലം പാര്‍ട്ടി ഏറ്റെടുക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തിയും സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചാരണമുണ്ടായിരുന്നു. അതേസമയം അതേസമയം, 44 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ ഒരു സീറ്റുലഭിക്കുന്ന ആര്‍എസ്പി മട്ടന്നൂരില്‍ കെ കെ ശൈലജയ്‌ക്കെതിരെ ആര്‍എസ്പി കേന്ദ്ര കമ്മിറ്റി അംഗവും, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ഇല്ലിക്കല്‍ അഗസ്റ്റിയെയാണ് സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കുന്നത്.

2011-ലും 16-ലും ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയ ബിജെപി യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴി തന്നെയാണ് 2021 -ലും മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി, മണ്ഡലം പ്രസിഡന്റ്, മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത