ചെന്നിത്തലയുടെ ഹര്‍ജിയില്‍ വിധി ബുധനാഴ്ച - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 30 March 2021

ചെന്നിത്തലയുടെ ഹര്‍ജിയില്‍ വിധി ബുധനാഴ്ച

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ പേരുകള്‍ വ്യാജമായി ചേര്‍ത്തതു നീക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ബുധനാഴ്ച വിധി പ്രസ്താവിക്കും. വോട്ടര്‍ പട്ടികയില്‍ പിഴവുണ്ടെന്നു വ്യക്തമാണെന്നും ആരും ഇരട്ട വോട്ട് ചെയ്യുന്നില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

38,586 ഇരട്ട വോട്ടുകളാണുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. ബിഎല്‍ഒമാരുടെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇരട്ട വോട്ടുള്ളവരുടെ വിശദാംശങ്ങള്‍ ബിഎല്‍ഒമാര്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും.തെരഞ്ഞെടുപ്പ് സംശുദ്ധി കാത്ത് സൂക്ഷിക്കാന്‍ കമ്മീഷന് ബാധ്യതയുണ്ടെന്നും നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തുമെന്നും വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍ പട്ടികയില്‍ ഇനി മാറ്റം സാധ്യമല്ലെന്നും കോടതിയെ അറിയിച്ചു.

ഇരട്ടവോട്ട് തടയാന്‍ പ്രതിപക്ഷ നേതാവും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ചിരുന്നു. നാലിന മാര്‍ഗ നിര്‍ദേശങ്ങളാണ് അദ്ദേഹം ഹൈക്കോടതിയുടെ മുന്നില്‍ വച്ചത്. ഒന്നിലധികം വോട്ടുള്ളവര്‍ ഏത് ബൂത്തില്‍ ആണ് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ബിഎല്‍ഒമാര്‍ മുന്‍കൂര്‍ രേഖാമൂലം എഴുതി വാങ്ങണം .ഇതിന്റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും തെരഞ്ഞെടുപ്പിന് മുന്‍പേ കൈമാറണം.

ഇരട്ടവോട്ട് ഉള്ളവര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇവരുടെ ഫോട്ടോ എടുത്തു തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെര്‍വറില്‍ അപ്ലോഡ് ചെയ്യണം. തെരഞ്ഞെടുപ്പിനുശേഷം ഇരട്ടവോട്ട് നടന്നിട്ടില്ല എന്ന് ഉറപ്പാക്കാന്‍ വോട്ടര്‍മാരുടെ ഫോട്ടോകള്‍ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പരിശോധിക്കണമെന്നും എന്നീ നിര്‍ദേശങ്ങളാണ് നിര്‍ദേശമാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ അറിയിച്ചത്.

വോട്ടര്‍പട്ടികയില്‍ 3.24 ലക്ഷം ഇരട്ടവോട്ടുകളും 1.09 ലക്ഷം വ്യാജവോട്ടുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാരോപിച്ചാണ് ചെന്നിത്തല ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷനു പലതവണ പരാതി നല്‍കിയിട്ടും മറുപടി ലഭിച്ചില്ലെന്നും ആരോപിച്ചിരുന്നു.

വോട്ടര്‍പട്ടികയില്‍ ഒരാളുടെ പേരു പലതവണ ചേര്‍ക്കുന്നത് ഇരട്ട വോട്ടു ചെയ്യാന്‍ അവസരമൊരുക്കുമെന്നും നിയമപ്രകാരം ഇത് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog