ആദിവാസി കുടുംബത്തിനെതിരായ ആ​ര്‍.എസ്​.എസ്​ ആക്രമണം; കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌​ ആയിരക്കണക്കിന്​ സ്​ത്രീകള്‍ മാര്‍ച്ച്‌​ നടത്തി
കണ്ണൂരാൻ വാർത്ത
ബര്‍വാനി​/മധ്യപ്രദേശ്​: ആദിവാസി കുടുംബത്തിലേക്ക്​ അതിക്രമിച്ച്‌​ കയറി ഗര്‍ഭിണിയെ ഉള്‍പ്പടെ ആക്രമിച്ച ആര്‍.എസ്​.എസുകാര്‍ക്കെതിരേ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌​ ആയിരങ്ങള്‍ മാര്‍ച്ച്‌​ നടത്തി. 2020 ഡിസംബര്‍ 31ന് നടന്ന ആക്രമണത്തില്‍ ഇതുവരേയും എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്​തിട്ടില്ലെന്ന്​ പ്രതിഷേധക്കാര്‍ പറയുന്നു. ആര്‍‌.എസ്‌.എസ് അംഗങ്ങള്‍ക്കെതിരെ മധ്യപ്രദേശ് പോലീസ് കേസ് ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയ്സ്, ജാഡ്സ്, ഭീം ആര്‍മി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്ന ആദിവാസി സ്ത്രീകള്‍ ഉള്‍പ്പടെ ബര്‍വാനിയില്‍ പ്രതിഷേധിച്ചത്​.

ഡിസംബര്‍ 31ന് ആര്‍‌.എസ്‌.എസ് അംഗങ്ങള്‍ ആദിവാസി കുടുംബത്തെ വീട്ടില്‍കയറി ആക്രമിക്കുകയും ഗര്‍ഭിണിയെ പിടിച്ചുതള്ളുകയും തറയിലിട്ട്​ മര്‍ദിക്കുകയും ചെയ്​തിരുന്നു.എട്ട്​ മാസം ഗര്‍ഭിണിയായിരുന്ന ഇവരുടെ ഗര്‍ഭം ആക്രമണം കാരണം അലസിപ്പോയതായും കാരവന്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലെ ദേവാഡ ഗ്രാമത്തില്‍ സര്‍ദാര്‍ വാസ്‌കലെയുടെ വീടിനുനേരേയാണ്​ ആക്രമണം ഉണ്ടായത്​. അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാന്‍ അന്നേദിവസം അവിടെ എത്തിയിരുന്നു.

ഡിസംബര്‍ 31ന് ഉച്ചകഴിഞ്ഞ് രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ട 25-30പേര്‍ വാസ്‌കലെയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അവരെ അധിക്ഷേപിക്കുകയും അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ഭിലാല ആദിവാസി വിഭാഗത്തില്‍പെട്ട വാസ്‌കലെയും കുടുംബവും മതപരിവര്‍ത്തന പരിപാടി സംഘടിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു ആര്‍.എസ്​.എസ്​ ആക്രമണം. വാസ്‌കലെയും അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. എന്നാല്‍ അന്ന്​ തന്‍റെ വീട്ടില്‍ മതപരിവര്‍ത്തന പരിപാടികളൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ന്യൂ ഇയര്‍ ആഘോഷിക്കാനായിരുന്നു ബന്ധുക്കള്‍ എത്തിയതെന്നും അദ്ദേഹം കാരവനോട്​ പറഞ്ഞു.

ആക്രമണത്തില്‍ ആര്‍‌എസ്‌എസ് അംഗങ്ങള്‍ 25 വയസുള്ള ഗര്‍ഭിണിയായ ലീല ബായിയെ തള്ളിയിട്ടുവെന്നും വീഴ്ചയുടെ ആഘാതത്തില്‍ അതേ ദിവസം തന്നെ കുഞ്ഞ് മരിച്ചുവെന്നും വാസ്‌കലെ പറഞ്ഞു. ലീല ബായിയുടെ ഭര്‍ത്താവ് രാകേഷ് അലാവെ തിക്രി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിരവധി ആളുകളുടെ സാക്ഷി മൊഴികള്‍ പോലീസ് ശേഖരിച്ചുവെങ്കിലും കേസെടുക്കാന്‍ തയ്യാറായിട്ടി​ല്ലെന്നും ആരോപണമുണ്ട്​. വാസ്‌കലെ മറ്റുള്ളവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന ആക്രമണകാരികളുടെ ആരോപണങ്ങളാണ്​ പൊലീസ്​ മുഖവിലക്കെടുത്തതെന്ന്​ പ്രതിഷേധക്കാര്‍ പറയുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത