ജുഡീഷ്യൽ അന്വേഷണത്തിൽ അസ്വസ്ഥതയെന്തിന്‌; ബിജെപി നേതാക്കളേക്കാള്‍ മുമ്പെ പ്രതിപക്ഷനേതാവ് രംഗത്തുവരുന്നതെന്തിന്: മുഖ്യമന്ത്രി
കണ്ണൂരാൻ വാർത്ത
കൊച്ചി > കേന്ദ്ര അന്വേഷണ ഏജൻസിയിലെ ചില ഉദ്യോഗസ്ഥർ  നിയമം ലംഘിച്ച്‌ ക്രിമിനൽ കുറ്റവാസനയോടെ നടത്തിയ നീക്കങ്ങളെക്കുറിച്ച്‌ അന്വേഷിക്കുമ്പോൾ അതിനെതിരെ ബിജെപി നേതാക്കളേക്കാൾ മുമ്പെ പ്രതിപക്ഷനേതാവ്‌  രംഗത്തുവരുന്നത്‌ എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിനു പുറത്തേക്ക്‌ നീളുന്ന കോൺഗ്രസ്‌–-ബിജെപി ബന്ധത്തിന്റെ ഭാഗമാണ്‌ പ്രതിപക്ഷനേതാവിന്റെ അസ്വസ്ഥത. ഈ ഉദ്യോഗസ്ഥരെ‌ വിവരം നൽകി തെറ്റിദ്ധരിപ്പിച്ചതിൽ പ്രതിപക്ഷനേതാവിനും പങ്കുള്ളതുകൊണ്ടാണോ  അന്വേഷണത്തെ എതിർക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു. ചില ഉദ്യോഗസ്ഥർ തെറ്റായ കാര്യം പറയാൻ പ്രേരിപ്പിച്ചെന്ന പരാതിയെക്കുറിച്ച്‌ അന്വേഷിക്കുമ്പോൾ കേന്ദ്ര ഏജൻസിക്കെതിരാണ്‌‌ കരുതേണ്ടതില്ല. നയതന്ത്ര ബാഗേജിലല്ല സ്വർണം കടത്തിയതെന്ന്‌ കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞതിനെക്കുറിച്ചല്ല അന്വേഷണം. കേരളത്തിന്റെ വികസനപദ്ധതികൾക്ക്‌ പണം ലഭ്യമാക്കുന്ന കിഫ്‌ബിയെ കുടുക്കാനുള്ള പണി പ്രതിപക്ഷനേതാവ്‌ ഏറ്റെടുത്തിരിക്കുകയാണ്‌. വികസനപദ്ധതികൾ മുടക്കി കേരളത്തെ നശിപ്പിക്കാനുള്ള സംഘപരിവാറിന്റെ അതിമോഹത്തിന്‌ യുഡിഎഫ്‌ കൂട്ടുനിൽക്കുകയാണ്‌.   കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകർക്കാൻ ബിജെപിക്ക്‌ അവസരം നൽകുകയാണ്‌ യുഡിഎഫ്‌. നാടിനും നാട്ടുകാർക്കും ഗുണമുണ്ടാകുന്ന ഒരു കാര്യവും കേരളത്തിൽ നടക്കരുതെന്ന കാര്യത്തിൽ കോൺഗ്രസിനും  ബിജെപിക്കും ഒരേ വികാരമാണ്‌. പ്രതിപക്ഷം തുറന്നുകൊടുത്ത വാതിലിലൂടെയാണ്‌ കേന്ദ്ര ഏജൻസികൾ കേരളത്തിൽ നശീകരണപ്രവർത്തനം നടത്തുന്നത്‌.   യുഡിഎഫ്‌ നേതാക്കളുടെയും പ്രവർത്തകരുടെയും പേരിലാണ്‌ പലയിടത്തും ഇരട്ടവോട്ട്‌ ചേർത്തതെന്ന്‌ പ്രതിപക്ഷനേതാവിന്റെ പരാതിയെത്തുടർന്ന്‌ തെളിഞ്ഞു. വോട്ടർപട്ടികയുടെ ഉത്തരവാദിത്വമുള്ള തെരഞ്ഞെടുപ്പ്‌ കമീഷൻ എല്ലാകാലത്തും ഇതു പരിശോധിക്കാറുള്ളതാണ്‌. കള്ളവോട്ട്‌ ചെയ്യാൻ കൈയിലെ മഷി മായ്‌ക്കാനുള്ള രാസവസ്‌തു സിപിഐ എം വിതരണം ചെയ്യുന്നുവെന്ന ചെന്നിത്തലയുടെ ആരോപണം പരാജയം മനസ്സിലാക്കിയുള്ള  മുൻകൂർ ജാമ്യമെടുക്കലാണ്‌. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ‌ ഗൂഢാലോചന നടന്നോ എന്ന കാര്യം ജലവിഭവവകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി അന്വേഷിക്കുന്നുണ്ട്‌. ആ റിപ്പോർട്ട്‌ വന്നശേഷം അടുത്ത നടപടി ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത