ലീഗിന്‍റെ ഉരുക്കുകോട്ട ഇത്തവണ തകര്‍ക്കുമെന്ന് ബിജെപി; കാസര്‍കോട് തീപാറും പോരാട്ടം
കണ്ണൂരാൻ വാർത്ത
കാസര്‍കോട്: കഴിഞ്ഞ 44 വ‍ര്‍ഷമായി മുസ്ലീലീഗ് ജയിക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇത്തവണ താമര വിരിയുമെന്ന് ബിജെപി. ക്രിസ്ത്യന്‍ വിഭാഗത്തിന്റേതടക്കം ന്യൂനപക്ഷ വോട്ടുകള്‍ കിട്ടുമെന്നും മൂന്നാം തവണയും മത്സരിക്കുന്ന എന്‍.എ നെല്ലിക്കുന്നിനെതിരെ ശക്തമായ ജനവികാരമുണ്ടെന്നും ബിജെപി സ്ഥാനാര്‍ത്ഥി കെ.ശ്രീകാന്ത് പറയുന്നു. അതേസമയം പ്രചാരണത്തില്‍ ഓരോ ദിവസം കഴിയും തോറും ജനപിന്തുണ കൂടുകയാണെന്നാണ് എന്‍.എ നെല്ലിക്കുന്നന്‍റെ പ്രതികരണം.

മുസ്ലീംലീഗിന്‍റെ ഉരുക്കുകോട്ട ഇത്തവണ തകര്‍ക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. 39 വര്‍ഷമായി രണ്ടാം സ്ഥാനത്തുണ്ട് ബിജെപി. വോട്ട് വര്‍ധനയും 2001ന് ശേഷം തുടര്‍ച്ചയായി ലീഗിന്‍റെ ഭൂരിപക്ഷം കുറയുന്നതുമാണ് പ്രതീക്ഷ.മൂവായിരത്തോളം വരുന്ന ക്രിസ്ത്യന്‍ വോട്ടുകളും മുസ്ലീംവോട്ടില്‍ ഒരു ചെറിയ ശതമാനവും പെട്ടിയാലാകുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ.ശ്രീകാന്ത് പറഞ്ഞു.

മൂന്നാംതവണയും എന്‍.എ നെല്ലിക്കുന്ന് മത്സരിക്കുന്നതില്‍ മുസ്ലീംലീഗിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടിയില്‍ ഒരു പ്രശ്നവുമില്ലെന്നാണ് നെല്ലിക്കുന്നിന്റെ പ്രതിരണം. ബാവിക്കര തടയണ ഉദുമമണ്ഡലത്തിലാണെങ്കിലും ഇരുപത്തഞ്ച് വര്‍ഷത്തിലധികാമായുള്ള കാസര്‍കോട്ടെ കുടിവെള്ള പ്രശ്നം പരിഹരിച്ച പദ്ധതിക്കായി നിരന്തരം നിയമസഭയില്‍ ഇടപെട്ടത് താനാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും പദ്ധതി നടപ്പായതോടെ വലിയ പിന്തുണ കിട്ടുമെന്നും എന്‍എ നെല്ലിക്കുന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഏറെ പിറകിലാണെങ്കിലും ഇത്തവണ കരുത്തുകാട്ടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎ ലത്തീഫ് പറഞ്ഞു. ലീഗ് വോട്ടില്‍ വിള്ളല്‍ വീഴുമോ എന്നത് തന്നെയാണ് കാസര്‍കോട്ടെ ആകാംക്ഷ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത