എന്താണ് വാക്‌സിന്‍ പാസ്‌പോര്‍ട്ട് ? അറിയേണ്ടതെല്ലാം
കണ്ണൂരാൻ വാർത്ത
ന്യൂയോര്‍ക്ക്: കോവിഡ് വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. കോവിഡ് വ്യാപനത്തെ എങ്ങനെ പ്രതിരോധിക്കാമെന്നാണ് ലോകരാഷ്ട്രങ്ങള്‍ ചിന്തിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടിന് പ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അമേരിക്കയില്‍ ഉള്‍പ്പെടെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അമേരിക്ക വാക്‌സിന്‍ പാസ്‌പോര്‍ട്ടിന്റെ കാര്യങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്നാണ് ലോകരാജ്യങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

ഈ വേനല്‍കാലത്ത് രാജ്യം പഴയനിലയില്‍ എത്തുമെന്നാണ് അമേരിക്കന്‍ ജനതയ്ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.ഇതില്‍ വാക്സിന്‍ പാസ്പോര്‍ട്ട് നിര്‍ണായക ഘടകമാകുമെന്ന് ഉറപ്പാണ്. കോവിഡിനെതിരെ യാത്രക്കാരന് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ സുരക്ഷിതമാണെന്നതിനുള്ള തെളിവാണ് കോവിഡ് വാക്‌സിന്‍ പാസ്‌പോര്‍ട്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കായും മറ്റും രാജ്യത്തേക്ക് വരുന്നവര്‍ കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ അവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം ലഭിക്കൂവെന്നതാണ് അമേരിക്കന്‍ ഭരണകൂടം വാക്സിന്‍ പാസ്പോര്‍ട്ടിലൂടെ ലക്ഷ്യമിടുന്നത്.

കോവിഡ് മഹാമാരിക്ക് മുമ്ബുതന്നെ നിരവധി രാജ്യങ്ങള്‍ വിവിധ വാക്സിനേഷനുകളുടെ തെളിവ് ആവശ്യപ്പെട്ടിട്ടുണ്ട്. പല ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലേക്കോ ഇന്ത്യയിലേക്കോ ഉള്ള യാത്രക്കാര്‍ മഞ്ഞപ്പനി പോലുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തിയതായി തെളിവ് സമര്‍പ്പിക്കേണ്ടതുണ്ട്. പാസ്‌പോര്‍ട്ടുകളില്‍ നിന്നാണ് പേര് വന്നതെങ്കിലും പല വാക്സിന്‍ പാസ്‌പോര്‍ട്ടുകളും ഡിജിറ്റല്‍ രേഖകളായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ചില രാജ്യങ്ങള്‍ ക്വാറന്റെയ്ന്‍ മാനദണ്ഡങ്ങള്‍ മറികടക്കാന്‍ വാക്സിനേഷന്റെ തെളിവുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയപ്പോഴാണ് വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടിന്റെ പ്രധാന്യത്തെക്കുറിച്ച്‌ ലോകരാജ്യങ്ങള്‍ ചിന്തിക്കാന്‍ ആരംഭിച്ചത്.

ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ലണ്ടന്‍, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്ന് യുണൈറ്റഡ്, ജെറ്റ്ബ്ലൂ, ലുഫ്താന്‍സ, സ്വിസ് ഇന്റര്‍നാഷണല്‍, വിര്‍ജിന്‍ അറ്റ്‌ലാന്റിക് എന്നിവയുടെ തെരഞ്ഞെടുത്ത വിമാനങ്ങളില്‍ പരിശോധനയ്ക്കായി യാത്രക്കാര്‍ കോമണ്‍പാസ് ഉപയോഗിക്കുന്നുണ്ട്. അതിനു മുന്‍പ് ലണ്ടന്‍, ന്യൂയോര്‍ക്ക്, ഹോങ്കോങ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളില്‍ പരിശോധന ട്രയലുകള്‍ നടത്തിയിരുന്നു. വളരെ ലളിതമായി സ്മാര്‍ട്ട്ഫോണില്‍ വരെ ലഭിക്കുന്ന രീതിയില്‍ ഡിജിറ്റല്‍ രേഖയായി വാക്സിന്‍ പാസ്പോര്‍ട്ട് ലഭ്യമാക്കും. ഇത് പ്രന്റ്‌ഔട്ട് എടുത്ത് വിമാനയാത്രക്കിടെ ബോഡി പാസ് പോലെ ഉപയോഗിക്കാം. ഇത്തരത്തില്‍ ശേഖരിക്കുന്ന രേഖകള്‍ ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കുക എന്നതാണ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുള്ള വെല്ലുവിളി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത