'ഈ പുലി ഉള്ള ധൈര്യത്തില്‍ ഞാന്‍ ഉറപ്പിച്ചു' ; പ്രീസ്റ്റ് തിയേറ്റര്‍ റിലീസ് തീരുമാനം മമ്മൂട്ടിയുടേതെന്ന് ആന്റോ ജോസഫ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

'ഈ പുലി ഉള്ള ധൈര്യത്തില്‍ ഞാന്‍ ഉറപ്പിച്ചു' ; പ്രീസ്റ്റ് തിയേറ്റര്‍ റിലീസ് തീരുമാനം മമ്മൂട്ടിയുടേതെന്ന് ആന്റോ ജോസഫ്

കൊവിഡ് മൂലമുണ്ടായ തിയേറ്റര്‍ പ്രതിസന്ധികള്‍ കാരണം ദി പ്രീസ്റ്റ് ഒടിടി റിലീസിനെ കുറിച്ച്‌ ചിന്തിച്ചിരുന്നുവെന്നും എന്നാല്‍ മമ്മൂട്ടി നല്‍കിയ ധൈര്യമാണ് ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ കാരണമായതെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ്. ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഷെയര്‍ തല്‍കാലം പുറത്തുവിടുന്നില്ലെന്നും എന്നാല്‍ കൊവിഡിന് മുന്‍പ് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദി പ്രീസ്റ്റിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിലാണ് ആന്റോ ജോസഫ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഒടിടിയില്‍ നിന്നും വളരെ മികച്ച ഓഫറുകള്‍ വന്നപ്പോള്‍ ഞാന്‍ മമ്മുക്കയോട് ചോദിച്ചു മമ്മുക്ക നമ്മള്‍ക്കു ആലോചിച്ചാലോ നിനക്ക് ടെന്‍ഷന്‍ ഉണ്ടേല്‍ ആലോചിക്ക്. പക്ഷെ നമ്മള്‍ ചെയ്യുന്നത് ശരിയാണോ ആന്റോ എന്ന് ചോദിക്കും.

'മമ്മൂക്ക പറയും നമ്മളെ പോലെ അല്ല ആന്റോ സാധാരണ സിനിമ വ്യവസായത്തില്‍ ഉള്‍പ്പെടുന്ന തൊഴിലാളികളുടെ അവസ്ഥ. പോസ്റ്റര്‍ ഒട്ടിക്കുന്നവരുണ്ട്, ക്യാന്റീന്‍കാരുണ്ട് എന്തിനു ഓട്ടോ ഡ്രൈവേഴ്സിന് വരെ ഒരു പടം കഴിഞ്ഞാല്‍ ഓട്ടം കിട്ടുന്നതല്ലേ ഏറ്റവും വലിയ കാര്യം. അവന്റെ ആദ്യത്തെ പടമല്ലേ അവനു ആഗ്രഹം കാണില്ലേ ജനങ്ങളെ തിയേറ്ററില്‍ കാണിക്കണം എന്ന് സിനിമകള്‍ ലൈവ് ആകുന്ന ഒരു കാലം വരും ആന്റോ. നീ ടെന്‍ഷന്‍ അടിക്കേണ്ട, നിന്റെ കൂടെ ഞാനില്ലേ. അങ്ങനെ ഈ പുലി ഉള്ള ധൈര്യത്തില്‍ ഞാന്‍ ഉറപ്പിച്ചു. തിയേറ്റര്‍ റിലീസ് മതി എന്ന്', അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ തല്‍കാലം പുറത്തുവിടുന്നില്ല എന്ന് അദ്ദേഹം അറിയിച്ചു. 'ഷെയറിന്റെ കാര്യം നോക്കിയാല്‍.. പലരും എഴുതി വിടാറുണ്ട് മൂന്ന് കോടി നാല് കോടി എന്നൊക്കെ.. ഞാന്‍ അങ്ങനെ ഉദ്ദേശിക്കുന്നില്ല. ഒരു കാര്യം മാത്രം പറയാം, കൊവിഡിന് മുന്‍പ് കിട്ടുന്ന കളക്ഷനെക്കാള്‍ കൂടുതല്‍ കളക്ഷന്‍ ഇന്നലെ ലഭിച്ചിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യദിനം പിന്നിടുമ്ബോള്‍ ദി പ്രീസ്റ്റിന്റെ പ്രേക്ഷക പ്രതികരണങ്ങള്‍ സമൂഹമാധ്യമത്തില്‍ നിറയുകയാണ്. ചിത്രം ഒരു മികച്ച ത്രില്ലറാണെന്നാണ് പൊതുവെ ഉള്ള അഭിപ്രായം. സിനിമ ഉടനീളം ഹൊറര്‍ ത്രില്ലറിന്റെ സ്വഭാവം കാണിച്ച്‌ തന്നെയാണ് പോകുന്നതെന്നാണ് മിക്കവരുടെയും പ്രതികരണം. ജൊഫിന്‍ ടി ചാക്കോയുടെ മികച്ച സംവിധാനത്തില്‍ മലയാളത്തില്‍ ഇന്ന് വരെ കാണാത്ത ഹൊറര്‍ ത്രില്ലറായി ദി പ്രീസ്റ്റ് മാറിയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

മമ്മൂട്ടിയുടെയും ബേബി മോണിക്കയുടേയും അഭിനയത്തെ കുറിച്ചും മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുന്നത്. സംവിധാനം, പശ്ചാത്തല സംഗീതം, ഗാനങ്ങള്‍, ക്യാമറ എന്നീ കാര്യങ്ങളില്‍ ചിത്രം മികച്ചു നില്‍ക്കുന്നു എന്നാണ് പൊതുവെ ലഭിക്കുന്ന പ്രതികരണങ്ങള്‍.

കേരളത്തില്‍ സെക്കന്റ് ഷോ അനിശ്ചിതത്വത്തിന് ശേഷം ആദ്യം റിലീസ് ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. കൊവിഡ് പശ്ചാത്തലത്തില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണി വരെയായിരുന്നു തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനം അനുവദിച്ചിരുന്നത്. അതിനാല്‍ ഫെബ്രുവരി 4ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റി വെക്കുകയായിരുന്നു. ഫിലിം ചേമ്ബര്‍ ചര്‍ച്ചകള്‍ നടത്തിയിങ്കെലും മാര്‍ച്ച്‌ ആദ്യവാരം തന്നെ സര്‍ക്കാര്‍ സെക്കന്റ് ഷോക്ക് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് സര്‍ക്കാറുമായുള്ള നിരന്തര ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സെക്കന്റ് ഷോയ്ക്ക് അനുമതി ലഭിക്കുന്നത്.

രണ്ട് തവണയാണ് ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റിവെച്ചിരുന്നത്. ഫെബ്രുവരി 4ല്‍ നിന്ന് മാര്‍ച്ച്‌ 4ലേക്ക് മാറ്റിയ ചിത്രം സെക്കന്റ് ഷോയുടെ കാര്യത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് വീണ്ടും റിലീസ് മാറ്റുകയായിരുന്നു. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ന് ദി പ്രീസ്റ്റ് തിയറ്ററിലെത്തുമ്ബേള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീന്‍ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്ബനിയും, ജോസഫ് ഫിലീം കമ്ബനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഫാദര്‍ ബെനഡിക്ക്റ്റ് എന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. കുറ്റാന്വേഷണ സിനിമകള്‍ ഇതിന് മുമ്ബും മമ്മൂട്ടി ചെയ്തിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രമാണ് ദി പ്രീസ്റ്റിലേത്. ജനുവരിയിലാണ് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ടീസര്‍ യൂട്യൂബില്‍ ട്രെന്റിങ്ങാവുകയും ചെയ്തിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog